നിധിവേട്ടയ്ക്കിറങ്ങി; യുവാവിന് കിട്ടിയത് ഹെൻറി ആറാമന്റെ സ്വർണ പ്രതിമ; അമൂല്യം

kevin-16
SHARE

നാല് വർഷം മുമ്പ്‍ കയ്യിലൊരു മെറ്റൽ ഡിറ്റക്ടറുമായി നടക്കാനിറങ്ങിയതാണ് കെവിൻ ഡ്യൂക്കെറ്റെന്ന യുവാവ്. പതിവില്ലാതെ അന്നത്തെ കണ്ടെത്തൽ ഒരു സ്വർണരൂപമായിരുന്നു. രൂപം കണ്ടതും ഇതത്ര നിസാരമല്ലെന്ന് കെവിന് തോന്നി. മനസ് പറഞ്ഞതല്ലേ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് കരുതി കെവിൻ കാത്തിരുന്നു. അങ്ങനെയിരിക്കെ യൂട്യൂബിൽ കണ്ട ഹിസ്റ്റോറിക് റോയൽ പാലസിന്റെ വിഡിയോ കെവിനെ ഞെട്ടിച്ചു. 

ചാൾസ് ഒന്നാമന്‍ രാജാവിന്റെ ഭരണത്തെക്കുറിച്ചുള്ള അവരുടെ വിഡിയോയായിരുന്നു കെവിന്‍ കണ്ടത്. അതിൽ ചാൾസ് ഒന്നാമന്റെ ഒരു പോർട്രെയിറ്റുമുണ്ടായിരുന്നു. 1631ൽ വരച്ചതായിരുന്നു അത്. ചിത്രത്തിൽ രാജാവ് വച്ചിരുന്ന കിരീടത്തെപ്പറ്റി വിഡിയോയിൽ പ്രത്യേകം പറഞ്ഞിരുന്നു. ആ ചിത്രം നോക്കി കിരീടത്തിന്റെ ഒരു കൃത്രിമ പതിപ്പ് എച്ച്ആർപി നിർമിക്കാൻ പോവുകയായിരുന്നു. കിരീടത്തിലേക്കു സൂക്ഷിച്ചു നോക്കിയ കെവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അദ്ദേഹം പിറ്റേന്നുതന്നെ ആ ചിത്രമിരിക്കുന്ന കൊട്ടാരത്തിലേക്കു പോയി, കിരീടത്തിന്റെ ചിത്രം സസൂക്ഷ്മം പരിശോധിച്ചു–അതെ, അതുതന്നെ! മൂന്നു വർഷം മുൻപ് നോർതാംപ്ടൺഷറിലെ ഒരു വയലിനോടു ചേർന്നുള്ള മരത്തിന്റെ കീഴിൽനിന്നു കെവിൻ കണ്ടെത്തിയ സ്വർണരൂപം ആ കിരീടത്തിൽനിന്നുള്ളതായിരുന്നു. അതായത്, ബ്രിട്ടൺ ഭരിച്ചിരുന്ന രാജാക്കന്മാരുടെ കിരീടത്തിന്റെ ഭാഗമാണ് താൻ മെറ്റൽ ഡിറ്റക്ടറിന്റെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നത്. 2020 ലാണ് കെവിൻ ഇക്കാര്യം തിരിച്ചറിഞ്ഞത്. 

മുന്നൂറിലേറെ റൂബി, മരതകം, രത്നം, വജ്രം, മുത്ത്, പവിഴം തുടങ്ങിവ കൊണ്ടലങ്കരിച്ചതായിരുന്നു ആ കിരീടം. അതോടൊപ്പം മുൻകാല രാജാക്കന്മാരുടെ പലവിധ രൂപങ്ങളുമുണ്ടായിരുന്നു. കൂട്ടത്തിൽ ഹെൻറി ആറാമന്റെ ചെറിയ സ്വർണ പ്രതിമയും കിരീടത്തിൽ ചേർത്തിരുന്നു. ആ പ്രതിമയാണ് കെവിന് ലഭിച്ചിരുന്നത്. ഇന്നത്തെ മൂല്യം കണക്കാക്കിയാൽ അതിന് 20 കോടി രൂപയെങ്കിലും വരും! പക്ഷേ ചരിത്രപരമായ മൂല്യം അളവറ്റതാണ്. ബ്രിട്ടിഷ് രാജവംശത്തിന്റെ ചരിത്രവുമായി അത്രയേറെ ബന്ധമുണ്ട് അതിന്. ഒരുപക്ഷേ ചരിത്രത്തെത്തന്നെ അട്ടിമറിക്കാന്‍ ശേഷിയുള്ള ഒന്നായിരുന്നു ആ സ്വർണ രൂപം. അതിനു പിന്നിലെ കഥയിങ്ങനെ– 1509 മുതൽ 1547 വരെ ഇംഗ്ലണ്ട് ഭരിച്ച രാജാവായിരുന്നു ഹെൻറി എട്ടാമൻ. സ്വർണവും വിലയേറിയ കല്ലുകളും പതിച്ച് അദ്ദേഹം നിർമിച്ച കിരീടം മരണം വരെ ഒപ്പമുണ്ടായിരുന്നു. 

മരണശേഷം അത് മക്കളായ എഡ്വേഡ്, മേരി, എലിസബത്ത് എന്നിവർ പലപ്പോഴായി അധികാരമേറ്റ സമയത്ത് ഓരോരുത്തരുടെയും ശിരസ്സിന് അലങ്കാരമായി. ജയിംസ് ഒന്നാമൻ രാജാവിനു ശേഷമാണ് അതു ചാൾസ് ഒന്നാമനു ലഭിക്കുന്നത്. ഏറ്റവും അവസാനമായി ആ കിരീടം വയ്ക്കാൻ ഭാഗ്യം ലഭിക്കുന്നതും അദ്ദേഹത്തിനായിരുന്നു. ഭാഗ്യമെന്നു പറയാനാവില്ല, ആഭ്യന്തര യുദ്ധത്തിനു പിന്നാലെ രാജവാഴ്ച അവസാനിച്ചു. ചാൾസിനെ വധശിക്ഷയ്ക്കു വിധിച്ചു. അധികാരത്തിലെത്തിയ ഒലിവര്‍ ക്രോംവെൽ കിരീടം ഉരുക്കി അതിലെ സ്വർണമെടുത്ത് നാണയങ്ങളുണ്ടാക്കാന്‍ ഉത്തരവിടുകയും ചെയ്തു. 1649ലായിരുന്നു അത്. കിരീടത്തിനു പിന്നീടെന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ലായിരുന്നു. 

പലരും കരുതിയത് കിരീടം ഉരുക്കിക്കളഞ്ഞെന്നായിരുന്നു. എന്നാൽ ചരിത്രത്തിലെ ആ ഏടിൽ മാത്രം ചെറിയൊരു പിശകു പറ്റി. കിരീടം ഒലിവറിന്റെ കൈകളിൽ അകപ്പെട്ടില്ലെന്നാണ് പുതിയ സ്വർണരൂപത്തിന്റെ കണ്ടെത്തലോടെ വ്യക്തമാകുന്നത്. 

രണ്ടര ഇഞ്ച് മാത്രം വലുപ്പമുള്ള ആ രൂപം കെവിൻ കണ്ടെത്തി പ്രദേശത്തിനു അടുത്തായിരുന്നു ബാറ്റിൽ ഓഫ് നേസ്ബി എന്ന കുപ്രസിദ്ധ യുദ്ധം നടന്നത്. 1645 ജൂണിലെ ആ യുദ്ധത്തിലാണ് ചാൾസ് ഒന്നാമനെ അധികാരഭ്രഷ്ടനാക്കി ഒലിവർ തലപ്പത്തെത്തിയത്. യുദ്ധക്കളത്തിൽനിന്നു പലായനം ചെയ്യുന്നതിനിടെ ഒന്നുകിൽ ചാൾസ് ഒളിപ്പിച്ചതാകാം കിരീടമെന്നു കരുതുന്നു. അല്ലെങ്കിൽ വീണുപോയതാകാം. മണ്ണിൽ ആരുമറിയാതെ അടിഞ്ഞ കിരീടം പല കഷ്ണങ്ങളായിപ്പോവുകയും ഒടുവിൽ സ്വർണരൂപം മാത്രം അവശേഷിക്കുകയും ചെയ്തതാകാമെന്നും പുരാവസ്തു ഗവേഷകർ പറയുന്നു. 

1649ൽ ചാൾസ് ഒന്നാമന്റെ വധശിക്ഷ നടപ്പാക്കിയതോടെ രാജവാഴ്ചയ്ക്ക് അവസാനമാവുകയും ചെയ്തു. എങ്കിലും കിരീടത്തിന്റെ കഥ പറയാൻ സ്വർണരൂപം മാത്രം ബാക്കിനിന്നു. അതു കണ്ടെത്തിയ കെവിനും അഭിമാനിക്കാം. ഒരു അമേച്വർ നിധിവേട്ടക്കാരൻ കണ്ടെത്തിയ ഏറ്റവും മൂല്യമേറിയ വസ്തുക്കളിലൊന്നായിരുന്നു ആ രൂപം. നിലവിൽ ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണത്. ഹെൻറി രാജാവിന്റെ കിരീടത്തിലുണ്ടായിരുന്നതാണ് ഇതെന്നു തെളിയിക്കാനുള്ള പരിശോധനകളും തുടരുകയാണ്. ആണെന്നു തെളിഞ്ഞാൽ കെവിന്റെയും രാശിയും തെളിയും. 20.20 കോടി രൂപ മൂല്യമുള്ള കിരീടം ബ്രിട്ടിഷ് മ്യൂസിയത്തിനു വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ നല്ലൊരു പങ്ക് കെവിന് അവകാശപ്പെട്ടതാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...