പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു; പ്രിയസഖിക്ക് വിതുമ്പലോടെ വിട; കണ്ണീര്‍

vidyavasani-death
SHARE

മഞ്ചേരി: പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു ഉത്തർപ്രദേശിൽനിന്നു ജില്ലയിലെത്തിയ ധർമേന്ദ്ര മൗര്യ ആംബുലൻസിൽ വച്ച് പ്രിയതമയ്ക്കു വിടചൊല്ലി. ചേതനയറ്റ ശരീരത്തിന് അടുത്തിരുന്നപ്പോഴും അന്ത്യചുംബനം‍ നൽകാൻ കഴിയാതെ ആ യുവാവിന്റെ കണ്ണ് നിറഞ്ഞപ്പോൾ കൂടിനിന്ന ആരോഗ്യപ്രവർത്തകർ മൗനം കൊണ്ട് യാത്രാമൊഴി നൽകി. കോവിഡ് ബാധിച്ചു മരിച്ച ഭാര്യ വിദ്യാവാസനിയുടെ മൃതദേഹം മോർച്ചറി പരിസരത്തുവച്ച് കാണാൻ എത്തിയതായിരുന്നു ധർമേന്ദ്ര.

വിദ്യാവാസനിക്കു പിന്നാലെ ധർമേന്ദ്ര കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ക്വാറന്റീനിൽ ആയിരുന്നു. മഞ്ചേരി മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.സുബറാം ഇടപെട്ടാണ് 4 ദിവസം മുൻപ് മരിച്ച വിദ്യാവാസനിയുടെ സംസ്കാരത്തിന്റെ നിയമതടസ്സങ്ങൾ നീക്കിയത്. ഗോരഖ്‌പൂർ  ജില്ലയിലെ മഹ്‌വൻ ഖോർ നിവാസികളായ ഇരുവർക്കും മഞ്ചേരിയിൽ പരിചയക്കാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ഏതാനും ആഴ്ചകൾക്കു മുൻപ് ആണ് മംഗലശേരിയിൽ താമസിക്കാൻ എത്തിയത്. കഴിഞ്ഞ 4നു പോസിറ്റീവ് ആയ വിദ്യാവാസനി 8ന് മരിച്ചു.

അടുത്ത ദിവസം ധർമേന്ദ്രയും പോസിറ്റീവ് ആയി ക്വാറന്റീനിൽ പ്രവേശിച്ചു. ആശുപത്രി രേഖയിൽ ബിന്ദു എന്നും തിരിച്ചറിയൽ രേഖയിൽ വിദ്യാവാസനി എന്നും ആയതോടെ മൃതദേഹം വിട്ടുനൽകുന്നതിന് നിയമതടസ്സങ്ങൾ ഉയർന്നു. 4 ദിവസം മൃതദേഹം മോർച്ചറിയിൽ കിടന്നു. മംഗലശേരി വാർഡ് അംഗം റിയാസ് ബാബു വിവരം അറിയച്ചതനുസരിച്ച് സുബറാം പൊലീസ്, ആശുപത്രി എന്നിവിടങ്ങളിൽ രേഖകൾ ഹാജരാക്കി നിയമതടസ്സം നീക്കി. സംസ്കരിക്കാൻ ശ്മശാനം കിട്ടാത്തതായി അടുത്ത തടസ്സം. ഒടുവിൽ മലപ്പുറം മുണ്ടുപറമ്പ് ശ്മശാനത്തിൽ സംസ്കരിക്കാമെന്നായതോടെ മൃതദേഹം ഏറ്റുവാങ്ങി. സുരക്ഷാവസ്ത്രം അണിഞ്ഞ് ധർമേന്ദ്ര എത്തിയാണ് സംസ്കാരം നടത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...