യോഗിയുടെ മുന്നില്‍ യുപിയെ വാഴ്ത്തി സാബു ജേക്കബ്: കേരളത്തിന് പഴി

sabu-jacob
SHARE

യുപിയിൽ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ്. ചാനൽ ചർച്ചയ്ക്കിടെ യോഗി ആദിത്യനാഥിനോട് തന്നെയാണ് സാബു തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ചർച്ചയിൽ സാബു ജേക്കബ് ഉത്തർ പ്രദേശ് സർക്കാരിനെ വാനോളം പുകഴ്ത്തി. കിറ്റെക്സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നല്‍കി. 

'എല്ലാ വ്യവസായികളും സമാധാനമാണ് ആഗ്രഹിക്കുന്നത്. നിലവിൽ യുപി രാജ്യത്തെ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. വളരെ കുറച്ച് കാലംകൊണ്ടാണ് യുപി വിജയകരമായ ആ നേട്ടം കൈവരിച്ചത്. കുറച്ചുവർഷങ്ങൾക്കുള്ളിൽ യുപി ഒന്നാം നമ്പറാകുമെന്നാണ് പ്രതീക്ഷ. എന്റെ ഫാക്ടറികളിൽ യുപിയിൽ നിന്നുള്ള അനേകം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവർ നാട്ടിൽ നിന്നെത്തുമ്പോൾ കോവിഡ് പരിശോധിക്കാറുണ്ട്. 50 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോലും പോസിറ്റീവാകാറില്ല. എന്നാൽ കേരളത്തിൽ 50 പേരെ പരിശോധിച്ചാല്‍ 20 പേരും രോഗബാധിതരാണ്'. സാബു പറയുന്നു. 

താങ്കൾ യുപിയിൽ വ്യവസായം തുടങ്ങുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ. 'ഉറപ്പായും. തെലങ്കാനയാണ് ഞങ്ങളെ ആദ്യം ക്ഷണിച്ചത്. അവിടെ ഞങ്ങൾ നിക്ഷേപം നടത്തി. വളരെ നല്ല പാക്കേജുകളാണ് ഞങ്ങൾക്കായി അവർ മുന്നോട്ട് വെച്ചത്. ഞങ്ങൾക്ക് സമാധാനപരമായി കച്ചവടം നടത്താൻ കഴിയുന്നിടമാണ് വേണ്ടത്. കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ ശേഷിയുള്ളതാണ് ടെക്സ്റ്റൈൽ വ്യവസായം'. ഇംഗ്ലീഷിലാണ് സാബു ജേക്കബ് സംസാരിച്ചത്. സാബു പറഞ്ഞത് യോഗിയോട് ഹിന്ദിയിൽ അവതാരകൻ വിവർത്തനം െചയ്ത് നൽകുന്നുമുണ്ട്. 

കോവിഡിനെ നേരിടുന്നതില്‍ കേരളത്തിലെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന്റെ പോളിസികള്‍ ശരിയല്ല. അനാവശ്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആത്മാര്‍ത്ഥയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി. എല്ലാം കേട്ടതിന് ശേഷം കിറ്റെക്സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നല്‍കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...