നിങ്ങളുടെ ചാറ്റുകൾ വാട്സാപ്പ് ചോർത്തുമോ? പുതിയ മാറ്റം എന്തിന് ഭയപ്പെടണം?

whatsapp-policy
SHARE

ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാകുന്നത് വാട്സാപ്പിന്റെ പ്രൈവസി പോളിസി അപ്ഡേറ്റിനെക്കുറിച്ചാണ്. തങ്ങളുടെ സ്വകാര്യത ഹനിക്കുന്നതാണോ പുതിയ നീക്കമെന്നാണ് പലരുടെയും ഉൽക്കണ്ഠ. ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് പുതിയ നിയമം വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. വാട്സാപ്പിന്റെ ഈ പ്രഖ്യാപനം ഉപയോക്താക്കളില്‍ പല തരത്തിലുള്ള ആശങ്കകൾക്ക് വഴിവയ്ക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നാം അയക്കുന്ന മെസേജുകൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കപ്പെടുമെന്നാണ് ഭയപ്പെടുന്നത്.

യഥാർഥത്തിൽ എന്താണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ? 

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കാനുള്ള ശ്രമങ്ങള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നു. അന്നുതൊട്ട് ആ നീക്കം വിമര്‍ശിക്കപ്പെടുന്നുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കുമായി വാട്‌സ്ആ​പ്പ് ഡാറ്റ പങ്കുവെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വന്നിരുന്നു. ഈ ഓപ്ഷന്‍ ഒഴിവാക്കുകയും ഫെയ്‌സ്ബുക്ക് കമ്പനികളുമായി വാട്‌സ്ആ​പ്പ് ഡാറ്റ നിര്‍ബന്ധമായും പങ്കുവെക്കണമെന്ന് വ്യവസ്ഥ ചെയ്യുകയുമാണ് പുതിയ പോളിസി പരിഷ്‌കാരത്തില്‍ ചെയ്തിരിക്കുന്നത്. 

വാട്സാപ്പ് ചാറ്റുകൾ ചോര്‍ത്തുമോ? മറ്റെവിടെയെങ്കിലും പങ്കുവയ്ക്കുമോ? നീരീക്ഷിക്കുമോ?

ഇല്ല എന്നാണ് വാട്സാപ്പ് പ്രൈവസി പോളിസിയിൽ പറയുന്നത്. വ്യക്തികളുടെ ചാറ്റുകൾ ഒരിക്കലും ചോർത്തില്ല. നിലവിൽ ഉള്ളതുപോലെ തന്നെ എന്റ് ടു എന്റ് എൻക്രിപ്റ്റഡ് ആയിരിക്കും ചാറ്റുകൾ. മൂന്നാമതൊരാൾക്ക് അത് കാണാൻ സാധിക്കില്ല. ഫെയ്സ്ബുക്കുമായി വിവരം പങ്കുവയ്ക്കുന്ന രീതിയിൽ മാറ്റം വരില്ലെന്നും സുൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള വ്യക്തികളുടെ സ്വകാര്യ ആശയവിനിമയത്തെ ഒരിക്കലും ബാധിക്കില്ലെന്നും വാട്സാപ്പ് പുതിയ മാറ്റത്തെക്കുറിച്ച് പറയുന്നു.

ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുന്നത് എന്ത് വിവരങ്ങളാണ്?

ഫെയ്സ്ബുക്കുമായി വാട്സാപ്പ് വിവരങ്ങൾ പങ്കുവയ്ക്കുന്നത് ഇപ്പോഴും നടക്കുന്ന കാര്യമാണ്. ഫോൺ നമ്പർ, പണമിടപാടുകളുടെ വിവരങ്ങൾ (ഇന്ത്യയിൽ ഇപ്പോൾ വാട്സാപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താം), സേവനങ്ങളുടെ വിവരങ്ങൾ, ഉപയോഗിക്കുന്ന മൊബൈലിന്റെ വിവരങ്ങൾ, ഐപി അഡ്രസ് തുടങ്ങിയവയാണ് പങ്കുവയ്ക്കുന്നത്. 

വാട്സാപ്പ് മെസേജുകൾ ശേഖരിച്ച് വയ്ക്കുമോ?

ഒരിക്കലും അല്ല എന്നാണ് വാട്സാപ്പ് വാദിക്കുന്നത്. നാം അയക്കുന്ന മെസേജ് മറ്റൊരാൾക്ക് ലഭിച്ച് കഴിഞ്ഞാൽ ആ നിമിഷം തന്നെ കമ്പനി സെര്‍വറുകളിൽ നിന്ന് അത് ഡിലീറ്റ് ചെയ്യും. ഡെലിവർ ചെയ്യാത്ത മെസേജുകൾ മാത്രമേ സൂക്ഷിച്ചു വയ്ക്കൂ. 30 ദിവസങ്ങൾക്ക് ശേഷവും മെസേജ് ഡെലിവർ ആയില്ലെങ്കിൽ അത് സെർവറുകളിൽ നിന്ന് നീക്കം ചെയ്യും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...