സഭ്യത എന്നത് ഒരു സംസ്കാരം; പൃഥ്വിരാജിനൊപ്പം; തുണച്ച് പ്രിയദർശൻ

priyadarshan-prithviraj
SHARE

ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ച പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളില്‍ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ.  പൃഥ്വിരാജ്  പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്നും സഭ്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്ന‌െന്നും പ്രിയദർശൻഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

''സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ നടൻ പൃഥ്വിരാജ്  പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ  ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക്‌ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്''. 

ആന്റണി വർഗീസ്, അജു വർഗീസ്, നടി മാലാ പാർവതി, സംവിധായകരായ മിഥുൻ മാനുവൽ തോമസ്, ജൂഡ് ആന്റണി, മുൻ എംഎൽഎ വിടി ബൽറാം തുടങ്ങിയവരെല്ലാം പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ കേരളത്തിൽ നിന്ന് ആദ്യം ഉയർന്ന പ്രതിഷേധ ശബ്ദങ്ങളിലൊന്ന് പൃഥ്വിരാജിന്റേതായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദ്വീപ് നിവാസികളുടെ സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്നായിരുന്നു താരം ചോദിച്ചത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...