68കാരൻ ആശുപത്രിയിൽ; ഒരാഴ്ച ആശുപത്രിക്ക് പുറത്ത് നായയുടെ കാവൽ; അപൂർവം

dog-love-video
SHARE

ലോകത്ത് ഏറ്റവും നന്ദിയുള്ള മൃഗം നായ ആണെന്ന് പറയാറുണ്ട്. ഇവിടെ ആ വാചകത്തിന് അടിവരയിടുകയാണ് ഈ നായയുടെ സ്നേഹം. തുർക്കിയിലെ ഈ നായ ഇന്ന് ലോകമെങ്ങും താരമാണ്. അതിന് കാരണം അവളുടെ കാത്തിരിപ്പാണ്. തന്റെ ഉടമസ്ഥൻ ആശുപത്രിയിലായതോടെ ബോണ്‍കക്ക് എന്ന പെണ്‍നായ ആശുപത്രിക്ക് പുറത്ത് കാവൽ ഇരുന്നു. ഒരാഴ്ചയോളം അവൾ ആ ആശുപത്രിയുടെ വാതിലിൽ കറങ്ങി നിന്നു. 68 വയസുള്ള ഉടമസ്ഥൻ പുറത്തുവരുന്നതും കാത്ത്.

ഈ മാസം 14നാണ് ബോണ്‍കക്കിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വീട്ടിൽ നിന്നും അദ്ദേഹത്തെ കൊണ്ടുവന്ന ആംബുലൻസിന് പിന്നാലെ ഓടിയെത്തിയ നായ കാവൽ തുടർന്നു. ഇടയ്ക്ക് അവൾ ചുറ്റും നടക്കും. എന്നാലും ആശുപത്രിയുടെ പ്രധാന വാതിലും പരിസരവും വിട്ട് എങ്ങും പോകില്ല. ഓരോ തവണ വാതിൽ തുറക്കുമ്പോഴും അവൾ അകത്തേക്ക് നോക്കും. ഇതോടെ ഈ സ്നേഹം ചർച്ചയായി. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും അവൾക്ക് ഭക്ഷണം നൽകി. പല തവണ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോയതിലും വേഗത്തിൽ അവൾ മടങ്ങിയെത്തി കാവൽ തുടരും. 

ഒരു മനുഷ്യനെ പോലും ഒന്നു കുരച്ച് പോലും പേടിപ്പാക്കാതെ കാവലിരുന്ന ആ നായയ്ക്ക് മുന്നിലേക്ക് ഒടുവിൽ വീൽച്ചെയറിൽ ഉടമ എത്തി. വാക്കുകൾ കൊണ്ട് വർണിക്കുന്നതിനും അപ്പുറത്തായിരുന്നു അവളുടെ പ്രതികരണം. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...