ഡോണൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ വാങ്ങാൻ ബോബി ചെമ്മണ്ണൂർ ഒരുങ്ങുന്നു

boby-trump-car
SHARE

പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ വാങ്ങാൻ ഒരുങ്ങുന്നു. കാർ ലേലത്തിൽ എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു. ട്രംപിന്റെ ഓട്ടോഗ്രഫും കാറിനൊപ്പം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. 

അമേരിക്കയുടെ 45–ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം മെകം ഓക്ഷൻസിന്റെ വെബ്സൈറ്റിലാണു ലേലത്തിനെത്തുന്നത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല. 

ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്നു മുതൽ നാലു ലക്ഷം ഡോളർ(അഥവാ 2.20 മുതൽ 2.90 കോടി രൂപ വരെ) ആണു വില പ്രതീക്ഷിക്കുന്നത്. 

റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയറ്റർ പാക്കേജും സ്റ്റാർ ലൈറ്റ് ഹെഡ്ലൈനറും ഇലക്ട്രോണിക് കർട്ടനുമെല്ലാം സഹിതമെത്തുന്ന കാർ ഇതുവരെ 56,700 മൈൽ(91,249 കിലോമീറ്റർ) ഓടിയിട്ടിട്ടുണ്ട്. 2010ൽ ആകെ 537 ഫാന്റം കാറുകളാണു റോൾസ് റോയ്സ് നിർമിച്ചിരുന്നത്.

കാറിൽ ട്രംപിന്റെ വ്യക്തിമുദ്ര പ്രകടമാണ്. റോൾസ് റോയ്സ് നൽകിയ ഓണേഴ്സ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. "I loved this car, it is great! Best of luck" എന്നാണു ട്രംപ് മാനുവലിൽ കുറിച്ചിരിക്കുന്നത്. കാറിനു കരുത്തേകുന്നത് 6.75 ലീറ്റർ, വി 12 എൻജിനാണ്; 453 ബി എച്ച് പിയോളം കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. പവർ സ്റ്റീയറിങ്ങും പവർ ഡിസ്ക് ബ്രേക്കും സഹിതമെത്തുന്ന കാറിന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. മികച്ച സുരക്ഷ ഉറപ്പാക്കാൻ മുൻസീറ്റ് യാത്രികർക്കു പുറമെ സൈഡ് എയർ ബാഗുകളും കർട്ടൻ എയർബാഗുകളും കാറിലുണ്ട്. ഏഴു സ്പോക്ക് അലോയ് വീൽ സഹിതമെത്തുന്ന കാറിലെ ഹെഡ്റെസ്റ്റിൽ റോൾസ് റോയ്സ് ചിഹ്നവും തുന്നിച്ചേർത്തിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...