‘അനസിനെ ലംബോർഗിനിയിൽ നിന്നും വിളിച്ചു’; പാവങ്ങളുടെ ‘ലംബോർഗിനി’ പറക്കുന്നു

anas-new-lamborgini
SHARE

പന്തൽ പണിക്കും കേറ്ററിങ് പോയി കിട്ടുന്ന കാശ് കൊണ്ട് സാധാരണക്കാരന്റെ ‘ലംബോർഗിനി’ ഉണ്ടാക്കിയ അനസിനെ തേടി സാക്ഷാൽ ലംബോർഗിനിയിൽ നിന്നും വിളി എത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ബെംഗളൂരുവിലെ ഓഫിസിൽ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തെന്ന് അനസ് പറഞ്ഞു. വിഡിയോ കണ്ടശേഷം ഒരുപാട് ഫോൺകോളുകൾ വരുന്നുണ്ട്. വാഹനനിർമാതാക്കളും വിളിക്കുന്നുണ്ട്. എല്ലാവരും ഈ ശ്രമത്തെ അഭിനന്ദിച്ചു. സത്യം പറഞ്ഞാൽ പൃഥ്വിരാജിന്റെ ലംബോർഗിനിയാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ വാഹനം കണ്ടാണ് ഇത് നിർമിച്ചത്. എന്റെ ലംബോർഗിനി പൃഥ്വിരാജ് കണ്ടിരുന്നെങ്കിൽ എന്നൊരാഗ്രഹമുണ്ട്. അനസ് പറഞ്ഞു,

ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ ആഡംബരക്കാർ ലംബോർഗിനി പ്രതാപത്തോടെ നിൽക്കുന്നതു കണ്ടതുമുതലാണ് അനസിന്റെ സ്വപ്നങ്ങളുടെ തുടക്കം. പിന്നെ 18 മാസമെടുത്ത് സ്വന്തമായി പണിത, ഒറ്റ നോട്ടത്തിൽ ലംബോർഗിനി തന്നെയെന്ന് ആരും പറയുന്ന ആ കാർ ഇപ്പോൾ അനസിന്റെ വീട്ടുമുറ്റത്ത് കൗതുകക്കാഴ്ചയാണ്. എംബിഎ ബിരുദധാരിയായ അനസ് കേറ്ററിങ് ജോലിക്കു പോയും പന്തൽ അലങ്കാര ജോലിക്കു പോയും കണ്ടെത്തിയ 2 ലക്ഷത്തിലധികം രൂപ ചെവിട്ടാണു നിർമാണം. 110 സിസി ബൈക്കിന്റെ എൻജിൻ ഉപയോഗിച്ചാണു നിർമാണം. മറ്റു സൗകര്യങ്ങളെല്ലാം ഒറിജിനൽ ലംബോർഗിനിയുടേതു പോലെത്തന്നെ.

ഉപയോഗ ശൂന്യമായ ബൈക്കിന്റെ എൻജിൻ സംഘടിപ്പിച്ച ശേഷം ഇരുമ്പ് കൊണ്ട് ചട്ടക്കൂട് നിർമിച്ചു. പഴയ ഫ്ലെക്സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിർമാണത്തിൽ ഉപയോഗിച്ചു.ഡിസ്ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും ക്യാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോർഗിനിയിലുണ്ട്’. അര ലക്ഷം കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം. 3 വർഷം മുൻപാണ് അനസിന്റെ പിതാവ് ബേബി മരിച്ചത്. അമ്മ മേഴ്സിയും അനുജൻ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അജസുമാണ് അനസിനൊപ്പം വീട്ടിലുള്ളത്. 2 വർഷം മുൻപുണ്ടായ പ്രളയത്തിൽ വീടിനു നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...