71 ാം വയസിൽ അമ്മ; ആക്ഷേപിക്കുന്നവരോട് പറയാനുള്ളത്: അഭിമുഖം

sudarma2
SHARE

ആലപ്പുഴ രാമപുരത്തെ എഴുകുളങ്ങരയിൽ വീട്ടിൽ വീണ്ടും കുഞ്ഞോമനക്കൊഞ്ചലുകൾ നിറയുകയാണ്. മുത്തശ്ശിയേവേണ്ട പ്രായത്തിൽ അമ്മയായ സുധർമ്മയുടെ വാർത്ത മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ, ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയ അവസ്ഥയെക്കുറിച്ചും നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും പറയുകയാണ് സുധർമ – സുരേന്ദ്രൻ ദമ്പതികൾ. മാർച്ച് 18നാണ് സുധർമയ്ക്കും സുരേന്ദ്രനും പെൺകുഞ്ഞ് പിറന്നത്. വിശേഷങ്ങൾ സുരേന്ദ്രൻ മനോരമന്യൂസ് ഡോട്ട് കോമിനോട് പങ്കുവയ്ക്കുന്നു. 

വളരെ ആലോചിച്ച് എടുത്ത തീരുമാനം തന്നെയാണ് ഇത്. സുധർമയ്ക്ക് 71 വയസായി. മകൻ മരിച്ചതോടെ ആരും ഇല്ലാത്തപോലെ ഞങ്ങൾക്ക് തോന്നിത്തുടങ്ങി. സുധർമയാണ് ഇങ്ങനെ ഒരു ആഗ്രഹം മുന്നോട്ടുവച്ചത്. ആലോചിച്ചപ്പോൾ എനിക്കും ശരിയെന്ന് തോന്നി. ഞങ്ങൾക്കും ഒരു അനന്തരാവകാശി വേണം. 

ഡോകടർമാരോട് സംസാരിച്ചപ്പോൾ അവർ എതിർത്തു. ആരോഗ്യസ്ഥിതി അതിന് പറ്റിയതല്ലെന്ന് അവർ പറഞ്ഞു. അവസാനം ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. സർക്കാർ അറിഞ്ഞാൽ എതിർപ്പുണ്ടാകുമെന്നും പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഞങ്ങൾ തന്നെയായിരിക്കുമെന്നും ഡോക്ടർമാർ എഴുതി വാങ്ങി.

ദൈവസഹായത്താൽ ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഫലം കണ്ടു. ബന്ധുക്കളോടും അയൽവാസികളോടും സുഹൃത്തുക്കളോടും ആരോടും പറഞ്ഞില്ല. കോവിഡ് കാലമായതിനാൽ ആരും വീട്ടിലേക്കു വന്നില്ല. എല്ലാവരോടും സുധർമയ്ക്ക് വയ്യാത്തതുകൊണ്ട് പുറത്തിറങ്ങാത്തതാണെന്ന് പറഞ്ഞു. എല്ലാവരും വാർദ്ധക്യ സഹജമായ അസുഖമാണെന്ന് കരുതി. 

ഫെബ്രുവരിയിലാണ് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. മാർച്ച് 18 ന് കുട്ടിയുണ്ടായി. കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്ത് വാർത്ത ആയപ്പോഴാണ് എല്ലാരും അറിയുന്നത്. നിർത്താതെ ഫോൺകോളുകളാണ്. എല്ലാവരും സന്തോഷമാണ് അറിയിക്കുന്നത്. ഇപ്പോൾ ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്കും ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ വേണ്ടേ എന്നാണ് തിരിച്ച് ചോദിക്കാനുള്ളത്. വളർത്താൻ കഴിയുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ്് ഇങ്ങനെയൊരുതീരുമാനമെടുത്തത്. ഇൗശ്വരൻ അനുഗ്രഹിക്കട്ടെ.

ശ്രീലക്ഷ്മി പണിക്കർ എന്നാണ് കുട്ടിക്ക് പേരിട്ടത്. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത്. കോവിഡ് കാലമായതിനാൽ പുറത്തുനിന്നാരെയും സഹായത്തിന് നിർത്തിയില്ല. കുഞ്ഞിന് ഭാരം കുറവാണ്. അതിനാൽ ആരെയും കാണിക്കാറായിട്ടില്ല. കൃത്രിമ ഗർഭധാരണത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സീസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്. 

മകൻ സുജിത്ത് സൗദി അറേബ്യയിൽ എഞ്ചിനീയറായിരുന്നു. മരണത്തിന്റെ തലേന്ന് രാത്രി 12 മണിവരെ ഞങ്ങളോട് സംസാരിച്ചതാണ്. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ല. അവൻ കൂട്ടുകാർക്കെല്ലാം സാമ്പത്തിക സഹായം നൽകിയ വിവരം ഞങ്ങൾ അവന്റെ മരണശേഷം സുഹൃത്തുക്കൾ പറയുമ്പോഴാണ് അറിയുന്നത്. അവിവാഹിതനായിരുന്നു. പൊലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽനിന്നു വിരമിച്ചതാണ് സുരേന്ദ്രൻ. സുധർമ റിട്ട.അധ്യാപികയാണ്. 

ഡോക്ടർമാർ പറയുന്നത്

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സീസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽവച്ച് കൃത്രിമ ഗർഭധാരണം നടത്തി 12 ആഴ്ചയ്ക്കു ശേഷമാണ് സുധർമ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. 28 ആഴ്ച കഴിഞ്ഞപ്പോൾ സുധർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

32 ആഴ്ച തികഞ്ഞ മാർച്ച് 18ന് സീസേറിയൻ തീരുമാനിച്ചു. 3 ദിവസം നിരീക്ഷിച്ച ശേഷമാണ് അനസ്തീസിയ നൽകിയതെന്ന് അനസ്തെറ്റിക് വിഭാഗത്തിലെ അഡിഷനൽ പ്രഫസർ ഡോ. ലത ബാബുക്കുട്ടി പറഞ്ഞു.ജനിക്കുമ്പോൾ 1,100 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. എന്നാൽ, ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും 1,350 ഗ്രാമായി.നവജാതശിശു വിഭാഗം മേധാവി ഡോ. ജയറാം ശങ്കർ, ഡോ. മേരി പ്രവീൺ, ഡോ. പ്രവിത, അനസ്തെറ്റിക് വിഭാഗത്തിലെ പ്രഫ. ഹരികൃഷ്ണൻ, ഡോ. മേരി കുര്യാക്കോസ്, ഡോ. നന്ന ആർ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഞ്ഞിന്റെയും മാതാവിന്റെയും പരിചരണം. മേയ് 31നു വിരമിക്കുന്ന തനിക്ക് ഇത് സർവീസിലെ മറക്കാനാകാത്ത അനുഭവമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലളിതാംബിക കരുണാകരൻ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...