അമ്മായി അമ്മയ്ക്കായി 26-ാം വയസില്‍ മൊട്ടയടിച്ചു; മരിക്കും മുമ്പ് ബാക്കിവച്ച ആ കടം

ajisha
SHARE

ജൻമം കൊണ്ടു മാത്രമായിരിക്കില്ല, ചിലപ്പോൾ നമുക്ക് സ്നേഹനിധിയായ ഒരു അമ്മയെ ലഭിക്കുന്നത്. അത്തരത്തിൽ ലഭിച്ച അമ്മയാണ് അജിഷയുടെ അമ്മായി അമ്മ. ഒരു വിധത്തിലും വിഷമിപ്പിച്ചിട്ടില്ലാത്ത, ഒരുപാട് നല്ല ഒരു അമ്മയെയായിരുന്നു തനിക്ക് കല്യാണശേഷം കിട്ടിയതെന്നു അജിഷ കുറിക്കുന്നു. ആ അമ്മയ്ക്കു വേണ്ടി  പണ്ടെങ്ങോ കരുതി വച്ച നേര്‍ച്ചയുടെ ബാക്കി മരുമകളായ തന്നിലൂടെ പൂര്‍ത്തിയാക്കിയ അനുഭവം അജിഷ പങ്കിടുമ്പോൾ വായനക്കാരുടെ കണ്ണു നിറയും. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

എന്റെ 26 വയസിൽ എടുത്ത ഈ ഫോട്ടോ ആണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്. ഇത് അത്രമേൽ പ്രിയപ്പെട്ടതാവാൻ ഒരു കാരണമുണ്ട്...

ഭൂരിഭാഗം സ്ഥലത്തും അമ്മയിയമ്മ മരുമകൾ ബന്ധം അത്ര സുഖകരം ആയിരിക്കില്ലെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ എന്റെ അനുഭവം തിരിച്ചാണ്. ഒരു വിധത്തിലും വിഷമിപ്പിച്ചിട്ടില്ലാത്ത, ഒരുപാട് നല്ല ഒരു അമ്മയെയായിരുന്നു എനിക്ക് കല്യാണശേഷം കിട്ടിയത്.അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ വിധവ ആയ ആളായിരുന്നു അമ്മ. ഒരു കാര്യത്തിനും അവർ ആരെയും ബുദ്ധിമുട്ടിക്കുന്നതോ, എന്തെങ്കിലും ആവശ്യങ്ങൾ ചെയ്തു തരാൻ മറ്റുള്ളവരോട് പറയുന്നതോ കണ്ടിട്ടില്ല.(ഒരു കാര്യം ഒഴികെ )

ആ ഒരു കാര്യം എന്താണെന്നു പറയാം. അമ്മയുടെ ഇളയമകൻ കൈകുഞ്ഞായിരുന്നപ്പോൾ എന്തോ അസുഖം വന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും അബോധാവസ്ഥയിൽ ആയി കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ ആയത്രേ. ആ സമയം കുഞ്ഞിനെയുമെടുത്ത്‌ ഹോസ്പിറ്റലിലേക്ക് ഓടുന്നതിനിടക്ക് അമ്മ തിരുപ്പതി ഭാഗവാന് നേർച്ച നേർന്നു. കുഞ്ഞിന് ആപത്തൊന്നും കൂടാതെ തിരിച്ചു കിട്ടിയാൽ തിരുപ്പതി വന്ന് തല മൊട്ടയടിച്ചോളാം എന്ന്

കുഞ്ഞിന് പ്രശ്നങ്ങൾ ഒന്നില്ലാതെ സുഖം പ്രാപിച്ചു. അന്ന് മുതൽ അമ്മ ആവശ്യപ്പെട്ട ഏകകാര്യം തിരുപ്പതി പോകണം എന്നതായിരുന്നു. മക്കളൊക്കെ വളർന്നു വലുതായി അമ്മയെ ഒരുപാട് സ്ഥലങ്ങളിലും കാശി, രാമേശ്വരം തുടങ്ങി എല്ലാ അമ്പലങ്ങളിലും കൊണ്ടുപോയെങ്കിലും തിരുപ്പതി മാത്രം കൊണ്ടുപോയിരുന്നില്ല. അമ്മ അതിനെക്കുറിച്ചു പറയുമ്പോഴൊക്കെ, അമ്മയ്ക്ക് വയസാവട്ടെ, തലമുടിയൊക്കെ നരക്കട്ടെ എന്നിട്ടാകാം തിരുപ്പതി പോകുന്നത് എന്ന് പറഞ്ഞു മക്കൾ ഒഴിഞ്ഞു മാറും. സത്യം പറഞ്ഞാൽ പ്രായമായിട്ടും കണങ്കാൽ വരെ നീണ്ടു കിടക്കുന്ന അമ്മയുടെ നര വരാത്ത മുടി കളഞ്ഞ്, അമ്മയെ മൊട്ടയടിച്ചു കാണാനുള്ള വിഷമം കൊണ്ടാണ് മക്കൾ ആ യാത്ര മാത്രം നീട്ടി കൊണ്ടുപോയത്.

അങ്ങനെ പറഞ്ഞ് പറഞ്ഞ്, അമ്മയുടെ നിർബന്ധം കൂടിയപ്പോൾ ഒടുവിൽ തിരുപ്പതി പോകാം എന്ന തീരുമാനത്തിൽ എത്തി. അമ്മ വളരെ ഹാപ്പി ആയിരുന്നു.. അപ്പോഴാണ് രംഗബോധമില്ലാത്ത ആ കോമാളിയുടെ വരവ്. മക്കളും മരുമക്കളുമായി പത്തു പതിനഞ്ചു പേർ ഒരുമിച്ചു കഴിയുന്ന കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കി പൂർണ ആരോഗ്യവതിയായി നടന്ന അമ്മക്ക് ഒരു ദിവസം പെട്ടന്ന് വയ്യാതായി ഹോസ്പിറ്റലിൽ കൊണ്ടുപോയി. പിറ്റേ ദിവസം ആ സമയം ആകുമ്പോഴേക്കും അമ്മ പോയി.

അന്ന് വരെ ആ തണലിന്റെ കീഴെ സുഖമായി ജീവിച്ച ഞങ്ങൾക്ക് അത് താങ്ങാൻ പറ്റാത്ത ആഘാതമായി. അതിനു ശേഷം അമ്മയുടെ കാര്യം എന്ത് പറഞ്ഞാലും ഭർത്താവ് എന്നും വിഷമമായി പറയുന്ന കാര്യം, അമ്മ ആകെ ഒരു കാര്യം മാത്രമേ ജീവിതത്തിൽ ആവശ്യപ്പെട്ടിട്ടുള്ളൂ, നേർച്ച നിറവേറ്റാൻ തിരുപ്പതി കൊണ്ടുപോകണമെന്ന്.. ആ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ പറ്റിയില്ല എന്ന സങ്കടം.. എന്നും അത് പറഞ്ഞു വിഷമിക്കുന്നത് കണ്ടപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അമ്മ വേണ്ടെന്നു വച്ചതല്ലല്ലോ നിങ്ങൾ മക്കൾ കൊണ്ടുപോകാത്തത് കൊണ്ടല്ലേ. ഇനി എന്നാണോ നമ്മൾ തിരുപ്പതി പോകുന്നത് അന്ന് അമ്മയ്ക്ക് പകരം അമ്മയുടെ നേർച്ചയായി ഞാൻ എന്റെ തല മൊട്ടയടിച്ചോളും എന്ന്.

ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ ജ്യേഷ്ഠൻ , എല്ലാവരെയും കൂട്ടി തിരുപ്പതി യാത്ര പ്ളാൻ ചെയ്തു. എന്റെ നേർച്ചയുടെ കാര്യം എനിക്കും ഭർത്താവിനും മാത്രമേ അറിയുള്ളൂ.അങ്ങനെ തിരുപ്പതി ക്ഷേത്രത്തിൽ പോയി ആണുങ്ങൾ എല്ലാവരും തല മൊട്ടയടിക്കുന്ന ഭാഗത്തേക്ക്‌ പോയപ്പോൾ ഞാനും പിന്നാലെ പോയി.. എന്റെ തലയും മൊട്ടയടിക്കണമെന്ന് പറഞ്ഞപ്പോൾ ഭർത്താവ് സമ്മതിക്കുന്നില്ല. അന്ന് ഞാൻ ഒരു സ്ഥാപനം നടത്തുന്നുണ്ട്, അവിടെ ക്ളാസ് എടുക്കുന്നുണ്ട്. പുറത്തിറങ്ങി നടക്കേണ്ടതാണ്.കുറച്ചു തലമുടി അറ്റത്തു നിന്നും വെട്ടി കൊടുത്താൽ മതി, മൊട്ടയടിക്കേണ്ട, എന്ന് പറഞ്ഞു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി ഞാൻ. ഭർത്താവ് സമ്മതിക്കുന്നില്ല. അമ്മയെ പോലെ തന്നെ എന്റെ നേർച്ചയും നിറവേറ്റാത്ത ഒന്നായി തീരുമോ എന്ന പേടി

അധികം ആലോചിക്കാൻ പോയില്ല.ഇപ്പോൾ മോൻ ചെറുതാണ്. അവൻ അഭിപ്രായം പറയാനുള്ള പ്രായമോ, അറിവോ ആയിട്ടില്ല. വലുതായാൽ ചിലപ്പോൾ അമ്മയെ മൊട്ടച്ചി ആയി കാണാൻ ബുദ്ധിമുട്ട് ഉണ്ടാകും. പിന്നെ ഭാവിയിൽ എങ്ങനെ, എന്ത് എന്നൊന്നും നമ്മുടെ കയ്യിലല്ലല്ലോ. എന്നെ ആരും നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതുമല്ല. എന്റെ ഇഷ്ടത്തിനാണ്.. അതിലുപരി അമ്മയ്ക്ക് പകരം ആണ്.. ഇനി ഒരു അവസരം കിട്ടിയെന്ന് വരില്ല. പിന്നെ ഒന്നും നോക്കിയില്ല. മുടിയുടെ അറ്റം കുറച്ചു വെട്ടിയിട്ട് വരാം എന്ന് പറഞ്ഞു പോയ ഞാൻ മൊട്ടയടിച്ചു തിരിച്ചു വന്നു.

അതിനു ശേഷം ഒരുപാട് അഭിപ്രായങ്ങൾ കേട്ടു. ഇത്ര ചെറുപ്പത്തിൽ ഇങ്ങനെ ഒരു കാര്യം വേണമായിരുന്നോ, അമ്മായിയമ്മയോട് സ്നേഹം കാണിക്കാൻ ഇതാണോ ചെയ്യേണ്ടത് എന്നൊക്കെ.അത് കഴിഞ്ഞാണ് പോലീസിൽ ജോലി കിട്ടുന്നത്. ട്രെയിനിങ്ങിനു കയറിയപ്പോൾ ബോയ് കട്ട് ആയിരുന്നു.രാവിലെ അഞ്ചുമണിക്ക് എഴുനേറ്റ് മുടി രണ്ടു വശവും പിന്നിയിടേണ്ട സമയം ലാഭമായി 

എന്തു തന്നെ ആയാലും ഞാൻ തൃപ്തയായിരുന്നു. അന്നും ഇന്നും. ഇതിനേക്കാൾ കുഞ്ഞു പ്രായത്തിൽ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കൾ..എന്നേക്കാൾ മനോഹരമായ നീണ്ട മുടി കാൻസർ രോഗികൾക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങൾ... അവരുടെ മുന്നിൽ ഞാൻ ആരുമല്ല എന്ന് നന്നായി അറിയാം.

എന്നാലും ഈ ഫോട്ടോ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്..പാതിവഴിയിൽ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ അമ്മയെ പോലെ...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...