'പുറത്തൊരു മുഴയുണ്ട് നല്ല വേദനയും'; കാൻസറിനെ പൊരുതി തോൽപ്പിച്ച് ഭവ്യയും സച്ചിനും

sachin-14
SHARE

പ്രിയപ്പെട്ടവളെ കാൻസർ ബാധിച്ചപ്പോൾ പഴയതിലും സ്നേഹത്തോടെ ചേർത്ത് പിടിച്ചയാളാണ് സച്ചിൻ.  ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടുവെന്നും 20 വർഷം അനുഭവിക്കേണ്ട കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയെന്നും സച്ചിൻ കുറിക്കുന്നു. പുറത്തൊരു മുഴയുടെ രൂപത്തിലെത്തിയ വില്ലനെയും ആത്മവിശ്വാസവും പരസ്പര സ്നേഹവും കൊണ്ട് നേരിട്ടത് സച്ചിൻ ഫെയ്സ്ബുക്കിലെഴുതുന്നു. കുറിപ്പിങ്ങനെ.. 

'വെറും ഒന്നരമാസത്തെ പ്രണയമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു.. 5,6, മാസം നല്ല കൂട്ടുകാരുമായിരുന്നു..

പ്രണയം വിരിഞ്ഞുതുടങ്ങിയപ്പോഴേക്കും അവൾക്ക് കല്യാണാലോചനകൾ നിരന്തരം വന്നിരുന്നു. ഒടുവിൽ വീട്ടിൽ പറയേണ്ടിവന്നു.. സ്വാഭാവികമായും വീട്ടിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഇവിടെയും ഉണ്ടായി നന്നായി ചീത്തകൾ, തല്ലുകൾ,കുറ്റപ്പെടുത്തലുകൾ , ഒറ്റപ്പെടുത്തലുകൾ അങ്ങനെ അങ്ങനെ... അതിനിടയിൽ അവൾ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജോലിക്ക് പോയിരുന്നു.. എല്ലാംകൊണ്ടും ആകെ സങ്കടവും,സമാധാനവും ഇല്ലാത്ത നാളുകൾ.. വീട്ടുകാർ സമ്മതിക്കും എന്നുള്ള വിശ്വാസത്തിൽ ദിവസങ്ങൾ നീണ്ടുപോയി.. പക്ഷെ ഓരോ ദിവസവും കുത്തുവാക്കുകളും, ഒറ്റപ്പെടുത്തലുകളുംമാത്രമായി.,, ഒച്ചവെച്ചുകരയാതെ അവൾ മനസിൽ ഒരുപാട്കരഞ്ഞു..,

ഗൾഫിൽ പോകണം കുറച്ചു കാശ് സമ്പാദിക്കണം, വീടുവെക്കണം എന്നുള്ള ഉദ്ദേശത്തിൽ അക്കൗണ്ടിംഗ് പഠിക്കാൻ ചെന്ന ഞാൻ അതെല്ലാം നിർത്തി ടൈൽസ് പണിക്കിറങ്ങി കൂലിപ്പണിയാലും ഒരുമിച്ചുള്ള ജീവിതം അതുമാത്രമായിരുന്നു ഞങ്ങളുടെ മനസിൽ.. അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം എന്നും സങ്കടങ്ങൾ മാത്രമായിരുന്നു പരസ്പരം സംസാരിക്കാൻ, എന്നിരുന്നാലും ഈ പ്രശ്നങ്ങൾകിടയിലും ഞങ്ങൾ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരുന്നു.. യാത്രകൾ ആയിരുന്നു പ്രധാന ചർച്ചാവിഷയം..

"താജ്മഹൽ കാണലും,മഞ്ഞുമലയിൽ പോയി മഞ്ഞുകൊണ്ടു എറിയലുംആയിരുന്നു പ്രധാന സ്വപ്നങ്ങൾ".. പല പല പ്രശ്നങ്ങൾക്കിടയിലും ഇങ്ങനത്തെ ഓരോ സമയമായയിരുന്നു മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചത്.. വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല എന്നുകണ്ടപ്പോൾ വിളിച്ചിറക്കികൊണ്ടുവരാനും, ഒളിച്ചോടി വിവാഹം കഴിക്കാനും പ്ലാനിങ് ഇട്ടിരിന്നു.. എന്നാൽ വീട്ടുകാരുടെ പിന്നീടുള്ള ജീവതം സങ്കടകരമാവും എന്ന് കരുതി അതും ഒഴിവാക്കി വീണ്ടും കാത്തിരിപ്പാണ് ...

ഒരുദിവസം അവൾ പറഞ്ഞു "പുറം വേദനിക്കുന്നുണ്ട് ബസ്സിലുള്ള യാത്രയാകും, പിന്നെ ബാങ്കിൽ ഇരിക്കുകയാണ് അതിന്റെയാവും എന്തായാലും അടുത്തുള്ള ഹോസ്പിറ്റലിൽ പോയി മരുന്നുവാങ്ങി. പെട്ടന്നൊരുദിവസം അവൾ പറഞ്ഞു പുറത്തു ഒരു മുഴയുണ്ട് നല്ല വേദനയും ഉണ്ട് എന്ന്.. പിന്നെയങ്ങോട്ട് കേട്ടുകേൾവിപോലും ഇല്ലാത്ത ജീവിതസാഹചര്യം ആയിരുന്നു..അടുത്തുള്ള ഹോസ്പിറ്റലിൽ പോയി എക്സ്റേ എടുക്കാൻ പറഞ്ഞു, വീണ്ടും സ്കാനിങ് എടുക്കാൻ പറഞ്ഞു റിസൾട്ട് എനിക്ക് അയച്ചുതന്നു എനിക്ക് ഒന്നും മനസ്സിലായില്ല.. ഡോക്ടർ വീണ്ടും സ്കാനിങ് എഴുതിതന്നു വേറെഡോക്ടറെ കാണാൻ പറഞ്ഞു..

എനിക്ക് കിട്ടിയ സ്കാനിങ് റിസൾട്ട് എന്റെ കൂട്ടുകാരികൾക്ക് അയച്ചുകൊടുത്തു അവർ നഴ്‌സിങ് തൊഴിൽ ആണ്.. ഇത് കണ്ട ഉടനെ അവൾ എന്നെ തിരിച്ചുവിളിച്ചു ഇത് ആരുടെ ആണ്, അവൾ നിന്റെ ആരാണ് വീട് എവിടാണ് അങ്ങനെ അവൾക്കും ആകെ ടെൻഷൻ .. എന്റെ കൂട്ടുകാരിയാണ് നീ കാര്യം തെളിച്ചു പറയൂ എന്ന് ഞാനും.. നിന്റെ ലൈൻ ഒന്നും അല്ലല്ലോ ഉറപ്പല്ലേ എന്ന് അവൾ .. ഉറപ്പാണ് എന്ന് ഞാനും.. എന്ന ഒരുമിനിറ്റ് ഇപ്പൊ വിളിക്കാം ഞാൻ ഇത് അവരുടെ മാഡത്തെ ഒന്ന് കാണിച്ചിട്ട് വരാം എന്ന് പറഞ്ഞു ഫോൺ കാട്ടാക്കി . ഞാനും എന്റെ കൂട്ടുകാരൻ ജംഷീദും അവളുടെ വിളിക്കായി കാത്തിരുന്നു.. അവൾ വിളിച്ചു അവൾക്ക് സംസാരിക്കാൻ തന്നെ കഴിയാത്ത പോലെ.. എടാ ഇത് ആരുടെയാ നീ സത്യം പറ.

എടീ നി കാര്യം എന്താണുവെച്ചാൽ തെളിച്ചു പറ എന്റെ കൂട്ടുകാരിയാണ് ഉറപ്പ് പറഞ്ഞു.. പിന്നെ കേട്ടതൊക്കെ ഒരു പരിചയവും ഇല്ലാത്ത അസുഖത്തെപ്പറ്റിയാണ്.. പിന്നെ അവൾക്ക് തെറ്റിയതാവും വേറെ പരിചയമുള്ള എല്ലാവർക്കും ആ റിസൾട്ട് അയച്ചുകൊടുത്തു.. എല്ലാരും ഒരേപോലെ മറുപടി തന്നു.. പിന്നെ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഒരേ ഇരിപ്പായിരുന്നു ..

അസുഖമല്ലേ.. അതൊക്കെ മാറും.. നല്ല ചികിത്സ കിട്ടിയാൽമതി എന്നുള്ള കാഴ്ച്ചപാടായി എനിക്ക്.. പിന്നെയാണ് കാൻസർ എന്നുള്ള അസുഖത്തെപ്പറ്റി കൂടുതൽ പഠിക്കുന്നത്, യൂട്യൂബിൽ നോക്കി, ഗൂഗിൾ നോക്കി, ഓരോരോ വീഡിയോസ് കണ്ടു, പല പല ഡോക്ടർമാർ പറയുന്നത് കണ്ടു.. ഏത് മരുന്ന് ഉപയോഗിച്ചാലും രോഗിക്ക് സന്തോഷവും,സമാധാനവും ഉണ്ടെങ്കിൽമാത്രമേ മരുന്നുകൾ ശരീരത്തിൽ പിടിക്കുകയോള്ളൂ.. അവർക്ക് ഉന്മേഷവും, ആഹ്ലാദവും കിട്ടുന്ന കാര്യങ്ങൾ മാത്രമേ അവരോട് പറയാനും, ചെയ്യാനും പറ്റുകയുള്ളു.. അന്നുമുതൽ എന്റെ ജീവിതത്തിന്റെ ശൈലിയും, സ്വഭാവവും മാറ്റാൻ തീരുമാനിച്ചു... ഒരുമിച്ചുള്ള നാൾ സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു..

പിന്നെയും ഒരുപാട് പ്രശ്നങ്ങൾ മുന്നിലുണ്ടായിരുന്നു.. ദൈവത്തിന്റെ ദൂതൻമാരായി ഒരുപാട് കൈകൾ ഞങ്ങളുടെ ജീവിതത്തിൽ വന്നു.. അവരുടെ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ഫലമായി സാമ്പത്തികമായുള്ള ,ശാരീരികമായുള്ള പല പ്രശ്നങ്ങളും ഇല്ലാതെയായി.. ജീവിതത്തിൽ നല്ല കാലവും മോശംകാലവും ഉണ്ടാവും.. ഏത് അവസ്ഥയിലും ഒരുമിച്ചു മുന്നോട്ടുപോവാനുള്ള ധൈര്യവും കരുത്തും നമുക്കുണ്ടായാൽമതി ബാക്കിയുള്ളതെല്ലാം നമ്മളെത്തേടിവരും..

ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 2 വർഷം പിന്നിട്ടു.. 2 വർഷം 20 വർഷം അനുഭവിക്കേണ്ട കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയി.. ഏത് പ്രതിസന്ധിയിലും കൂടെ കട്ടക്ക് നിൽക്കാൻ കഴിഞ്ഞാൽതന്നെ അത് നമ്മുടെ വിജയമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...