ശാന്തൻ: വാങ്മയങ്ങളുടെ അലങ്കാരം; ജീവിതവും മരണവും എഴുതി കൊതിപ്പിച്ചവൻ

santhakumar-no-more
ചിത്രം കടപ്പാട്: ഫെയ്സ്ബുക്ക്
SHARE

സോമന് ശേഷം ശാന്തനായിരുന്നു എനിക്ക് പറമ്പില്‍ ബസാര്‍. ഇപ്പോഴെനിക്ക് പറമ്പില്‍ ബസാര്‍ ഒരു ബസ് സ്റ്റോപ്പോ ജംഗ്ഷനോ മാത്രമാകുന്നു. ആളൊഴിഞ്ഞ പറമ്പില്‍ ബസാര്‍. ഇന്നലെ അന്തരിച്ച എ.ശാന്തകുമാറിനെ ജേക്കബ് തോമസ് ഓർത്തെഴുതുന്നു..

‘ഒരു മേഘക്കഷ്ണം ക്രിസ്തുവിന്‍റെ  രൂപത്തില്‍ ഒരു ദിവസം എന്‍റെ  ആകാശത്തു വന്നു. എന്നെ കൈനീട്ടി വിളിച്ചു. ഞാന്‍ ക്രിസ്തുവിനോട് മനസ്സില്‍  പറഞ്ഞു..ഞാന്‍  ഭൂമിയിലെ ഓട്ടം നിറുത്തിയിട്ടില്ല. അതിനാല്‍ നിന്‍റെ പറുദീസയിലേക്ക് എന്നെ വിളിക്കരുത്. അതെ, ഞാന്‍ ഭൂമിയിലെ ഓട്ടം തുടരുന്നു.  രോഗത്തെ അതിജീവിക്കുവാന്‍ രോഗത്തെ ആസ്വദിക്കുക എന്ന പാഠം പഠിച്ചു കൊണ്ട് ..’ രോഗം  ഉറപ്പിച്ച ദിവസമാണ് ശാന്തൻ ഇതെഴുതിയത്.

വാങ്മയങ്ങളുടെ ഒരലങ്കാരം ശാന്തനെപ്പോഴുമുണ്ടായിരുന്നു. കാഴ്ചയിലും സംഭാഷണത്തിലും. അങ്ങനെയാണ് ശാന്തന്‍ അരങ്ങുകള്‍ക്ക് പ്രിയപ്പെട്ടവനായത്. മരിക്കാനൊരു  പ്രായമുണ്ടോ?  മരിച്ചവരാണോ നഷ്ടപ്പെടുന്നത്. ? അതോ ഇനിയും മരിക്കാത്തവരോ? രണ്ടാമത്തെ കൂട്ടരാണെന്ന് ഞാന്‍ പറയും. ജീവിച്ചിരിക്കുന്നവരുടെ നഷ്ടമല്ലേമരണം. ?

ശാന്തന്‍റെ ഏട്ടനായിരുന്നു സോമന്‍. സാംസ്ക്കാരികവേദിയുടെ നീതിവൃക്ഷങ്ങളിലെ വര്‍ണവിളക്ക്. ആദ്യജനകീയവിചാരണയുടെ ജഡ്ജി. പ്രതിഭയുടെ  വെളിച്ചത്തില്‍ നിന്ന് നിഴലുകള്‍ പോലും ഒളിപ്പിക്കാത്ത ഇരുളിലേക്ക് സോമനും പെട്ടെന്ന്  പിന്‍വാങ്ങി പോയിരുന്നു.ശാന്തനെക്കാള്‍  നേരത്തെ.സോമനും  ശാന്തനുമൊഴിഞ്ഞ പറമ്പില്‍  ബസാറിനെക്കുറിച്ചാണ് ഞാന്‍ ഒരു വേള ആലോചിച്ചു പോയത്. സോമന് ശേഷം  ശാന്തനായിരുന്നു എനിക്ക് പറമ്പില്‍ ബസാര്‍. ഇപ്പോഴെനിക്ക്  പറമ്പില്‍  ബസാര്‍  ഒരു  ബസ് സ്റ്റോപ്പോ ജംഗ്ഷനോ മാത്രമാകുന്നു. ആളൊഴിഞ്ഞ പറമ്പില്‍  ബസാര്‍. 

സോമനൊപ്പമുണ്ടായിരിക്കെ ശാന്തന്‍ ഒരു അനുജനായിട്ടായിരുന്നു അവതരിക്കുക. ഏട്ടനെനിക്ക് കൂട്ടുകാരനായതിന്‍റെ ഒരു അനുജത്തം മാത്രമായിരുന്നു അത്. സോമനില്ലാതായപ്പോള്‍ എന്നെക്കാള്‍ പൊക്കമുള്ളൊരു വ്യക്തിയും കുലീനനായൊരു കലാകാരനായുമായി എനിക്ക് ശാന്തന്‍.  

സ്കൂള്‍ കലോത്സവകാലങ്ങളില്‍ ശാന്തനെയങ്ങനെ ഒരു തിരക്കിട്ട മട്ടിലാവും കാണുക. ക്ഷാമകാലത്തേക്കുള്ള ഒരു നീക്കിയിരുപ്പായിരുന്നു  ശാന്തന്  കലോത്സവക്കാലം. അങ്ങനെയെങ്കില്‍ കലാകാരന്‍റെ സമ്പാദ്യമെന്താണ് ? അതും നാടകമെഴുത്തുകാരന്‍റെ ? ശരാശരി  ജീവിതങ്ങളുടെ അളവുതൂക്കങ്ങള്‍ക്കപ്പുറത്തേക്കും പോകും ഈ കണക്ക്.

എഴുത്തിലും അഭിനയത്തിലും ജീവിതത്തിലും  പൂത്തുലഞ്ഞ ജോയ് മാത്യു ഇതെന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചിന്തയിലും എഴുത്തിലും നിലപാടിലും   ഇടതുപക്ഷബോധ്യങ്ങളുടെ വെടിക്കെട്ടുകളുമായി സോമനുമങ്ങനെ അടിയുറപ്പിച്ചിട്ടുണ്ട്. നീണ്ട താടിയില്‍ സ്പാര്‍ട്ട്ക്കസിനെ ഒളിപ്പിച്ച മധുമാഷ് അപ്പുറമുണ്ട്. ധോലക്കിന്‍റെ ഇരുപാതി മുറിഞ്ഞ പോലൊരു ജീവിതവുമായി ഹരിനാരായണന്‍ മുന്നേ നടന്നു പോയിട്ടുണ്ട്.

ഇവരെയൊക്കെ ഒരു കാണാച്ചരടില്‍ തുന്നിക്കെട്ടിയത് സത്യസന്ധമായും ഇടതുപക്ഷമായിരിക്കുകയെന്ന ഉത്തമബോധ്യമായിരുന്നു.ശാന്തന്‍ ഒരിക്കല്‍  തിരഞ്ഞടുക്കപ്പെട്ട ജനപ്രിതിധിയായിരുന്നു. സോമനുള്ള കാലം  ഒരു  കൗതുകത്തിന്‍റെ മേമ്പൊടിയില്‍  ഇക്കാര്യം  പറയുമായിരുന്നു.അതു കഴിഞ്ഞ് ശാന്തന്‍  ഒരു മുഴുവന്‍ സമയനാടകക്കാരനായി.  പ്രൊഫഷണല്‍  നാടകമെഴുത്തിന്‍റെ വഴിയെ പോകാതിരുന്ന  പ്രതിഭാശാലി.

‘ഇനി  ഒരു സിനിമ കാണണം. കടല കൊറിക്കണം. നാടകം ചെയ്യണം. സ്നേഹം വിളമ്പണം.ഉത്സവത്തിന് പോകണം. ഉറക്കമിളയ്ക്കണം.സമരത്തിന് പോകണം.  മുദ്രാവാക്യം  വിളക്കണം , കടല്‍ക്കരയില്‍ പോകണം. കഥകള്‍  പെറുക്കണം. മധുശാലയില്‍ പോകണം. വീഞ്ഞു നുകരണം. രാത്രി നഗരത്തില്‍ അലയണം.  നിശാഗന്ധം അറിയണം.  ചുരം കയറണം.  പുലര്‍മഞ്ഞില്‍  നനയണം..’ പുതുവര്‍ഷത്തില്‍  ശാന്തന്‍  എഴുതുകയായിരുന്നു.  

ഈ  എഴുത്തിലൊരു കാലമുണ്ട്. സിനിമകള്‍ നമ്മെ തൊട്ടു നിന്ന കാലം. കാലുഷ്യങ്ങളില്ലാത്ത സൗഹൃദങ്ങളുടെ ഇലത്തുമ്പില്‍ സ്നേഹം വിളമ്പിയ  വര്‍ഷങ്ങള്‍. ഓട്ടക്കീശയുടെ ധാരാളിത്തത്തില്‍ കൂട്ടുകൂടാന്‍ പഠിപ്പിച്ച ഏട്ടന്മാര്‍.കടലും ചുരവും കടന്ന സ്നേഹസഞ്ചാരങ്ങള്‍.സമരത്തിന്‍റെ ജീവിതചര്യകള്‍. അനീതിയുടെ ഏറുമാടങ്ങള്‍ക്ക് തീയിട്ട കാലം.ഈ  കാലമായിരുന്നു ശാന്തന്‍. ആ കോഴിക്കോടുമായിരുന്നു ശാന്തന്‍. ഒരോ വളവിലും തിരിവിലും പെരുമയുടെ  കാലകാരന്മാര്‍ വിളങ്ങി നിന്ന കാലം.പോരാട്ടങ്ങള്‍ എരിതീ പോലെയായിരുന്ന തെരുവുകള്‍. സാംസ്ക്കാരികവേദിയുടെ നീതിബോധങ്ങളില്‍ നിന്ന് ഒരാള്‍ കൂടി പോകുന്നു. കലമ്പി പോകുന്ന കമ്മ്യൂണിസ്റ്റ്  ബോധ്യങ്ങളെ എഴുതിയും പറഞ്ഞും  തിരുത്താനാവതുള്ള  ചിലരിലൊരാള്‍  ഇനിയില്ല.  

ആളൊഴിയുകയാണ്. ഒന്നൊന്നായി. പേരുകളും ഓര്‍മകളും മാത്രമായി മങ്ങിമായുന്ന ചരിത്രങ്ങളെ യാത്ര അയക്കാന്‍ പോലും ആവതില്ലാത്ത മൗഡ്യത്തില്‍   നിന്ന്.യാത്രയാകും മുൻപ്  ശാന്തന്‍  ദമയന്തിയെക്കുറിച്ചെഴുതി. ദമയന്തി പറയുകയായിരുന്നു. ‘എന്തിനാണെന്‍റെ കൗമാരത്തിലെ കുപ്പിവളക്കാരനായ കാമുകനെ നിങ്ങള്‍ കാണാതാക്കിയത്. എന്തിനാണ് കുനുകുന അക്ഷരങ്ങളുമായി വരുന്ന  എന്‍റെ  പോസ്റ്റ്മാന്‍ ചന്ദ്രേട്ടനെ എന്‍റെ ജീവിതത്തില്‍ നിന്നും   തട്ടിപറിച്ചു..’ അപൂര്‍ണവും അനാഥവുമായ ശാന്തന്‍ നാടകത്തിലെ കഥാപാത്രമായിരുന്നുദമയന്തി.

ഒരു സ്വപ്നസഞ്ചാരത്തില്‍ നിന്ന് ശാന്തന്‍ കണ്ണു തുറന്നപ്പോള്‍ മുന്നില്‍ നഴ്സ് രക്തം കയറ്റുകയായിരുന്നു. സമയം രണ്ട് മണി. മെഡിക്കല്‍ കോളജ്  ആശുപത്രിയിലെ ഹെമറ്റോളജി വാര്‍ഡ്. ശാന്തന് അനുവദിച്ച സമയങ്ങള്‍  അവസാനിക്കുകയായിരുന്നു.ശാന്തന്‍റെ ആകാശക്കാഴ്ചയിലെ ക്രിസ്തുവിന്‍റെ    കൈകള്‍ സമ്മോഹനമായ  ഒരു ജിവിതത്തെ കൈപ്പറ്റുന്നു. ജീവിതവും മരണവും ഒരേ പോലെ എഴുതി കൊതിപ്പിച്ചവനാണ്  ശാന്തന്‍.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...