നടത്തം ഒറ്റക്കാലിൽ; പിളർന്ന നാവ്; ഇൻവൂഞ്ചെയെന്ന 'രാക്ഷസന്റെ' കഥ

invunche-14
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

കുട്ടികളെ ഭയപ്പെടുത്താൻ വേണ്ടി പറയുന്ന കഥകൾക്ക് പഞ്ഞമില്ലാത്ത നാടാണ് തെക്കൻ ചിലി. ഇൻവൂഞ്ചയ്ക്ക് പിടിച്ചു കൊടുക്കുമെന്ന് കേട്ടാൽ എത്ര വികൃതിക്കുട്ടിയും ഭയന്ന് മര്യാദരാമൻമാരാകും. സത്യം പറഞ്ഞാൽ കുട്ടികളെ പേടിപ്പിക്കാൻ വിളിക്കുമെന്ന് പറയുന്ന ഇൻവൂഞ്ചെ ഒരു സാധു രാക്ഷസനാണ്. 

ചിലെയിൽ പണ്ട് ഒരു കുടുംബത്തിൽ ആദ്യത്തെ ആൺകുട്ടിയുണ്ടായാൽ അവനെ മന്ത്രവാദികൾക്കു വിൽക്കുന്ന പതിവുണ്ടായിരുന്നു. ഒൻപതു ദിവസം പ്രായമാകുമ്പോഴാണു മന്ത്രവാദികള്‍ക്കു കൈമാറുക. ചിലെയിലെ ചിലോതെ ദ്വീപിലാണ് മന്ത്രവാദികളുടെ ഗുഹകൾ. അതിനകത്തേക്ക് ആരും കടക്കാതെ തടയാനുള്ള കാവൽക്കാരനാക്കാൻ വേണ്ടിയാണു കുട്ടികളെ കൊണ്ടുപോകുന്നത്. അതിനു മുൻപ് കുട്ടിയെ ഒരു രാക്ഷസനാക്കി മാറ്റും. അതാണ് ഇൻവൂഞ്ചെ എന്നറിയപ്പെടുന്നത്. കുട്ടിയെ ആരും ഭയപ്പെടുന്ന രൂപത്തിലേക്കു മാറ്റുന്നതാണ് ആദ്യത്തെ പടി. ഇതിനു വേണ്ടി അവന്റെ കാലുകളിലൊന്ന് പിറകിലോട്ട് വലിച്ച് കഴുത്തോടു ചേർന്ന് തുന്നിച്ചേർക്കും. ഓരോ ദിവസവും പതിയെ കഴുത്ത് പിന്നിലേക്കു തിരിച്ചു വയ്ക്കും. കുട്ടിക്ക് തിന്നാൻ കൊടുക്കുന്നതാകട്ടെ മനുഷ്യമാംസവും! 

കൈകളും വിരലും വായും ചെവിയുമെല്ലാം ഇത്തരത്തിൽ പല പ്രയോഗങ്ങൾ നടത്തി വികൃതമാക്കും. ഒറ്റക്കാലിലാണ് ഇൻവൂഞ്ചെകൾ നടക്കുക. അല്ലെങ്കിൽ ഒരു കാലും രണ്ടു കയ്യും നിലത്തു കുത്തി. രണ്ടാമത്തെ കാൽപിന്നിലോ ചുമലിനോടു ചേർന്നോ പിരിച്ച് തുന്നിച്ചേർത്തു വച്ചിരിക്കുകയാവും. കാലക്രമേണ അത് ശരീരത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. അതോടെ ആരും ഭയപ്പെടുന്ന രൂപത്തിലേക്കും ഇൻവൂഞ്ചെ മാറും. ഒരു പ്രത്യേകതരം ലേപനവും മന്ത്രവാദികൾ ഇവയുടെ ശരീരത്തിൽ പ്രയോഗിക്കും. അതോടെ ദേഹം മുഴുവനും രോമവും നിറയും. കൈകാലുകളെല്ലാം വികൃതമാക്കി രണ്ടു മാസം കഴിയുമ്പോൾ മന്ത്രവാദി ഇൻവൂഞ്ചെയുടെ നാവ് രണ്ടായി പിളർക്കും. അതിനാൽ ഇവയ്ക്കു സംസാരിക്കാനുള്ള കഴിവില്ല, പകരം മുരൾച്ചയും മറ്റു ശബ്ദങ്ങളുമുണ്ടാക്കിയാണ് ആശയവിനിമയം നടത്തുക. 

കഴുത്ത് ദിവസവും പിന്നിലേക്കു തിരിച്ച് ഒടുവിൽ തല പൂർണമായും തിരിക്കാനുള്ള ശേഷിയും ഈ രാക്ഷസന്മാർക്കു ലഭിക്കും. ശരീരത്തിലെ എല്ലാ അവയവങ്ങളും വികൃതമായിരിക്കുകയും മനുഷ്യനു ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്യാനാവുകയും ആകുന്നതോടെ ഇൻവൂഞ്ചെ ശരിക്കുമൊരു വികൃതരാക്ഷസനായി. പിന്നീട് മന്ത്രവാദിയുടെ ഗുഹയുടെ കാവൽക്കാരനായി ജീവിക്കുകയും ചെയ്യും. ഇവയ്ക്കുള്ള ഭക്ഷണം കൃത്യമായി ഗുഹയിലെത്തും. പൂച്ചയുടെ പാലും ആട്ടിറച്ചിയുമാണ് ഇവയുടെ പ്രിയഭക്ഷണം. ഇടയ്ക്ക് മനുഷ്യമാംസവും. ഗുഹയിൽ ആവശ്യത്തിനു ഭക്ഷണമെത്തിയില്ലെങ്കിൽ മാത്രമേ ഇവ വേട്ടയ്ക്കു പുറത്തിറങ്ങുകയുള്ളൂ. യജമാനനായ മന്ത്രവാദിയെ വിട്ടു പോകാനും അനുവാദമില്ല. മന്ത്രവാദിയുടെ പ്രവൃത്തികൾക്കു നേരെ ചില ഗ്രാമങ്ങളില്‍ മുറുമുറുപ്പുണ്ടാകാറുണ്ട്. അത്തരം ഘട്ടത്തിൽ അവരെ ഭയപ്പെടുത്താൻ ഇൻവൂഞ്ചെയെ ഉപയോഗിക്കും. മറ്റു മന്ത്രവാദികളുമായി വഴക്കുണ്ടാകുമ്പോഴും പ്രതികാരത്തിന് ഈ രാക്ഷസനെയാണ് ഉപയോഗിക്കുക. എപ്പോഴെങ്കിലും മന്ത്രവാദിക്ക് പുതിയ ഇൻവൂഞ്ചെയെ ലഭിക്കുകയാണെങ്കിൽ പഴയ രാക്ഷസന് സ്ഥലം വിടാം. പിന്നീട് ഇഷ്ടം പോലെ ജീവിക്കാം. പക്ഷേ മന്ത്രവാദികൾ ഇൻവൂഞ്ചകളെ വിട്ടുകളയില്ലെന്നാണ് ചിലിയിലെ മുതുമുത്തശ്ശിമാർ പറയുന്നത്. ഇൻവൂഞ്ചെയ്ക്ക് മാന്ത്രിക ശക്തിയുണ്ടെന്നും പല ചിലെക്കാരും ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നതാണ് കൗതുകം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...