ഐസിയുവിൽ കിടന്ന് സന്തോഷ് ജോർജിന്റെ എഡിറ്റിങ്; ചിത്രങ്ങൾ വൈറൽ; അതിജീവനം

santhosh-editing
SHARE

യാത്ര എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്കു ഓടിയെത്തുന്ന ഒരു മുഖമുണ്ട്. സന്തോഷ് ജോർജ് കുളങ്ങര. ഇദ്ദേഹത്തിന്റെ യാത്രാനുഭവങ്ങളുടെ വിഡിയോകൾ കാണാത്തവർ വിരളമായിരിക്കും. ടിവിയിലൂടേയും യൂ ട്യൂബ് ചാനലിലൂടേയും താൻ സഞ്ചരിച്ച വിശാലമായ ലോകത്തിന്റെ ചിത്രം പങ്കുവച്ചു. വെറുമൊരു സഞ്ചാരി മാത്രമല്ല, ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവർക്കു ഒരു പ്രചോദനം കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. 

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നായിരുന്നു അദ്ദേഹം യാത്രയുടെ പടവുകൾ കയറിയത്. കഠിനാധ്വാനവും അർപ്പണമനോഭാവവും തന്നെയാണ് ഈ സഞ്ചാരിയെ പ്രശസ്തനാക്കിയത്. എന്തു തടസങ്ങളുണ്ടായാലും തന്റെ പരിപാടിയ്ക്കു മുടക്കം വരാതെ ശ്രദ്ധിക്കുമായിരുന്നു. അടുത്ത കാലത്തു രോഗബാധിതനായി കുറച്ചു നാൾ ആശുപത്രിയിലായിരുന്നു. എന്നാൽ രോഗക്കിടക്കയിൽ കിടന്നു കൊണ്ട് തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന ചിത്രങ്ങൾ സഫാരി ചാനൽ പുറത്തു വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾക്കു വൻ പ്രതികരണമാണ് ലഭിച്ചത്. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഒരു മെഡിക്കല്‍ പരിശോധനയിൽ അദ്ദേത്തിന് പിത്താശയത്തിൽ കല്ല് കണ്ടെത്തിത്. എന്നാല്‍ തത്ക്കാലം അത് നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നീട് ജനുവരിയില്‍ വയറ്റിൽ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കല്ല് നീക്കം ചെയ്യാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

നിലവിലെ അവസ്ഥയില്‍ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രകള്‍ക്കിടയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞ ഏതെങ്കിലും രാജ്യങ്ങളില്‍ വെച്ച് സ്ഥിതി ഗുരുതരമായാല്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലൂടെ സന്തോഷ് ജോര്‍ജ് കുളങ്ങര തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

''എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാന്‍ വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.

സി.ടി സ്കാനിൽ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതൽ പരിശോധനകള്‍ നടത്തി.

അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. "ഞായറാഴ്ച പകൽ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍''

MORE IN SPOTLIGHT
SHOW MORE
Loading...
Loading...