വധശിക്ഷയ്ക്ക് കാത്തുനിൽക്കെ യുവതി മരിച്ചു; നിയമം പാലിക്കാൻ മൃതദേഹം തൂക്കിലേറ്റി

woman-hang
SHARE

തൂക്കിലേറ്റുന്നതിന് അൽപസമയം മുൻപ് ഹൃദയസ്തംഭനം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി ഇറാനിയൻ ഭരണകൂടം. ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹ്റ ഇസ്മയിലി എന്ന യുവതിയാണ് തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചത്. സഹ്‌റയ്ക്കൊപ്പം തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മറ്റ് 16 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. എന്നാൽ ശരിയത്ത് നിയമം നടപ്പാക്കുന്നതിനായി യുവതിയുടെ ശരീരം തൂക്കിലേറ്റുകയായിരുന്നു.

ശരിയത്ത് നിയമ പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾക്ക് ശിക്ഷ നടത്തിപ്പിൽ പങ്കാളികളാകാൻ അവകാശമുണ്ട്. സഹ്റയുടെ ഭർതൃ മാതാവിന് ഈ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ  വേണ്ടിയാണ് മൃതദേഹം തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ട സഹ്റയുടെ കാലിന് ചുവട്ടിലെ കസേര ഭർതൃമാതാവ് വലിച്ചു നീക്കുകയും ചെയ്തു. തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചതിനെത്തുടർന്നാണ് സഹ്റ ഭർത്താവിനെ കൊല ചെയ്തത് എന്നാണ് ഇറാൻ ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 

മരണം സ്ഥിരീകരിച്ച ശേഷം സഹ്റയുടെ മൃതദേഹം കഴുമരത്തിലേക്ക് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് അഭിഭാഷകനായ ഒമിഡ് മൊറാദി പറയുന്നു. സഹ്‌റയടക്കം  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  17 പേരെയും ശിക്ഷ നടപ്പാക്കുന്നതിനായി വരിയായി നിർത്തുകയായിരുന്നു. മറ്റുള്ളവരുടെ വധശിക്ഷ കണ്ട ഭയം മൂലമാണ് സഹ്റയ്ക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. വധശിക്ഷ ഇറാനിൽ സാധാരണമാണെങ്കിലും ഇത്രയധികം പേരെ ഒരേ ദിവസം തൂക്കിലേറ്റുന്നത് ഇതാദ്യമായാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...