അപ്പനേയും അമ്മയേയും പട്ടിണിക്കിട്ട് ആഹാരം കഴിച്ച മകൻ: കുറിപ്പ്

father3
SHARE

മുണ്ടക്കയത്ത് മാതാപിതാക്കളെ മകന്‍ പട്ടിണിയ്ക്കിടുകയും ഇതുമൂലം പിതാവ് മരിക്കുകയും ചെയ്ത സംഭവം കേരളക്കരയെ ആകെ ഞെട്ടിച്ചതാണ്. 80 വയസുള്ള പൊടിയനാണ് പട്ടിണി മൂലം മരണപ്പെട്ടത്. ഭാര്യ അമ്മിണി ചികിത്സയില്‍ കഴിയുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

അപ്പനെയും അമ്മയെയും  ഒരു മുറിയിലടച്ചു നരകിപ്പിച്ചിട്ടു, സ്വസ്ഥമായെന്നു കരുതുന്ന കുറെ ജന്മങ്ങളിൽ ഒന്നാണ് കോട്ടയം  മുണ്ടക്കയത്തു റെജി എന്ന പുത്രൻ. വാർദ്ധക്യ മാതാപിതാക്കളെ മതിയായ സംരക്ഷണം നൽകാതെ, പട്ടിണിക്കിട്ട (സൽ)പുത്രൻ, തുടർന്നു  80 വയസ്സുള്ള അപ്പൻ ഇനിയി ക്രൂരത ഏൽക്കണ്ടല്ലോ എന്നാശ്വസിച്ചാവണം മരണമടഞ്ഞതും.

തൊട്ടപ്പുറത്തു ഇറച്ചിക്കറിയും മീനും കൂട്ടി മകനും കുടുംബവും ചോറുണ്ടപ്പോൾ എത്രയോ ദിവസങ്ങളിൽ ആ പാവങ്ങൾ വിശപ്പിന്റെ ആവലാതികളിൽ നെടുവീർപ്പിട്ടുണ്ടാവും. രോഗവും ദുരിതവും പേറി ആ ഒറ്റമുറിയിൽ കഴിഞ്ഞ പാവങ്ങൾ, അമ്മിണിയും പൊടിയനും. വാർദ്ധക്യം ഇന്നവർക്കാണെങ്കിൽ നാളെ നീയും ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടതാണെന്നു ഓർക്കുക. വിശപ്പിന്റെ വിളി ആരുടേതായാലും കേൾക്കാതിരിക്കല്ലേ, അപ്പനും അമ്മയും വിശപ്പിനോട് പൊരുതിയപ്പോഴും ആഹാരമിറക്കാൻ കഴിഞ്ഞല്ലോ റെജി നിനക്ക്!

നിന്നെ പോലുള്ള ഒന്നിന്റെ അപ്പനും അമ്മയും ആകേണ്ടി വന്നതിന്റെ വേദന എത്രയോ പ്രാവശ്യം ഉമിനീരിനൊപ്പം ആ പാവങ്ങൾ കുടിച്ചിറക്കിയിട്ടുണ്ടാവും. അടുത്തിടെ അപ്പനെയും അമ്മയെയും തല്ലുന്ന മക്കളുടെ എണ്ണവും  വർധിച്ചു വരുകയാണ്. മക്കൾക്കെതിരെ പരാതിയില്ലെന്നും പറഞ്ഞു ഈ അസുരന്മാരെ രക്ഷപ്പെടുത്തുന്ന പാവം മാതാപിതാക്കളും. 'എന്റെ മോൻ പാവമാ, മോളു പാവമാ', എന്നും പറഞ്ഞുവരുന്ന മാതാപിതാക്കളോട് എന്തു പറയാനാണ്!

ഇത്തരത്തിൽ മാതാപിതാക്കളോട് ക്രൂരത കാണിക്കുന്ന മക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണം, ഞങ്ങൾക്ക് പ്രശ്നമില്ല, പരാതിയില്ല എന്നു പറഞ്ഞാൽ കൂടിയും. നാളെ ഇതു പോലുള്ള ക്രൂരതകൾ അരങ്ങേറാതെ ഇരിക്കണമെങ്കിൽ ഇന്നേ നമ്മൾ ജാഗ്രത പാലിക്കണം. ജനപ്രതിനിധികൾ ഒരാപത്തു വരുമ്പോൾ മാത്രം ഓടി എത്താൻ നിൽക്കാണ്ട്, തങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന വീടുകളിൽ എങ്കിലും ഈ ക്രൂരതകൾ നടക്കുന്നില്ലെന്നു ഉറപ്പു വരുത്തുക. നീറുന്ന മനസ്സുകൾ ഇനിയുമെത്രയോ അകത്തളങ്ങളിൽ ഒരിറ്റു സ്നേഹവും ദയയും പ്രതീക്ഷിച്ചിരിപ്പുണ്ടാകും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...