33 വർഷം മുൻപ് കാണാതായ സഹോദരനെ തിരികെ കിട്ടിയ നിമിഷം; വികാര നിർഭര രംഗം

brothers-reunion
SHARE

പത്തനംതിട്ട: ‘മധുസൂദനാ ’.. എന്നു മണികണ്ഠൻ ഒന്നേ വിളിച്ചുള്ളു. ആശുപത്രിക്കിടക്കയിൽ അവശനായി കിടന്ന ആൾ ചാടി എഴുന്നേറ്റു ചുറ്റും കണ്ണോടിച്ചു.  പിന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അടുത്തു കിടന്ന മറ്റു രോഗികളോട് പറഞ്ഞു.  അത് തന്റെ ജ്യേഷ്ഠന്റെ സ്വരമാണെന്ന്.  അവിടെ മുന്നിൽ നിന്ന ആളെ സൂക്ഷിച്ചു നോക്കി. താൻ കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാൻ. ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. പിന്നെ ‘ ചേട്ടാ..’ എന്നു പറഞ്ഞ്  മണികണ്ഠനെ കെട്ടിപ്പിടിച്ചു കരഞ്ഞു.  

33 വർഷം മുൻപ് കാണാതായ സഹോദരനെ തിരികെ കിട്ടിയതിന്റെ വികാരനിർഭരമായ രംഗങ്ങൾ കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു.  കൈവിട്ടു പോകാതിരിക്കാൻ പിന്നെ ഇരുവരും കൈയിൽ മുറുകെ പിടിച്ചു.കുമ്പഴയിലെ കടത്തിണ്ണയിൽ  മധുസൂദനൻ (62)  അവശനിലയിൽ  കിടക്കുകയായിരുന്നു. കോവിഡ് ഭയന്ന് ആരും തിരിഞ്ഞു നോക്കിയില്ല.  ഇതറിഞ്ഞ് അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് സേന ഡിവിഷൻ വാർഡൻ ഫിലിപ് മത്തായി എത്തി ജനറൽ ആശുപത്രിയിലാക്കി. ഭക്ഷണവും മരുന്നും കിട്ടിയതോടെ അവശത മാറി. തുടർന്ന് സിവിൽ ഡിഫൻസ് സേന പോസ്റ്റ് വാർഡൻ ജോജി ചാക്കോ, വാർഡൻ അശ്വിൻ മോഹൻ എന്നിവർ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ അരുൺ ഭവനിൽ പരേതനായ കമലാസൻ- സേതു ദമ്പതികളുടെ  ഇളയ മകനാണ് താനെന്നും വീട്ടുകാരെപ്പറ്റി മറ്റൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരം അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ ഓഫിസ് വഴി അന്വേഷണം നടത്തിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. മധുസൂദനൻ അവിവാഹിതനാണ്. 20 കിലോമീറ്റർ അകലെയുള്ള മീനാങ്കലെ ബന്ധുവീട്ടിലേക്ക് പോകാനായി 33 വർഷം മുൻപ് വീടുവിട്ട് ഇറങ്ങിയതാണ്. അവിടെ എത്താഞ്ഞതിനാൽ എല്ലായിടവും  അന്വേഷിച്ചു. ഒരു വിവരവും ലഭിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു. 

തുടർന്നാണ് കുമ്പഴയിൽ നിന്ന് കണ്ടെത്തി അവശനിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കഥ ബന്ധുക്കളെ അറിയിച്ചത് .മൂത്ത സഹോദരൻ മണികണ്ഠൻ അപ്പോൾ തന്നെ പത്തനംതിട്ടയ്ക്ക് പുറപ്പെട്ടു. ജനറൽ ആശുപത്രിയിൽ എത്തി. കോവിഡ് പരിശോധനയ്ക്ക് ശേഷം  വൈകിട്ടാണ് വാർഡിൽ  എത്തി മധുസൂദനനെ സന്ദർശിക്കാൻ അനുമതി ലഭിച്ചത്.  ഒറ്റ നോട്ടത്തിൽ തന്നെ  തിരിച്ചറിഞ്ഞു. പിന്നെ കെട്ടിപ്പിടിച്ചു കരച്ചിൽ ആയിരുന്നു. അമ്മ, മറ്റ് സഹോദരങ്ങൾ എന്നിവരുടെ എല്ലാം വിവരങ്ങൾ ചോദിച്ചു. അമ്മ മരിച്ചതായി അറിഞ്ഞപ്പോൾ വാവിട്ടു കരഞ്ഞു. തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹം തയാറായി.

ഡോക്ടർ എത്തി പരിശോധിച്ച ശേഷമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ അദ്ദേഹം വീട്ടിലേക്കു മടങ്ങി. കൂട്ടിക്കൊണ്ടു പോകാനായി തന്റെ ഭാര്യ ഇന്ദിരയെയും കൂട്ടി എത്തി. ഒപ്പം വരാൻ മടി പറഞ്ഞാൽ കാണിക്കാനായി കുടുംബ സ്വത്തിൽ മധുസൂദനന് ഒഴിച്ചിട്ടിരിക്കുന്ന 30 സെന്റ് സ്ഥലത്തിന്റെ ആധാരവും അവർ കൊണ്ടുവന്നു. 20 വർഷമായി അനാഥനായി കുമ്പഴയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വിവരം അറിഞ്ഞതോടെ  ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി. അജിത്കുമാർ, പോസ്റ്റ് വാർഡൻ ജോജി ചാക്കോ എന്നിവർ  വീട്ടിലേക്ക് മടങ്ങണമെന്ന് പറഞ്ഞു മനസ്സിലാക്കി. വണ്ടിക്കൂലിക്കുള്ള പണവും നൽകി. കളഞ്ഞു കിട്ടിയ നിധിയായി  മധുവിന്റെ കൈയിൽ മുറുകെ പിടിച്ച് മണികണ്ഠനും ഇന്ദിരയും വണ്ടി കയറുന്നത് കാണാൻ ഒട്ടേറെപ്പേരാണ് കാത്തുനിന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...