മോഹൻലാലിനൊപ്പം ഫൈറ്റ് രംഗത്തിൽ; ശേഷം ബോളിവുഡിലും; കർണന് കണ്ണീർ പ്രണാമം

mangalamkunnu-karnan-and-films
SHARE

കേരളത്തിലെ നാട്ടാനകളിൽ പ്രമുഖനായ മംഗലാംകുന്ന് കർണൻ ചരിഞ്ഞ വാർത്ത ആനപ്രേമികളും പൂരപ്രേമികളും സിനിമാപ്രേമികളും ദു:ഖത്തോടെയാണ് കേട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരത്തിനടുത്ത് മംഗലാംകുന്ന് ആനത്തറവാട്ടിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം

മലയാള സിനിമ മുതൽ ബോളിവുഡ് വരെയെത്തിയ പെരുമയുണ്ട് മംഗലാംകുന്ന് കർണന്. നരസിംഹം സിനിമയിലെ സംഘട്ടനരംഗത്തില്‍ മോഹൻലാലിനൊപ്പം ഈ ഗജവീരനെ കാണാം. ജയറാം നായകനായ കഥാനായകന്‍ എന്ന ചിത്രത്തിലും കര്‍ണുണ്ട്. 

മണിരത്നം സംവിധാനം ചെയ്ത ദില്‍സെയിലൂടെ ബോളിവുഡ് വരെ കർണൻ എത്തി. ദിൽസേയില്‍ പ്രീതി സിന്റെയും ഷാരൂഖ് ഖാനും അഭിനയിച്ച ജിയാ ജലേ എന്ന ഗാനരംഗത്തിൽ കര്‍ണന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിറക്കല്‍ കാളിദാസൻ ഉൾപ്പെടെയുള്ള ആനകൾ അന്ന് കർണനൊപ്പം ഉണ്ടായിരുന്നു. ഒട്ടനവധി പരസ്യചിത്രങ്ങളിലും കര്‍ണന്‍ നിറഞ്ഞുനിന്നു. 

മംഗലാംകുന്ന് കര്‍ണ്ണന്റെ വിയോഗത്തില്‍ നടന്‍മാരായ പൃഥ്വിരാജും, ടൊവിനോ തോമസും അനുശോചനമറിയിച്ചു. 

തൃശൂർ പൂരം ഉൾപ്പെടെയുള്ള മുൻനിര ഉത്സവങ്ങളിൽ വർഷങ്ങളോളം പങ്കെടുത്തു. ഇത്തിത്താനം ഗജമേള, വടക്കന്‍പറവൂര്‍ ചക്കുമരശേരി, ചെറായി എന്നിവിടങ്ങളിലെ തലയെടുപ്പു മത്സരങ്ങളിലും തുടര്‍ച്ചയായി വിജയിച്ചിരുന്നു. 91 ല്‍ വാരണാസിയില്‍ നിന്നാണ് കേരളത്തിലെത്തിയത്. മനിശേരി ഹരിദാസില്‍ നിന്ന് പിന്നീട് മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലായിരുന്നു.

എഴുന്നളളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെയുളള ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ ആ നിൽപിന് ആരാധകർ ഏറെയുണ്ടായിരുന്നു. കൂടുതല്‍ ഉയരമുളള ആനകള്‍ക്കിടയിലും ഇൗ പ്രൗഢി കൊണ്ട് മംഗലാംകുന്ന് കര്‍ണന്‍ താരമായിരുന്നു. എഴുന്നളളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാളും കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാമായിരുന്നു. 2019 മാർച്ചിലാണ് കർണൻ ഏറ്റവും ഒടുവിലായി ഉൽസവത്തിൽ പങ്കെടുത്തത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...