മുതല നിറ‍ഞ്ഞ പുഴ കടന്നു; മണിക്കൂറുകൾ കാത്തു; മലയാളിക്ക് രാജ്യാന്തര അംഗീകാരം

thomas-vijayan-photographer
SHARE

ക്യാമറയും തോളിൽ തൂക്കി മൈസൂരിലെ രംഗനാഥിട്ടു പക്ഷി സാങ്കേതത്തിൽ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന ഒരു പതിനഞ്ചുകാരൻ ഉണ്ടായിരുന്നു. പക്ഷികളെയും പ്രകൃതിയെയും കണ്ട് എത്ര നേരം വേണമെങ്കിലും അങ്ങനെ ചെലവഴിക്കാൻ അവന് മടിയുണ്ടായിരുന്നില്ല. അതിനിടെ കാണുന്ന കൗതുക കാഴ്ചകൾ അവന്റെ ക്യാമറകണ്ണുകൾ പകർത്തികൊണ്ടിരുന്നു. വളര്‍ന്നുവന്നപ്പോള്‍ പ്രകൃതിയോടും ജീവജാലങ്ങളോടും ഫോട്ടോഗ്രഫിയോടുമുള്ള ഇഷ്ടം കൂടിവന്നതേ ഉള്ളൂ. ഇന്നയാൾ ലോകമറിയുന്ന ഫോട്ടോഗ്രഫറാണ്- മലയാളിയായ തോമസ് വിജയൻ. 'നേച്ചര്‍ ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2021' എന്ന അവാർഡാണ് ഏറ്റവുമൊടുവിൽ തോമസിനെ തേടിയെത്തിരിക്കുന്നത്. ഒറാങ്ഗുട്ടാന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ചിത്രത്തിനാണ് പുരസ്കാരം. 

ഇന്നും ആ പതിനഞ്ചുകാരന്റെ അതേ ആകാക്ഷയോടും കൗതുകത്തോടെയുമാണ് തോമസ് ഓരോ ചിത്രങ്ങളും പകർത്തുന്നത്. ചിലപ്പോൾ വർഷങ്ങളും മാസങ്ങളും നീളുന്ന അധ്വാനം. അതിനിടെ കിട്ടുന്ന അംഗീകാരങ്ങൾ തോമസിനെ സംബന്ധിച്ചിടത്തോളം എക്സ്ട്രാ ബോണസ് മാത്രമാണ്.

thomas

ലോകം കീഴ്മേൽ മറിയുന്നു

ലോകം കീഴ്മേല്‍ മറിയുന്നു (The World Is Going Upside Down) എന്ന അടിക്കുറിപ്പോടെയാണ് ഒറാങ്ഗുട്ടാന്റെ ചിത്രം തോമസ് മൽസരത്തിനയച്ചത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവില്‍ പകർത്തിയ ചിത്രമാണിതെന്ന് തോമസ് പറയുന്നു. 8000 ഫോട്ടോകളില്‍ നിന്നാണ് തോമസ് വിജയന്റെ ഫോട്ടോയ്ക്ക് അംഗീകാരം ലഭിച്ചത്. ‌

‘ബോർണിയോ എന്ന സ്ഥലത്തു നിന്നാണ് ചിത്രം പകർത്തിയത്. 3 മണിക്കൂർ കടലിലൂടെ ബോട്ട് യാത്ര ഉണ്ടായിരുന്നു. അതിനു ശേഷം ഒരു പുഴയും കടന്നുവേണം സ്ഥലത്തെത്താൻ. 2 പേരെ മാത്രം ഉൾക്കൊള്ളുന്ന ഒരു ചെറിയ ബോട്ടിലാണ് യാത്ര തിരിച്ചത്. കടലിൽ അഞ്ച് അടിയോളം ഉയരത്തിലെത്തുന്ന തിരമാലകളുണ്ടായിരുന്നു. അങ്ങനെ പുഴയുടെ അറ്റത്തെത്തി. മരങ്ങളും കാടുകളും നിറഞ്ഞ  സ്ഥലങ്ങൾക്കിടയിലൂടെ ബാക്കി ദൂരം നടന്നു തന്നെ പോകണമായിരുന്നു. മുതലകളുള്ള പുഴയും താണ്ടണം. ഒടുവിൽ എല്ലാ കടമ്പകളും താണ്ടി ലക്ഷ്യസ്ഥാനത്തെത്തി. ഒരു വലിയ മരത്തിൽ കയറി ഇരിപ്പായി. പിന്നെയും ഏറെ നേരം നീണ്ട കാത്തിരിപ്പ്. ഒടുവിൽ ആ ഓറാങ്ഗുട്ടാൻ എത്തി’, തോമസ് വിജയൻ മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു.

ഒറാങ്ഗുട്ടാന്റെ വെള്ളത്തിലുള്ള പ്രതിബിംബമാണ് തോമസ് പകർത്തിയത്. വെള്ളത്തിൽ ആകാശത്തിന്റെ പ്രതിഫലനം കൂടിയായപ്പോൾ ചിത്രത്തിന് മാറ്റ് കൂടി.  നിക്കോണ്‍ ഡി850 ക്യാമറയിലാണ് ചിത്രം പകര്‍ത്തിയത്. 8 mm ഫിഷ് ഐ ലെൻസ് ആണ് ഉപയോഗിച്ചത്.

world-turnd-upside-down
The World Is Going Upside Down (തോമസ് ജേക്കബിനെ നേച്ചർ ടിടിഎൽ അവാർഡിന് അർഹനാക്കിയ ചിത്രം)

വെല്ലുവിളികളേറെ

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഒരുപാട് വെല്ലുവിളികൾ നിറ‍ഞ്ഞതാണെന്നു പറയുന്നു തോമസ്. അതിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ് പുതിയ സ്ഥലങ്ങളെയും ജീവജാലങ്ങളെയും തേടിച്ചെല്ലാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ''7 ഭൂഖണ്ഡങ്ങളിൽ പോയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂര്‍വങ്ങളായ സ്പീഷിസുകളെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പലപ്പോഴും പരിചിതമല്ലാത്ത സ്ഥലങ്ങളിലാണ് പോകുക. കാലാവസ്ഥ പലപ്പോഴും അനുകൂലമായിരിക്കില്ല. അടുത്ത പ്രൊജക്ട് സൈബീരിയയിൽ ആണ്. മൈനസ് 40 ഡിഗ്രിയിൽ താഴെ കാലാവസ്ഥ വരുന്ന സ്ഥലം. അത്തരം കാലാവസ്ഥയിൽ ക്യാമറ പോലും ചിലപ്പോൾ പണി മുടക്കും''. 

thomas-vijayan-photography

നല്ല ഫ്രെയിമിനായുള്ള കാത്തിരിപ്പുകൾ

ഒരു തോന്നൽ ഉണ്ടാകുമ്പോൾ വെറുതേ ക്യാമറയും തൂക്കി പോയി എടുക്കുന്നതല്ല തോമസിന്റെ ചിത്രങ്ങള്‍. ഓരോ പ്രൊജക്ടിനു പിന്നിലും കാര്യമായ പഠനങ്ങളുണ്ട്. ''എന്നെ സംബന്ധിച്ചിടത്തോളം നൂറ് ഫ്രെയ്മുകളേക്കാൾ മൂല്യമുണ്ട് ഒരു നല്ല ഫ്രെയിമിന്. ചിലപ്പോൾ അനുയോജ്യമായ കാലാവസ്ഥക്കായി കാത്തിരിക്കാറുണ്ട്. സബ്ജക്ട് വരുന്നതും കാത്ത് എന്റെ ക്യാമറക്കൊപ്പം ഞാനും നിശ്ചലമായിരുന്ന സമയങ്ങളുണ്ട്''.

penguine

ഏറ്റവും പ്രിയപ്പെട്ട ചിത്രം

''‍ഞാനെടുത്തതിൽ 'ഫൺ ഫോര്‍ ഓൾ ഏജസ്' എന്ന ചിത്രമാണ് എനിക്കേറെ പ്രിയങ്കരം. കാണുന്ന എല്ലാവരിലും ചിരിയുണര്‍ത്തുന്ന ചിത്രമാണത്''.  രണ്ട് വലിയ കുരങ്ങന്‍മാരും രണ്ട് കുട്ടിക്കുരങ്ങൻമാരുമാണ് ഫൺ ഫോർ ഓൾ ഏജസ് എന്ന ചിത്രത്തിന്റെ ഫ്രെയ്മിൽ

ഒളിച്ചിരുന്നു പകർത്തിയ പുള്ളപ്പുലി

താനെടുത്ത ഫോട്ടോകളിൽ തോമസിന് ഒരിക്കലും മറക്കാനാകാത്തത് റഷ്യയിൽ നിന്നു പകർത്തിയ പുള്ളിപ്പുലിയുടെ ചിത്രങ്ങൾ. ''ഒരുപാട് യാത്രകളും പഠനം നടത്തിയാണ് അവ പകർത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ക്ലിക്കുകൾ. ഒളിച്ചിരുന്ന് അവന്റെ ചലനങ്ങള്‍ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തുകയായിരുന്നു. കാലാവസ്ഥയും അനുകൂലമായിരുന്നില്ല''.

leopard

കുടുംബം

കോട്ടയം പാമ്പാടി സ്വദേശിയാണ് തോമസ്. ജനിച്ചതും വളര്‍ന്നതും ബംഗളൂരുവിലാണ്. ഇപ്പോൾ കുടുംബസമേതം കാനഡയിലാണ് താമസം. ഭാര്യയും 4 മക്കളും അടങ്ങുന്നതാണ് കുടുംബം. നേച്ചർ ടിടിഎൽ അവാർഡ് കൂടാതെ മറ്റ് നിരവധി പുരസ്കാരങ്ങൾ തോമസ് വിജയനെ തേടിയെത്തിയിട്ടുണ്ട്. 

thomas-vijjayan-n
MORE IN SPOTLIGHT
SHOW MORE
Loading...
Loading...