11 വർഷം; നിറം മങ്ങിയ ഫോട്ടോയുമായി അച്ഛനെ കാത്ത്് കടൽതീരത്ത് മകൾ; നോവ്

vismaya-joby
SHARE

തൃക്കുന്നപ്പുഴ: ജോബിയുടെ രൂപം മകൾ പതിമൂന്നു വയസ്സുകാരി വിസ്മയയുടെ ഓർമയിലില്ല. 11 വർഷം മുൻപ് മത്സ്യബന്ധനത്തിനു വള്ളത്തിൽ കടലിൽ പോയ അദ്ദേഹത്തെ വള്ളം മുങ്ങി കാണാതായതായി കേട്ടറിവുണ്ട്. എങ്കിലും വീടിനു സമീപം കടൽത്തീരത്ത് എത്തുമ്പോഴൊക്കെ ജോബി തിരികെ എത്തുമെന്നു മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. മംഗലം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണു വിസ്മയ. കൊല്ലം വാടി ഭാഗത്ത് ആഴക്കടലിൽ മാതാവ് എന്ന മത്സ്യബന്ധന വള്ളം മുങ്ങിയായിരുന്നു  ആറാട്ടുപുഴ കള്ളിക്കാട് കാട്ടിൽ ജോബിയെ (35) കാണാതായത്.

വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളികളായ കടയിൽ കുട്ടൻ, കോടാലിച്ചിറ അംബുജാക്ഷൻ, പുത്തൻവീട്ടിൽ സന്തോഷ് എന്നിവർ  മരിച്ചു. ജോബിക്ക് വേണ്ടി അന്നു ആഴ്ചകളോളം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. പെട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന ജോബിയുടെ നിറം മങ്ങി തുടങ്ങിയ ഫോട്ടോ  തപ്പിയെടുത്ത വിസ്മയ കിടപ്പുമുറിയിലെ ഭിത്തിയിൽ അത് ഒട്ടിച്ചു. ജോബി എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. വീട്ടിലെ അലമാരയിൽ ജോബിയുടെ സ്വർണ നിറത്തിലുള്ള വാച്ചും  ചില വസ്ത്രങ്ങളും സൂക്ഷിച്ചു പോരുകയാണു. 

അന്നു സംഭവം നടന്നപ്പോൾ സർക്കാർ അടിയന്തര സഹായമായി  രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. മറ്റു  സഹായങ്ങളൊന്നും കിട്ടിയില്ല.  ഒരാളെ കാണാതായി  ഏഴു വർഷം കഴിഞ്ഞാൽ ഇൻഷുറൻസ് ആനുകൂല്യം നൽകണമെന്നാണു വ്യവസ്ഥ. എന്നാൽ സാങ്കേതിക കാരണങ്ങൾ  ഉന്നയിച്ച് അധികൃതർ  തുക അനുവദിച്ചിട്ടില്ല. ബന്ധുക്കൾ ഇക്കാര്യത്തിനായി ബന്ധപ്പെട്ട സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു. എത്രയും വേഗം തുക അനുവദിക്കണമേയെന്നാണു അവരുടെ അഭ്യർഥന.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...