കാൽച്ചുവട്ടിൽ പത്തിവിരിച്ച് മൂർഖൻ; രക്ഷിച്ച് വളർത്തുനായ; ഒഴിവായത് വൻ ആപത്ത്

jinesh-dog
SHARE

ആപത്ഘട്ടത്തിൽ പലപ്പോഴും മനുഷ്യരുടെ രക്ഷകരായവരാണ് നായ്ക്കൾ. പല അവസരങ്ങളിലും അത് മനുഷ്യർ അടുത്തറിഞ്ഞതുമാണ്. പ്രളയസമയത്തു പോലുമുള്ള ഉദാഹരണങ്ങൾ നമുക്കു മുൻപിലുണ്ട്. അത്തരത്തിൽ പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉടമയെ അറിയിച്ച വളർത്തുനായയെക്കുറിച്ചുള്ള വാർത്തയാണ് ഉ‌ടമയായ ജിനേഷ് രാമചന്ദ്രന് പറയാനുള്ളത്. 

മൂന്നു നായ്ക്കളെയാണ് ജിനേഷ് വളർത്തുന്നത്. കഴിഞ്ഞ ദിവസം അവയെ അഴിച്ച്, കളിക്കാൻ വിട്ടശേഷം വീടിനു പിന്നിലുള്ള അലക്കുകല്ലിൽ ഇരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് നായ്ക്കളിൽ ഒരാൾ ഓടിവന്ന് ജിനേഷിന്റെ അടുത്തുനിന്ന് കുരക്കാൻ തുടങ്ങി. കൂടെ കളിക്കാൻ വിളിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. 

പിന്നീടാണ് ടോബി എന്ന ആ നായയുടെ നോട്ടം തന്റെ മുഖത്തേക്കല്ല കാലിലേക്കാണെന്ന് ജിനേഷിന് മനസിലായത്. നോക്കിയപ്പോൾ കാൽചുവട്ടിൽ ഒരു മൂർഖൻ പത്തി വിരിച്ച് നിൽക്കുന്നതാണ് കണ്ടത്. അവിടുന്ന് ഓടിമാറി, നായ്ക്കളെ വടികാണിച്ച് കൂട്ടിൽ കയറ്റുകയാണ് ജിനേഷ് ചെയ്തത്. ഉടമയെ രക്ഷിക്കാൻ സ്വജീവൻ നൽകാൻ മടിയില്ലാത്ത നായ്ക്കളെ ആദ്യംതന്നെ കൂട്ടിൽ കയറ്റാൻ ശ്രമിച്ച ജിനേഷിന്റെ പ്രവർത്തിയെയും അഭിനന്ദിക്കുകയാണ് പലരും

ടോബി ഇല്ലായിരുന്നെങ്കിൽ തനിക്ക് ആപത്ത് സംഭവിക്കുമായിരുന്നുവെന്ന് ജിനേഷ് പറയുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഇനിമുതൽ നായയെ വളർത്തണമെന്നും സ്നേഹിക്കണ‌മെന്നും ജിനേഷ് ഉപദേശിക്കുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...