ട്രംപിന് തുണ; കാപിറ്റോൾ സമരത്തിന് ഇന്ത്യൻ പതാകയുമായി പോയത് മലയാളി; പ്രതിഷേധച്ചൂട്

indian-flag-usa
SHARE

ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറിയ സംഭവം ലോകമെങ്ങും വലിയ ചർച്ചയാണ്. പ്രതിഷേധമെന്നും കലാപമെന്നും ഇതിനെ വിലയിരുത്തുന്നു. സമരക്കാർക്ക് ഇടയിൽ ഇന്ത്യയുടെ ദേശീയ പതാകയുമായി ചിലരെ കണ്ടത് ഇവിടെയും വിവാദമായി. ഇന്ത്യൻ പതാകയുമായി സമരത്തിന് പോയത് ‌എറണാകുളം ചമ്പക്കര സ്വദേശി വിന്‍സന്റ് പാലത്തിങ്കലാണ്. അദ്ദേഹം നടന്ന സംഭവം മനോരമ ന്യൂസിനോട് പങ്കുവയ്ക്കുന്നു.

‘സമരത്തിന് പോയ എല്ലാവരെയും കലാപകാരികളാക്കി മാറ്റരുത്. സമാധാനപരമായി നടന്ന പ്രതിഷേധമാണ്. ഏകദേശം ഒരു മില്യൺ ആളുകൾ അണിനിരന്ന സമരം. ഇതിനിടയിലേക്ക് പരിശീലനം ലഭിച്ച ചില ആളുകൾ നടത്തിയ അക്രമമാണ് ഈ പ്രശ്നം വഷളമാക്കിയത്. അവരാണ് അക്രമം നടത്തിയത്. അവരെ പറ്റി അന്വേഷിക്കണം.’ അദ്ദേഹം പറയുന്നു. എന്തിന് ഇന്ത്യൻ പതാകയുമായി സമരത്തിന് പോയത് എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെ. ഇവിടെ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളുണ്ട്. ഇങ്ങനെ ഒരു സമരത്തിൽ പങ്കെടുമ്പോൾ അവരെല്ലാം അവരുടെ രാജ്യത്തിന്റെ പതാക കയ്യിൽ കരുതും. ഇത്തവണ ഞാനും അങ്ങനെ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചു. ആദ്യമായിട്ടാണ് നമ്മുടെ ദേശീയ പതാകയുമായി ഞാൻ സമരത്തിന് പോകുന്നത്. ആ ചിത്രങ്ങളാണ് അവിടെ വൈറലാകുന്നത്.’ വിൻസെന്റ് പറഞ്ഞു. വിഡിയോ കാണാം.

അതേസമയം കലാപത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അക്രമത്തിൽ പരുക്കേറ്റ പൊലീസുകാരനാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. വാഷിങ്ടൻ ഡിസിയിലും കാപ്പിറ്റോൾ മന്ദിരത്തിലും മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ 2 സ്ത്രീകൾ അടക്കം 4 പേർ നേരത്തെ മരിച്ചിരുന്നു. 

ബുധനാഴ്ച പകൽ ഒരുമണിയോടെ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസിനു കഴിഞ്ഞില്ല. ഇരച്ചെത്തിയ സംഘത്തെ കണ്ട് കാവൽനിന്ന പൊലീസുകാർ പിന്തിരിഞ്ഞോടി. അക്രമികൾ സഭാഹാളിലെത്തിയതോടെ സുരക്ഷ കാറ്റിൽപറന്നു. സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസിലടക്കം കടന്നുകയറിയ പ്രതിഷേധക്കാർ ഓഫിസ് സാധനങ്ങൾ കേടുവരുത്തി. ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. പലരും കയ്യിൽ കിട്ടിയതെല്ലാം പോക്കറ്റിലാക്കി. 

കാപ്പിറ്റോൾ മന്ദിരത്തിന്റെ സുരക്ഷയ്ക്ക് 2000 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. അക്രമാസക്തരായ പ്രക്ഷോഭകരെ നേരിടാൻ അവർ സജ്ജരായിരുന്നില്ല. സമൂഹമാധ്യമങ്ങൾ വഴി ട്രംപ് അനുകൂലികൾ പ്രതിഷേധം ആസൂത്രണം ചെയ്യുന്നതായി ദിവസങ്ങൾക്കു മുൻപേ അറിഞ്ഞിട്ടും മുൻകരുതലുകൾ സ്വീകരിച്ചതുമില്ല. ഇതിനിടെ, റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡമോക്രാറ്റിക് പാർട്ടിയുടെയും ആസ്ഥാനത്തു പൈപ്പ് ബോംബുകൾ കണ്ടെടുത്തു. കാപ്പിറ്റോൾ വളപ്പിൽ ഒളിപ്പിച്ച ഒരു തോക്കും കണ്ടെത്തി.

പ്രതിഷേധക്കാരിൽ പലരും ആയുധധാരികളായിരുന്നു. ഇതിനിടെ കാപ്പിറ്റോൾ മന്ദിരം പൊലീസ് അടച്ചു. സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മാധ്യമപ്രവർത്തകരും സന്ദർശകരും അകത്തു കുടുങ്ങി. പൊലീസ് ഇതിനിടെ സൈന്യത്തിന്റെ സഹായം തേടി. സെനറ്റ് കെട്ടിടത്തിന്റെ പരിസരത്തുനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകവും മുളകു സ്പ്രേയും പ്രയോഗിച്ചു.ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പാർലമെന്റ് വളപ്പിൽ നെഞ്ചിനു വെടിയേറ്റാണ് ട്രംപ് അനുയായിയായ സ്ത്രീ മരിച്ചത്. വൈകിട്ടു മൂന്നരയോടെയാണു സെനറ്റ് ഹാളിൽനിന്നു പ്രതിഷേധക്കാരെ തുരത്തിയത്. നാഷനൽ ഗാർഡ് അടക്കം മറ്റു സുരക്ഷാ ഏജൻസികളുടെ കൂടി സഹായത്തോടെ വൈകിട്ട് 5.40 നു കാപ്പിറ്റോൾ മന്ദിരം വീണ്ടും സുരക്ഷാവലയത്തിലാക്കി. രാത്രി എട്ടോടെ സഭാനടപടികൾ പുനരാരംഭിച്ചു. 

കാപ്പിറ്റോൾ മന്ദിരം കയ്യേറിയ ട്രംപ് അനുയായികളുടെ വിവരങ്ങൾ ശേഖരിക്കാൻ എഫ്ബിഐ രംഗത്ത്. വാഷിങ്ടൻ ഡിസിയിലും പാർലമെന്റ് മന്ദിരത്തിലും അതിക്രമിച്ചു കടക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തവരെ തിരിച്ചറിയാൻ സഹായിക്കുന്ന ഡിജിറ്റൽ വിവരങ്ങൾ അടക്കം കൈമാറാൻ എഫ്ബിഐ ജനങ്ങളോട് അഭ്യർഥിച്ചു. വാഷിങ്ടൻ ഡിസിയിൽ 68 പേരാണ് അറസ്റ്റിലായത്. ഇതിൽ പകുതിയോളം പേർ കാപ്പിറ്റോൾ മന്ദിരത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണു പിടിയിലായത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...