ഡ്രൈവർമാർ അറിയാൻ..; ഇനി മുതൽ ‘ഡിം’ അടിച്ചില്ലെങ്കിൽ‌ ...

headlight
SHARE

തൊടുപുഴ: തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പിടിവീഴും !. എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ ‘ലക്സ് മീറ്റർ’ ഉപയോഗിച്ചു പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്. വാഹന നിർമാതാക്കൾ ഘടിപ്പിക്കുന്ന ബൾബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വർധിച്ചു വരികയും,

ഇതുമൂലം അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണു പരിശോധന കർശനമാക്കുന്നത്. രാത്രിയാത്രയിൽ ലൈറ്റ് ഡിപ് ചെയ്യാത്തവർക്കെതിരെയും നടപടിയുണ്ടാകും. തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള്ള ഉപകരണമാണ് ലക്‌സ് മീറ്റർ. ജില്ലയിലുള്ള ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്. നിരത്തിലെ നിയമലംഘനത്തിന്റെ വർധന കണക്കിലെടുക്കുമ്പോൾ കൃത്യമായ പരിശോധനകൾക്ക് ഇത് അപര്യാപ്തമാണ്

കാരണം, ജില്ലയിൽ നിലവിൽ ഒരു ഇന്റർസെപ്റ്റർ വാഹനമേ ഉള്ളൂ. എങ്കിലും ഈ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സബ് ആർടി ഓഫിസ് പരിധികളിലും പരിശോധനയുണ്ടാകും. ജില്ലയിൽ ബൈക്കുകളുൾപ്പടെ അതിതീവ്ര പ്രകാശമുള്ള ബൾബുകൾ ഘടിപ്പിച്ചു ചീറിപ്പായുകയാണ്. രാത്രികാല വാഹനാപകടങ്ങളിൽ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്.

എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. ഏതു വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിപ് ചെയ്യണമെന്നാണു നിയമം. എന്നാൽ വാഹനമോടിക്കുന്നവരിൽ പലരും ഇതു പാലിക്കാത്തതും അപകടങ്ങൾക്കു ഇടയാക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...