നിമിഷങ്ങൾ കൊണ്ട് കോൺക്രീറ്റ് കൂമ്പാരമായി ട്രംപ് പ്ലാസ; എട്ടുനില ഉയരത്തിൽ ശേഷിപ്പുകൾ

trump-plazza-new
SHARE

ഒരുകാലത്ത് അറ്റ്ലാന്റിക് സിറ്റിയിലെ ഏറ്റവും പ്രശസ്തമായ ഇടമായിരുന്ന ട്രംപ് പ്ലാസ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻഉടമസ്ഥതയിലുള്ള കാസിനോ കേന്ദ്രമായിരുന്നു ന്യൂജഴ്സിയിലെ ​ട്രംപ്​ പ്ലാസ ഹോട്ടൽ ആൻഡ്​ കാസിനോ. 3,000 ഡൈനമിറ്റ്​ ബോംബുകൾ ഉപയോഗിച്ച്​ നടത്തിയ തുടർസ്​ഫോടനങ്ങളിലൂടെയാണ് ഇവിടം തകര്‍ത്തത്. 800 ഡൈനാമൈറ്റ് സ്റ്റിക്കുകൾ പൊട്ടിത്തീരാൻ വേണ്ടിവന്നത് 19.5 സെക്കൻഡ് നേരം മാത്രമാണ്. 39 നിലകളുള്ള ഈ കെട്ടിടം തകർന്നു നിലം പൊത്തിയപ്പോള്‍ രൂപപെട്ടത് എട്ടുനിലകളോളം ഉയരമുള്ള അവശിഷ്ടങ്ങളാണ്. 

ചൂതാട്ടത്തിനു പേരുകേട്ട സ്ഥലമാണ് ന്യൂജേഴ്‌സി. ഇവിടെ നിരവധി കെട്ടിടങ്ങള്‍ ട്രംപിന്റെ പേരിലുണ്ടായിരുന്നു. 2014 മുതൽ ​ട്രംപ്​ പ്ലാസ അടഞ്ഞുകിടക്കുകയാണ്​. അറ്റ്​ലാന്റിക് കടൽത്തീരത്ത്​ പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ പാപ്പർ നടപടിയിൽ ട്രംപിന്​ നഷ്​ടമായിരുന്നു.  പിന്നീട്  ശതകോടീശ്വരനായ നിക്ഷേപകൻ കാൾ സി. ജീൻ 2016ൽ കെട്ടിടം സ്വന്തമാക്കിയത്. പിന്നീട്  അറ്റകുറ്റപ്പണികൾ മുടങ്ങിയതിനാൽ കെട്ടിട ഭാഗങ്ങൾ അടർന്നുവീഴുന്നത്​ ഭീഷണിയായിരുന്നു. കഴിഞ്ഞ ജൂണിലാണ്​ കെട്ടിടം തകർക്കുമെന്ന്​ അറ്റ്​ലാൻറിക്​ സിറ്റി മേയർ പ്രഖ്യാപനം നടത്തിയത്​. 

റിയൽ എസ്​റ്റേറ്റ്​ രംഗത്തെ അറിയപ്പെട്ട സംരംഭകനായ ട്രംപ്​ 1984ലാണ്​ ഹോട്ടലും കാസിനോയും നിർമിച്ചത്​.  ഓഷ്യൻസ് ഇലവൻ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ കസീനോ തകർന്നടിഞ്ഞതോടെ അവസാനിക്കുന്നത് ട്രമ്പ്‌ യുഗം കൂടിയാണെന്നാണ് കിംവദന്തി. കാസിനോയിൽ ചൂതാട്ടത്തിന്​ പുറമെ ഹെവിവെയ്​റ്റ്​ ബോക്​സിങ്​ മത്സരങ്ങളും അരങ്ങേറിയിരുന്നു.  നിമിഷങ്ങള്‍ക്കകം കെട്ടിടം നിലംപതിക്കുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തിയത്. ഒപ്പം ട്രംപിനു കൂക്കിവിളികളുമായും ആളുകള്‍ കൂട്ടം കൂടിയിരുന്നു. മറുവശത്ത്  കെട്ടിടത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വ്യക്തികളും കണ്ണീരോടെ ദൃക്‌സാക്ഷികളായി. നിലവില്‍ ഈ പ്രദേശത്തു ഒന്‍പതു കാസിനോകള്‍ കൂടിയുണ്ട്. എന്നാല്‍ ലോക്ഡൗണിനു ശേഷം ഇവയിൽ പലതും നിലവില്‍ അടഞ്ഞു കിടക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...