അച്ഛന്റെ കണ്ണൻ; ഇന്ത്യയുടെ വൻമതിൽ; കണ്ണുനിറഞ്ഞ ആ നിമിഷം

sreejesh-story
SHARE

മെഡൽ പോരാട്ടത്തിൽ 6 ദശാംശം 8 സെക്കൻഡുകൾ മാത്രം ബാക്കി, ഇന്ത്യയുടെ ഹൃദയം ഒരല്‍പനേരം നിലച്ചു നിന്നു. പെനാൽറ്റി കോർണറിനായി ജർമ്മനി തയ്യാറെടുത്തു. ഇങ്ങ് പള്ളിക്കരയിലെ വീട്ടിൽ ഒരച്ഛൻ മനസ്സിലുറപ്പിച്ചു: ‘എന്റെ കണ്ണൻ ഇത് തടുത്തിടും’. ഹോക്കി ടർഫിൽ തീപ്പൊരിയുരച്ച് ജർമ്മനിയുടെ ഷോട്ട്. ഇടംകൈ കൊണ്ട് തടുത്തിട്ടു അച്ഛന്റെ കണ്ണൻ, നമ്മുടെ പി.ആർ.ശ്രീജേഷ്. 41 വർഷത്തെ രാജ്യത്തിന്റെ കാത്തിരിപ്പിന് വിരാമം. 

വർഷങ്ങൾ ഒരല്‍പം പിറകോട്ടു പോകണം, പള്ളിക്കര പറാട്ടു വീട്ടിൽ രവീന്ദ്രൻ എന്ന സാധാരണ കർഷകൻ പകലന്തിയോളം പാടത്ത് പണിയെടുക്കുന്ന കാലം. പിച്ചവെച്ച നാൾ മുതൽ അച്ഛനൊപ്പം പാടത്തിറങ്ങി കണ്ണൻ. ‘ചെളിയിൽ കളിക്കാൻ കൊതിയായിരുന്നു മോന്, പിന്നെ വളർന്നപ്പോൾ എന്നെ സഹായിക്കാനായി പാടത്തിറങ്ങും’. 

sreejesh-family

ശ്രീജേഷിന്റെ കുട്ടിക്കാലം അച്ഛൻ ഓർത്തെടുക്കുന്നു. രാജ്യത്തിനായി ഹോക്കിയിൽ മെഡലുകൾ കൊയ്യുമ്പോഴും, ഒരു പെനാൽറ്റി കോർണർ തടുത്തിടാൻ എന്ന പോലെ കൃഷി, പി.ആർ.ശ്രീജേഷിന് ഒരാവേശമാണ്. കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി സ്കൂളിലേക്കുള്ള രണ്ട് കിലോമീറ്ററോളം ദൂരം, കൂട്ടുകാർക്കൊപ്പം ചിരിച്ചും കളിച്ചും ആണ് അവൻ പോയത്, ഓടിച്ചാടി നടന്ന കണ്ണൻ പിന്നെ അത്‌‌ലറ്റായതാണ് കണ്ടത്. ഓട്ടവും ഷോട്ട്പുട്ടും വോളിബോളും എല്ലാം ഹരമായിരുന്നു പി.ആർ.ശ്രീജേഷിന്. തിരുവനന്തപുരം ജി.വി രാജയിലെ പഠനമാണ് ശ്രീജേഷിനെ ഹോക്കിയിലേക്ക് വഴി തിരിച്ചത്. കായിക താരം എന്നതോടൊപ്പം മകനൊരു സർക്കാർജോലി അതായിരുന്നു പറാട്ട് രവീന്ദ്രന്റെ സ്വപ്നം. 

ഹോക്കി കളിച്ചാൽ മകന് ജോലി കിട്ടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു, "പക്ഷേ കണ്ണന്റെ ലക്ഷ്യങ്ങൾ,  അതിനൊപ്പമായിരുന്നു ഞങ്ങളെല്ലാം" രവീന്ദ്രൻ പറയുന്നു. ഓരോ തവണ മെഡലുകളും പുരസ്കാരങ്ങളും പറാട്ട്  വീട്ടിലെത്തുമ്പോൾ,അതെല്ലാം  മകന്റെ കഠിനാധ്വാനത്തിനുള്ള  അർഹതയാണെന്ന് ഈ അച്ഛൻ ഉറപ്പിച്ചു പറയും. അത്രയേറെ ആത്മാർത്ഥമായാണ് അവൻ ഹോക്കിയെ സ്നേഹിക്കുന്നത്. "പണ്ട് കുട്ടിക്കാലത്ത് വികൃതി കാണിച്ച് മോൻ ഓടും.. കയ്യിലൊരു വടിയുമായി പിറകെ ഞാനും, വല്യച്ഛന്റെ  പിന്നിലൊളിച്ച് അടി കിട്ടാതിരിക്കാൻ എന്നെ നോക്കി ചിരിക്കും. ഇന്ന് കയ്യിൽ ഒരു ഹോക്കിസ്റ്റിക്കുമായി കണ്ണൻ ചിരിക്കുന്നു. കൂടെ,  ഈ നാടൊന്നാകെയും" അഭിമാനത്തോടെ പറാട്ട്  രവീന്ദ്രൻ പറഞ്ഞു. ഒളിമ്പിക്സ് ഹോക്കി മത്സരം ടെലിവിഷനിൽ തൽസമയം കാണുമ്പോൾ. ശ്രീജേഷിന്റെ  പേര് എഴുതി കാണിക്കുന്നത് ഇങ്ങനെയാണ് "എസ്.പറാട്ട് രവീന്ദ്രൻ" അതെ കിഴക്കമ്പലം പള്ളിക്കരയിലെ കർഷകൻ പറാട്ട് രവീന്ദ്രന്റെ പേര്, ലോകം മുഴുവൻ ഉള്ള ഇന്ത്യക്കാർ അഭിമാനത്തോടെ വായിച്ചെടുക്കുന്നു. ആനന്ദക്കണ്ണീർ  തുടച്ചുകൊണ്ട്, കണ്ണന്റെ അച്ഛൻ പറയുന്നു: ‘ഒളിമ്പിക്സിൽ മകന്റെ പേരിനൊപ്പം ചേർത്ത് എന്റെ പേര് കൂടി എഴുതി കാണിക്കുക, ഇതിൽപരം എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത്?.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...