തനിയെ നീങ്ങുന്ന കസേര, കാറ്റടിക്കാതെ ആടുന്ന ബോർഡ്; 'പ്രേതശല്യം' സിസിടിവിയിൽ?

pubghost-14
SHARE

ഭൂതപ്രേതാദികളിലൊന്നും വിശ്വാസമില്ലെന്ന് പറഞ്ഞാലും എതിരെ കിടക്കുന്ന കസേര മറ്റൊരാൾ വന്നിരിക്കാതെ ചലിക്കാൻ തുടങ്ങിയാൽ ചിലർക്കെങ്കിലും പേടി വന്നക്കും. ഏയ് അത് ചുമ്മാ തോന്നിയതാണ് എന്ന് പറഞ്ഞ് ഭിത്തിയിലേക്ക് നോക്കുമ്പോൾ ചുമരിലെ ചിത്രം ഇളകി ആടാൻ കൂടി തുടങ്ങിയലോ! പ്രേത സിനിമയുടെ കഥ പോലെ തോന്നുന്നില്ലേ? സത്യത്തിൽ യുകെയിലെ കാർഡിഫിൽ നടന്നൊരു സംഭവമാണ് കേൾക്കുന്നവരെയെല്ലാം ആകെപ്പാടെ ആശയക്കുഴപ്പത്തിലാക്കുന്നത്. 

കാർഡിഫിലെ 'ദ് ലാൻസ്ഡൗൺ' എന്ന പബ്ബാണ് വാർത്തയിലെ താരം. പബ്ബിന്റെ ഉടമ ഹെയ്​ലി ജീവനക്കാരെ തേടുകയാണ്. വരുന്നവരെല്ലാം വന്ന സ്പീഡിൽ മടങ്ങി. കാരണം പ്രേതശല്യമാണെന്ന് പലരും പറഞ്ഞെങ്കിലും ഹെയ്​ലി വിശ്വസിച്ചില്ല. അങ്ങനെ ഇരിക്കെ ഹെയ്​ലി നോക്കുമ്പോഴും കസേര അതാ നീങ്ങുന്നു. ബോർഡ് കിടന്നാടുന്നു. ആരോടും പരാതി പറയാനില്ലാത്തതിനാൽ ഹെയ്​ലി ഉടൻ തന്നെ സിസിടിവി റെക്കോർഡ് പരിശോധിച്ചു. കസേര നീങ്ങുന്നത് വിഡിയോയിൽ കാണാം. ജൂലൈ 26നു വൈകിട്ട് ഏഴരയ്ക്കാണ് ഹെയ്‌ലിക്ക് അവസാനമായി ഈ പ്രേതാനുഭവമുണ്ടായത്. 

ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അവർ. അപ്പോഴുണ്ട് ദാ നീങ്ങുന്നു മുന്നിലെ കസേര. അതിനു സമീപത്തു നോക്കിയിട്ടും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല. കസേര നീങ്ങുന്ന ശബ്ദവും കേട്ടതാണ്. സമീപത്തു മാറിയിരുന്നിരുന്ന ഒന്നു രണ്ട് കസ്റ്റർമർമാരോടു ചോദിച്ചപ്പോൾ അവരും ചെറുതായി ശബ്ദം കേട്ടതായി പറഞ്ഞു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴുണ്ട് സംഗതി കൃത്യമായി പതിഞ്ഞിരിക്കുന്നു!

എല്ലാറ്റിനും ‘ലോജിക്കലായുള്ള’ ഉത്തരം തേടുന്ന ഹെയ്‌ലി സ്വയം സമാധാനിക്കാനായി ഇതിനു പിന്നിലെ കാരണവും കണ്ടെത്തിയിട്ടുണ്ട്– കാറ്റു കാരണമാണത്രേ കസേര നീങ്ങിയത്. ഇക്കാര്യം സ്വയം പലപ്പോഴായി പറഞ്ഞ് മനസ്സിനെ ധൈര്യപ്പെടുത്തിയതിനാൽ ഇപ്പോഴും ഇടയ്ക്കിടെ ഹെയ്‍ലി പ്രസ്തുത സംഭവമുണ്ടായ മേശയ്ക്കു സമീപംതന്നെ ഇരിക്കുക പതിവാണ്.

അതിനിടയിലായിരുന്നു വിലവിവരങ്ങള്‍ എഴുതുന്ന ബോർഡ് തനിയെ ആടുന്നത് ജീവനക്കാരിലൊരാൾ കണ്ടത്. അതും സിസിടിവിയിൽ കൃത്യമായുണ്ടായിരുന്നു. ഭൂകമ്പത്തിൽപ്പെട്ടതു പോലെയായിരുന്നു ബോർഡിന്റെ ആട്ടം. എന്തായാലും ഹെയ്​ലിക്ക് ഒരപേക്ഷയാണ് പ്രേതത്തോടുള്ളത്, ജീവനക്കാരെ വന്ന സ്പീഡിൽ ഇങ്ങനെ ഓടിച്ച് വിടരുത്. ജീവിക്കണ്ടേ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...