കൊട്ടാരത്തിന് ബലം കിട്ടാൻ ഇരുപതുകാരിയെ നരബലി കഴിച്ചു; തെളിവുകൾ

humansacrifice-15
ചിത്രം ;ഗൂഗിൾ
SHARE

കൊട്ടാരത്തിന് ബലം കിട്ടാൻ ദക്ഷിണ കൊറിയയിലെ സില്ല രാജവംശം നരബലി കഴിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്. ഇന്ത്യയിലും ഇത്തരം അന്ധവിശ്വാസം പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. ബിസി 57 മുതൽ എഡി 935 വരെ കൊറിയ ഭരിച്ചിരുന്നവരാണ് സില്ല രാജവംശം. ലോകചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജവംശങ്ങളിലൊന്നാണിത്. രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഗ്യോങ്ജുവിലെ വോൽസിയോങ് പാലസ്. മൂൺ കാസിൽ എന്നും ഇതിനു പേരുണ്ട്. 

2017ൽ ഈ കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ചുമരിനു താഴെനിന്ന് രണ്ട് മൃതദേഹങ്ങൾ ലഭിച്ചു. ഒരു പുരുഷന്റേതും സ്ത്രീയുടേതുമായിരുന്നു അത്. ഇരുവർക്കും ഏകദേശം 50 വയസ്സ് പ്രായമെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. അവർക്കു സമീപത്തുനിന്ന് പലതരം മൃഗങ്ങളുടെയും അസ്ഥികൾ ലഭിച്ചിരുന്നു. അപ്പോഴൊന്നും അതൊരു നരബലിയുടെ സൂചനയായി ഗവേഷകർക്കു തോന്നിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ അവിടെ ഉദ്ഖനനം നടത്തിയ ഗവേഷകർക്ക് ഒരു അസ്ഥികൂടം കൂടി ലഭിച്ചു. നീളം കുറവായതിനാൽ ആദ്യം അതൊരു കുട്ടിയുടേതാണെന്നാണു കരുതിയത്. സ്ത്രീയാണോ പുരുഷനാണോ എന്നു തിരിച്ചറിയാനാകാത്ത വിധം അതിന്റെ ഇടുപ്പെല്ല് നശിച്ചിരുന്നു. 

അസ്ഥികൂടത്തിന്റെ പല്ലെടുത്ത് പഴക്കപ്പരിശോധന നടത്തി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടേതാണെന്നു തെളിഞ്ഞു. അവൾക്ക് ഏകദേശം 20 വയസ്സുണ്ടായിരുന്നു. നാലര അടിയായിരുന്നു അസ്ഥികൂടത്തിന്റെ നീളം. അതിനാലാണ് കുട്ടിയാണെന്ന് ആദ്യം കരുതിയിരുന്നത്. നേരത്തേ രണ്ടു പേരുടെ അസ്ഥികൂടം ലഭിച്ചതിന് രണ്ടടി മാറി മാത്രമായിരുന്നു ഇരുപതുകാരിയുടെ മൃതദേഹം. ഇവയ്ക്കു സമീപത്ത് യാതൊരു കേടുപാടുമില്ലാതെ ഒരു മൺകലവും ഉണ്ടായിരുന്നു. അതിനകത്ത് മറ്റൊരു ചെറിയ പാത്രവും. മദ്യത്തിനു സമാനമായ എന്തോ വസ്തുവിന്റെ അവശിഷ്ടങ്ങളും മൺകലത്തിനടിയിൽ കണ്ടെത്തി. ഇതാണ് നിർണായകമായത്.

ആകാശത്തേക്കു നോക്കിക്കിടക്കുന്ന നിലയിലായിരുന്നു മൂന്നു മൃതദേഹങ്ങളും. മരണവെപ്രാളമൊന്നും കാണിച്ചിട്ടില്ല. പെൺകുട്ടിയ്ക്കാകട്ടെ ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനർഥം അവൾ താഴ്‍‌ന്ന വിഭാഗത്തിൽപ്പെട്ടതാണെന്നായിരുന്നു. നാലാം നൂറ്റാണ്ടിലായിരുന്നു കൊട്ടാരത്തിന്റെ നിർമാണവും ആരംഭിച്ചത്. അതിനാൽ മൃഗങ്ങൾക്കൊപ്പം മനുഷ്യരെയും ബലി കഴിപ്പിച്ചതിന്റെ അടയാളമായിരിക്കാം പെൺകുട്ടിയുടെ മൃതദേഹമെന്നും ഗവേഷകർ പറയുന്നു. 

യുനെസ്കോ അംഗീകരിച്ച, ലോക പൈതൃക പദവി ലഭിച്ച ഇടമാണ് വോൽസിയോങ് പാലസ്. 2017ൽ ഇവിടെനിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. കൊറിയയിൽ വമ്പൻ കെട്ടിടങ്ങൾ നിർമിക്കുന്നതിനു മുൻപ് പെൺകുട്ടികളെ ബലി നൽകുന്നു എന്ന പേടിപ്പിക്കുന്ന ഒരു മിത്തും കാലങ്ങളായി പ്രചരിച്ചിരുന്നു. എന്നാൽ പുരാവസ്തു ഗവേഷകരുടെ പരിശോധനയിലാണ് ഇത് നാലാം നൂറ്റാണ്ടിലെയാണെന്നു തെളിഞ്ഞത്. കൊട്ടാരത്തിന് സമീപം കൂടുതൽ പരിശോധനകൾ നടത്തുകയാണ് ഗവേഷകർ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...