നക്ഷി മാതൃകയിൽ കണ്ണന് കനക കിരീടം; 725.66 ഗ്രാം തൂക്കം; വില 40 ലക്ഷത്തിലേറെ

ravi-crown
SHARE

ഗുരുവായൂർ: കണ്ണന് ചാർത്താൻ മരതകപ്പച്ച വച്ച പൊന്നിൻ കിരീടം വഴിപാട്. പ്രവാസി വ്യവസായി രവി പിള്ളയാണ് 725.66 ഗ്രാം തൂക്കമുള്ള കിരീടം സമർപിച്ചത്. 14.45 കാരറ്റിൽ മികച്ച നിലവാരമുള്ള മരതകക്കല്ലു പതിച്ച കിരീടത്തിന് 40 ലക്ഷത്തിലേറെ രൂപ വില മതിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആണ് കിരീടം നിർമിച്ചത്. ഇന്നലെ രാവിലെ 8.30യോടെ ഉച്ചപ്പൂജയ്ക്കു മുൻപായി രവി പിള്ള, ഭാര്യ ഗീത, മകൻ ഗണേഷ് എന്നിവർ ചേർന്നു കിരീടം സോപാനത്ത് സമർപിച്ചു.

മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി കിരീടം ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തി. മുകളിൽ മയിൽപീലി കൊത്തിവച്ച കിരീടത്തിന് 7.75 ഇഞ്ച് ഉയരവും 5.75 ഇഞ്ച് വ്യാസവുമുണ്ട്. ക്ഷേത്ര ശിൽപകലാ രീതിയായ നക്ഷി മാതൃകയിൽ പൂർണമായും കൈകൊണ്ടുള്ള നിർമാണം  മലബാർ ഗോൾഡിന്റെ ഹൈദരാബാദിലെ ഫാക്ടറിയിലാണ് നടന്നത്.

തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്ക് ആടയാഭരണങ്ങൾ തീർക്കുന്ന ശിൽപി പാകുന്നം രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിൽ 40 ദിവസം  കൊണ്ടാണ്  നിർമിച്ചത്. ചടങ്ങിൽ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതിയംഗങ്ങളായ കെ.വി.ഷാജി, കെ.അജിത്, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി  എന്നിവർ പങ്കെടുത്തു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...