അച്ഛനുമമ്മയും താലികെട്ടി; 25 വര്‍‌ഷം കഴിഞ്ഞ്: വൈറല്‍‌ ചിത്രത്തിന്‍റെ കഥ

wedding-final
SHARE

ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികത്തിന് വീണ്ടും വിവാഹിതരായി ദമ്പതികള്‍. അതും 25-ന്റെ ചെറുപ്പത്തോടെ. ഇപ്പോള്‍ വൈറലാകുന്നത് കട്ടപ്പന സ്വദേശികളയ ശിവകുമാറിന്റെയും ജയയുടെയും കല്യാണ ഫോട്ടോകളാണ്. മക്കളുടെ  ആഗ്രഹത്തിന് കൂട്ടുനിന്നതോടെ താരങ്ങളായിരിക്കുകയാണ് ഈ ദമ്പതികള്‍. ആ സന്തോഷം ജയ മനോരമ ന്യൂസ് ‍ഡോട് കോമിനോട് പങ്കുവയ്ക്കുന്നു.

‘മൂത്ത മകള്‍ അ‍ഞ്ജലിയുടെ ആഗ്രഹമാണ് എല്ലാത്തിനും കാരണം. എല്ലാം ഒരുക്കിയതും മകളാണ്. സോഷ്യല്‍മീഡിയയിലെ പലതരം ചലഞ്ചുകളില്‍ ഞങ്ങള്‍ പങ്കാളികളാകാറുണ്ട്. അങ്ങനെയൊരു ചലഞ്ചായിരുന്നു കല്യാണ വേഷത്തിലെ ഫോട്ടോകള്‍. മകള്‍ ഞങ്ങളെ അതിന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതിനൊരു കാരണമുണ്ട്. ഞാനും ഭര്‍ത്താവും 1996–ല്‍ റജിസ്ററര്‍ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിച്ചുതുടങ്ങിയവരാണ്. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തിന്റെ ഫോട്ടോയോ ആല്‍ബമോ ഒന്നും തന്നെയില്ല. 25-ാം വിവാഹവാര്‍ഷികത്തിന് അച്ഛനും അമ്മയും വീണ്ടും വിവാഹം ചെയ്യണമെന്ന് മക്കള്‍ പറഞ്ഞു. എല്ലാം മൂത്തമകളാണ് ഒരുക്കിയത്. ക്ഷേത്രത്തില്‍ പോയി മുഹൂര്‍ത്തം കുറിച്ചു. ഞങ്ങളുടെ ഡ്രസും മേക്കപ്പുമെല്ലാം ഒരുക്കി. ലോക്ഡൗണായതുകൊണ്ട് വീട്ടില്‍വച്ചു തന്നെയാണ് വിവാഹം നടത്തിയത്. അനന്ദു ജയ്മോനാണ് ഫോട്ടോകള്‍ എടുത്തത്. അതിപ്പോള്‍ വൈറലായി. 

wedding-two

ഞങ്ങള്‍ക്ക് സ്വന്തമായി യുട്യൂബ് ചാനലുണ്ട്. ഞാനും മക്കളും ഡാന്‍സ് ചെയ്യും. കഴിഞ്ഞ ലോക‍്‍‍ഡൗണ്‍ കാലത്ത് പല വിഡിയോകളും വൈറലായിരുന്നു. ഇതില്‍ അമ്മയാരാണ് എന്ന തലക്കെട്ടോടെയാണ് പല വിഡിയോകളും പ്രചരിച്ചത്. ഞാനും മക്കളും ഒരേ വേഷം ധരിച്ചാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുക. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് ശിവകുമാര്‍ ഉണ്ട്. മൂത്തമകള്‍ അ‍ഞ്ജലിക്ക് 24 വയസ്സുണ്ട്. ബാംഗ്ലൂര്‍ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ ആരാധന മാഹി ഡെന്റല്‍ കോളജില്‍ പഠിക്കുന്നു. മൂന്നാമത്തെ മകള്‍ അതിഥി 4–ാം ക്ലാസിലും..’ ജയ പറയുന്നു.

‘കുറച്ച് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാണ് വിളിച്ചത്. ചെന്നപ്പോള്‍ ഞെട്ടിപ്പോയി. 25–ാം വിവാഹവാര്‍ഷികത്തിന് വിവാഹവേഷത്തില്‍ വരണമാല്യവുമൊക്കെയായി ദമ്പതികള്‍. കണ്ടാല്‍ നവവധുവും വരനുമാണെന്നേ പറയൂ. ഞാനെടുത്ത ഫോട്ടോകള്‍ വൈറലാകുന്നതില്‍ സന്തോഷം’– ഫോട്ടോഗ്രാഫര്‍ അനന്തു പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...