തീഗോളം വന്നിടിച്ചു; പാറകൾ ഉരുകിയൊലിച്ചു; ഒപ്പം കാട്ടുതീയും; വെന്തുരുകി ദിനോസറുകൾ

dino-23
പ്രതീകാത്മക ചിത്രം
SHARE

ഭൂമുഖത്ത് നിന്ന് ദിനോസറുകൾ തുടച്ച് നീക്കപ്പെട്ടതിനെ കുറിച്ച് നിർണായകവും വിശ്വാസ്യവുമായ തെളിവുകൾ പുറത്ത് വിട്ട് ശാസ്ത്രലോകം. ആറരക്കോടി വർഷം മുൻപ് മെക്സിക്കയിലെ യൂക്കാറ്റൻ പ്രദേശത്ത് വന്ന് പതിച്ച ഛിന്നഗ്രഹമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കംപ്യൂട്ടർ മോഡലുകളുടെ സഹായത്തോടെയാണ് ഈ വിവരം ശാസ്ത്രജ്ഞർ വിശദീകരിച്ചത്. ഛിന്നഗ്രഹം വന്നിടിച്ച ആഘാതത്തിൽ ഏകദേശം 180 കിലോമീറ്റർ വീതിയിൽ വിള്ളലുണ്ടായി. ഏകദേശം 900 മീറ്റർ ആഴമുണ്ടായിരുന്നു അതിന്. 1970കൾ വരെ ഈ വിള്ളലിനെപ്പറ്റി ആർക്കും അറിവുണ്ടായിരുന്നില്ല. 

പെട്രോളിയം ഖനനത്തിനു വേണ്ടി കടലിൽ പ്രത്യേക പ്രദേശങ്ങൾ തിരയുന്നതിനിടെയായിരുന്നു വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഇതു വിശദമായി പിന്നീട് പലരും പരിശോധിച്ചു. അങ്ങനെയാണ് 1980ൽ രണ്ട് അമേരിക്കൻ ഗവേഷകർ ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹം വന്നിടിച്ചുണ്ടായതാണു വിള്ളലെന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്. 2016ൽ വിള്ളലിന്റെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തിയതോടെയാണു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഏകദേശം 130 മീറ്റർ പ്രദേശത്തെ പാറകളുടെ ഘടന പഠിക്കുകയായിരുന്നു ഗവേഷകർ. ഒരു സെന്റിമീറ്റർ പാറയിൽ നിന്നു തന്നെ ഏകദേശം 1000 വർഷത്തെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഘടനയെപ്പറ്റി പഠിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോഫിസിക്സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 

പരിശോധിച്ച പാറകളിൽ നിന്നു ലഭിച്ച തെളിവുകൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അതും ഛിന്നഗ്രഹം വന്നുവീഴുന്നത് നേരിട്ടു കണ്ട ഒരു വ്യക്തി പറഞ്ഞുതരുന്നതു പോലെ കൃത്യമായ തെളിവുകൾ. ഛിന്നഗ്രഹം വന്നുവീണതിനെത്തുടർന്ന് പാറകളും മറ്റും ഉരുകിയൊലിച്ചു, കാട്ടുതീയുണ്ടായി, തുടർന്ന് സൾഫർ വാതകം രൂപപ്പെട്ടു. ഒപ്പം അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞു. ഇവ രണ്ടും അന്തരീക്ഷത്തിൽ ഒരു പുതപ്പു പോലെ നിറഞ്ഞതോടെ സൂര്യപ്രകാശം ഭൂമിയിലേക്കു പതിക്കാതായി. ഏകദേശം 5 വർഷത്തോളം ഇതു തുടർന്നു. കാലാവസ്ഥ തകിടം മറിഞ്ഞു. ഏകദേശം 325 ബില്യൻ മെട്രിക് ടൺ സൂക്ഷ്മവസ്തുക്കളാണ് അന്ന് അന്തരീക്ഷത്തിൽ നിറഞ്ഞത്. അതിൽത്തന്നെ മഹാഭൂരിപക്ഷവും സൾഫറായിരുന്നു. 

അതിശക്തമായ സൂനാമി ഇതിനൊപ്പമുണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ആഞ്ഞടിച്ചു കയറിയ തിര പിന്മാറിയപ്പോൾ കരയിലെ ഒട്ടേറെ വസ്തുക്കളെയും ഒപ്പം കൊണ്ടുപോയിരുന്നു. മരങ്ങൾ കരിഞ്ഞതും കരയിൽ കാണപ്പെടുന്ന തരം ഫംഗസുകളുമെല്ലാം വിള്ളലിൽ കണ്ടെത്തി. മണൽപ്പാറകൾക്കുള്ളിലും അവയോടു ചേർന്നുമായിരുന്നു ഇവ കണ്ടെത്തിയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...