‘സ്ത്രീധനം തിരികെ നൽകിയതിന്‍റെ കാരണം..’; വിമര്‍ശിക്കുന്നവരോട് ആ വരൻ

satheesh-satyan
SHARE

സ്ത്രീധനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും പേരിൽ ആത്മഹത്യ ചെയ്യുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കഥകളാണ് ഇപ്പോൾ തുടർച്ചയായി പുറത്തു വരുന്നത്. ഇവിടെയാണ് ആലപ്പുഴ നൂറനാട് സ്വദേശ് സതീഷ് സത്യന്റെയും ശ്രുതിയുടെയും വിവാഹം മാതൃകയായത്. വധുവിന് പെൺവീട്ടുകാർ നൽകിയ സ്വർണത്തിൽ നിന്ന് ഒരു തരിപോലും വേണ്ട എന്ന് നിശ്ചയിച്ച സതീഷ് എല്ലാം തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇത് വാർത്തയായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നു വന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സതീഷ് മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്. 

'എന്റെ തീരുമാനമായിരുന്നു സ്ത്രീധനമൊന്നും വാങ്ങാതെ വേണം വിവാഹം എന്നത്. അത് ഇപ്പോൾ എടുത്ത തീരുമാനമല്ല. നേരത്തെ തന്നെ പെൺകുട്ടിയുടെ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോൾ പലരും ചോദിക്കുന്നുണ്ട് ആഭരണങ്ങളൊന്നും അണിയാതെ വധു വന്നാൽ പോരായിരുന്നോ. വിവഹവേദിയിൽ വച്ച് തിരികെ നൽകിയത് ശ്രദ്ധ നേടാനല്ലേ എന്നൊക്കെ. അവരോട് പറയാനുള്ളത് അങ്ങനെ വധു വന്നിരുന്നെങ്കിൽ അതൊരു സാധാരണ സംഭവം മാത്രമാകും. പക്ഷേ വിവാഹ വേദിയിൽ‌ വച്ച് അത് വേണ്ടെന്ന് വച്ച് തിരികെ നൽകിയതിലൂടെ സമൂഹത്തിൽ ഒരു നല്ല സന്ദേശം നൽകാമെന്നാണ് കരുതിയത്. വാർത്തയാക്കാൻ വേണ്ടിയൊന്നും ചെയ്തതല്ല. ഞാനും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നതാണ്. നാദസ്വര കലാകാരനാണ്. കോവിഡ് മൂലം ഉപജീവനമാർഗമൊക്കെ മുടങ്ങിയിരിക്കുന്ന സാഹചര്യം. ഞാൻ ഇപ്പോൾ ചെയ്തതിലൂടെ കുറച്ച് പേർക്കെങ്കിലും മാറ്റം വരുത്താൻ പറ്റിയാൽ നല്ലതെന്ന് മാത്രമാണ് ചിന്തിച്ചത്'. സതീശിന്റെ വാക്കുകൾ.

'വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ സതീശും വീട്ടുകാരും സ്ത്രീധനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് ഇങ്ങോട്ട് പറയുകയായിരുന്നു. അതിന്റെ പേരിൽ വെറുതേ കടങ്ങളും ബാധ്യതയും വരുത്തേണ്ട എന്നാണ് സതീശ് പറഞ്ഞത്. ഞങ്ങളുടെ മകൾക്കും ആഭരണത്തിനോടൊന്നും വലിയ ഭ്രമമില്ല. എന്നാലും കരുതിവച്ചത് അവൾക്ക് ഇട്ടുകൊടുത്തു. അതാണ് അവർ തിരികെ നൽകിയത്. ഞങ്ങൾക്കും ഒരു മകനുണ്ട്. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള വാർത്തകള്‍ ഒക്കെ കേട്ട് ഏറെ വേദനിക്കുന്ന അമ്മയാണ് ഞാൻ. ഞാൻ ഒരിക്കലും സ്ത്രീധനത്തെ അനുകൂലിക്കില്ല. ആഗ്രഹിച്ചതു പോലെ ഒരു മരുമകനെ ഞങ്ങൾക്ക് കിട്ടി. സന്തോഷം'. ശ്രുതിയുടെ അമ്മ ഷീലയുടെ വാക്കുകൾ. 

ഇന്നലെയാണ് നൂറനാട് പണയിൽ ദേവീക്ഷേത്രത്തിൽ വച്ച് സതീഷ് സത്യനും ശ്രുതിരാജും വിവാഹിതരായത്. വിവാഹശേഷം സമ്മാനമായി നൽകിയ 50 പവൻ‌ സ്വർണം സതീഷ് എസ്എൻഡിഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...