ചോദിച്ചതല്ലേയുള്ളൂ എന്ന് പറയുന്നവരോട്; പേടി ആ പെൺകുട്ടികളെ ഓര്‍ത്ത്: മറുപടി

aparna-new
SHARE

സ്കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രവും പേടിപ്പിക്കുന്നതുമായ അനുഭവം വിവരിച്ച് അപർണ എന്ന പെണ്‍കുട്ടി പങ്കുവച്ച വിഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം. വലിയ ഗൗരവം അര്‍ഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപര്‍ണയെ അഭിനന്ദിക്കുകയാണ് മിക്കവരും സമൂഹമാധ്യമങ്ങളില്‍‍. സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരൻ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപർ‌ണയെ ഞെട്ടിച്ചത്. സംഭവത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നാണ് അപർ‌ണ പറയുന്നത്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഗ്രാഫിക് ഡിസൈനറാണ് അപർണ. അപർണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് തനിക്കുണ്ടായ അനുഭവം വിവരിച്ചത്. വിഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളും അതിനുള്ള മറുപടിയും അപർണ മനോരമ ന്യൂസ് ‍ഡോട് കോമിലൂടെ പങ്കുവയ്ക്കുന്നു.

പെട്ടെന്നുള്ള ചോദ്യം, ഞെട്ടൽ

വൈകുന്നേരം പുറത്തിറങ്ങിയതാണ്. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ അടുത്ത് വെച്ച് രണ്ട് ചെറിയ കുട്ടികൾ കൈകാണിച്ചു. ആദ്യം ഞാൻ മടിച്ചു. പിന്നെ രണ്ട് ചെറിയ കുട്ടികളല്ലേ എന്നോർത്താണ് ലിഫ്റ്റ് കൊടുത്തത്. പ്രത്യേകിച്ച് മഴ‌ പെയ്യാൻ തുടങ്ങുന്ന സാഹചര്യം. സ്കൂള്‍ ബാഗ് ഇട്ടിട്ടൊക്കെയുണ്ട്. ഞാൻ ചോദിച്ചു എവിടെ വരെയാണ് പോകേണ്ടതെന്ന്. കുറച്ച് പോയാൽ മതിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് കയറ്റിയത്. ഒരു കുട്ടിയെ ഞാൻ അടുത്ത് തന്നെ ഇറക്കിവിട്ടു. മറ്റേ കുട്ടി എന്റടുത്ത് വളരെ നന്നായി സംസാരിച്ചു. പെട്ടെന്നാണ് ആ ചോദ്യം ഉയർന്നത്. ഞാൻ ചേച്ചിയുടെ മാറിൽ പിടിക്കട്ടെ എന്നാണ് ചോദിച്ചത്. ഞാൻ ശരിക്കും ഞെട്ടിപ്പോയി. പിന്നെ എനിക്ക് വണ്ടി ഓടിക്കാൻ ഭയങ്ക ബുദ്ധിമുട്ടായി. അടുത്ത് തന്നെ അവനെ ഇറക്കിവിട്ടു. ഇനിയിപ്പോൾ ആ കുട്ടിയുടെ സ്കൂളിലും വീട്ടിലും വിവരം അറിയിക്കണം. അതാണ് അടുത്തതായി ചെയ്യാനുള്ളത്.

‘ചോദിച്ചതല്ലേയുള്ളൂ, പിടിച്ചില്ലല്ലോ..?’: മറുപടി

ആരും ഇങ്ങനെയല്ല ജനിക്കുന്നത്. കാണുന്ന സിനിമകളും വിഡിയോകളും ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതുമാണ് കാരണം എന്നാണ് എനിക്ക് തോന്നുന്നത്. സത്യം പറഞ്ഞാൽ ഇത് സമൂഹ മാധ്യമത്തിൽ പങ്കുവച്ച് എല്ലാവരെയും അറിയിക്കണം എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ ഇത് എന്റെ മാത്രം അനുഭവമല്ല. അതുകൊണ്ട് തന്നെയാണ് വിഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു ചെറിയ കുട്ടിയുടെ വായിൽ നിന്നായതുകൊണ്ടാണ് ഞാൻ ഇത്ര ഞെട്ടിയതും പ്രതികരിച്ചതും. പലരും വിഡിയോ കണ്ട് എന്നെ വിളിച്ചു. ഇത് തുറന്ന് പറഞ്ഞതിൽ അഭിനന്ദിച്ചു. എന്നാൽ ചിലർ അതിനെ ന്യായീകരിച്ചും രംഗത്തെത്തി. അവൻ അനുവാദം ചോദിച്ചല്ലോ. കയറിപ്പിടിച്ചില്ലല്ലോ എന്ന തരത്തിൽ കമന്റുകൾ കണ്ടു. അവർ ഇതിന്റെ ഗൗരവം മനസ്സിലാക്കാത്തതാണ് പ്രശ്നം. ചെറിയ കുട്ടി ചോദിക്കാൻ പാടില്ലാത്തത് ആണ്. ഇതിനെ ന്യായീകരിക്കുന്നതാണ് നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗത്തിന്‍റെ പ്രശ്നം. 

കൂടെ പഠിക്കുന്ന പെൺകുട്ടികളെ ഓർത്ത് ഉത്കണ്ഠ

പലർക്കും ഈ അനുഭവം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നിയമപരമായി മുന്നോട്ട് പോകും. വ്യക്തിപരമായി അധിക്ഷേപിക്കാനല്ല. അവന്റെ വീട്ടുകാർ ഇത് അറിയണം. പഠിപ്പിക്കുന്ന അധ്യാപകർ അറിയണം. എന്നെ അസ്വസ്ഥയാക്കുന്ന മറ്റൊരു ചിന്ത എന്താണന്ന് വച്ചാൽ അവരെക്കാൾ മുതിർന്ന യാതൊരു പരിചയവും ഇല്ലാത്ത എന്നോട് ഇങ്ങനെ പെരുമാറിയെങ്കിൽ കൂടെ പഠിക്കുന്ന പെൺകുട്ടികളെയൊക്കെ ഏത് രീതിയിലാകും ഇവര്‍ നോക്കിക്കാണുക എന്നതാണ്. കാരണം നമുക്ക് പ്രതികരിക്കാനുള്ള പക്വത ഉണ്ട്. ചെറിയ പെൺകുട്ടികൾ ഇതൊക്കെ എങ്ങനെ തുറന്ന് പറയും. വീട്ടുകാർ പോലും അതിനെ എങ്ങനെ സ്വീകരിക്കും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു– അപർണ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...