ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടർ; ഗോവയ്ക്ക് പോട്ടെയെന്ന് ഞാന്‍; ആ യാത്ര

nandu-goa-trip-new
SHARE

‘മൂന്നു ദിവസം ഗോവയിൽ അടിച്ചുപൊളിച്ചു, പബ്ബിൽ പോയി, നൃത്തം ചെയ്തു, പാട്ട് പാടി, കാർ ഓടിച്ചു..’ ശരീരത്തിന്റെ ക്ഷീണം ആ വാക്കുകളിലേക്ക് അന്നും ഇന്നും എത്തിക്കാത്ത നന്ദു മഹാദേവ പറഞ്ഞുതുടങ്ങി. ഓരോ വാക്കിലും ഒരായിരം ആവേശവും ആത്മവിശ്വാസവും പകരാൻ ഈ ചെറുപ്പക്കാരനെ പോലെ മറ്റൊരാൾ ഇപ്പോൾ കേരളത്തിലില്ല എന്ന് ഇഷ്ടക്കാർ പറയുന്നത് വെറുതേയല്ല എന്ന് ഉറപ്പാകും നന്ദുവിനോട് സംസാരിച്ചാൽ. ‘കാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല. പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി..’ ഇന്നലെ നന്ദു കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ ആ ഗോവൻ യാത്രയെ കുറിച്ച് നന്ദു മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘അതിജീവനം എന്ന ഗ്രൂപ്പിൽ നിന്ന് ഒരുപാട് ചങ്ങാതിമാരെ കിട്ടിയിരുന്നു. കാൻസർ ബാധിച്ചവർ, അതിജീവിച്ചവർ, പിന്തുണയ്ക്കുന്നവർ അങ്ങനെ കുറേപേർ. ഇക്കൂട്ടത്തിലെ പ്രിയ ചങ്കുകളായ മൂന്നുപേർ ചേർന്നാണ് യാത്രയുടെ പദ്ധതിയിട്ടത്. കോഴിക്കോട്ടുകാരനായ ജസ്റ്റിൻ, എറാണാകുളത്തുകാരനായ വിഷ്ണു. പിന്നെ ഞാനും. ഞങ്ങൾ മൂന്നുപേരും കാൻസർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. എവിടെ പോയാലും ഞങ്ങൾ ഒരുമിച്ചാകും പോകുന്നത്. ഞങ്ങൾ മൂന്നുപേരും പിന്നെ എന്റെ അനിയനും മറ്റൊരു സുഹൃത്തും ചേർന്നാണ് ഗോവയ്ക്ക് വണ്ടി പിടിച്ചത്. കാറിലായിരുന്നു യാത്ര.

കരളിലേക്ക് കാൻസർ ആയി എന്നു അറിഞ്ഞപ്പോൾ, ഇനി അധികമൊന്നും ചെയ്യാനില്ല എന്നറിഞ്ഞപ്പോൾ, ഞാൻ ഡോക്ടറോട് ചോദിച്ചു. എനിക്കൊരു യാത്ര പോകണമെന്ന്. അദ്ദേഹം സമ്മതിച്ചു. പോയി വരാൻ പറഞ്ഞു. പിന്നെ ഞാൻ എന്റെ ചങ്കുകളെ വിവരം അറിയിച്ചു. അവൻമാരും പാഞ്ഞെത്തി. കോവിഡ് മുൻകരുതൽ ഒക്കെ സ്വീകരിച്ചായിരുന്നു യാത്ര. കാർ ഓട്ടോമാറ്റിക് ആയതുകൊണ്ട് എനിക്കും ജസ്റ്റിനും വണ്ടിയോടിക്കാൻ കഴിഞ്ഞു. അവനും എന്നെ പോലെ ഒരു കാല് കാൻസറിന് കൊടുത്തിരുന്നു. പക്ഷേ ഈ ട്രിപ്പിൽ ഞങ്ങൾ എല്ലാ മറന്ന് ആസ്വദിച്ചു. അടിച്ചുപൊളിച്ചു. 

പബ്ബിൽ ഞങ്ങൾ ‍ഡാൻസ് ചെയ്യുന്നത് കണ്ട് ഒരുപാട് പേർ വന്ന് സംസാരിച്ചു. ഒപ്പം നിന്ന് ഫോട്ടോ എടുത്തു. നമ്പർ വാങ്ങി. സീസൺ അല്ലാത്തത് െകാണ്ട് ഗോവയിൽ തിരക്ക് കുറവായിരുന്നു. അതുകൊണ്ട് എല്ലായിടത്തും നല്ലതുപോലെ ആസ്വദിക്കാൻ പറ്റി. കാൻസർ വന്നാൽ വീടിന് പുറത്തിറങ്ങാൻ മടിക്കുന്നവരാണ് ഏറെ. എല്ലാ സുരക്ഷയും ഉറപ്പുവരുത്തി യാത്ര പോകണം എന്നാണ് എനിക്ക് പറയാനുള്ളത്. കാണാൻ ഒരുപാടുണ്ട് ഇവിടെ. കണ്ടാലും കണ്ടാലും തീരാത്ത അത്ര കാഴ്ചകളാണ് ചുറ്റും. യാത്ര പോകണം ചങ്കുകളേ.. എന്റെ ഹിമാലയം യാത്ര, ഒരു ആൾ ഇന്ത്യ യാത്ര.. ഇതു രണ്ടും ഇപ്പോഴും ബാക്കിയാണ്. പോകണം. ഞാൻ‌ പോകും..’ പറഞ്ഞുതുടങ്ങിയ ഉൗർജം തെല്ലും കുറയാതെ നന്ദു ഗോവൻയാത്ര പറഞ്ഞവസാനിപ്പിച്ചു.

രോഗം കരളിലേക്ക് കടന്നതോടെ ചെയ്യാനുള്ളതെല്ലാം ചെയ്തു എന്ന അവസ്ഥയിലാണ്. ഇനി സർജറിയോ കീമോയോ ചെയ്യാൻ കഴിയില്ല. ആകെ കഴിയുന്നത് ഇതിന്റെ വളർച്ച തടയാൻ മരുന്ന് കഴിക്കുക മാത്രമാണ്. ഇപ്പോൾ പത്തിരട്ടി വേദനയാണ് ഉണ്ടാകുന്നത്. തിങ്കളാഴ്ചയോടെ കൂടുതൽ വിവരങ്ങൾ അറിയാം. അമേരിക്കയിലേക്ക് കൊണ്ടുപോകണം എന്നൊക്കെ ഡോക്ടർമാർ ചർച്ച ചെയ്യുന്നുണ്ട്. അതേ പറ്റിയെല്ലാം ഇനിയേ അറിയാൻ കഴിയൂ. ഇവിടെ ചെയ്യാൻ ഉള്ളതെല്ലാം ചെയ്തു. ഞാൻ മടങ്ങിവരും. ഹിമാലയൻ യാത്ര പോകും– നന്ദു പറഞ്ഞുനിര്‍ത്തി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...