പുതിയ മോൾ അടുക്കളയിൽ സഹായിച്ചു തുടങ്ങിയോ? അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ മറുപടി

rani2
SHARE

വീട്ടിലേക്ക് കയറിവരുന്ന മരുമകളെ കുറിച്ച് ഒരായിരം സങ്കൽപ്പങ്ങളുണ്ടാകും അമ്മമാരുടെ മനസിൽ. തീർത്തും അപരിചിതമായ അന്തരീക്ഷത്തിലേക്ക അവൾ വലം കാൽ വച്ചെത്തുമ്പോൾ സ്വാഭാവികമായി ചോദ്യങ്ങളും ഉയരും. വിരസമായ ചോദ്യങ്ങളോട് സ്നേഹം നിറച്ച കുറിപ്പിലൂടെ മറുപടി നൽകുകയാണ് റാണി നൗഷാദ് എന്ന വീട്ടമ്മ. പുതിയ വീടിന്റെ തണലിലേക്ക് പ്രിയപ്പെട്ട മരുമകൾ എത്രവേഗം ഇഴുകി ചേർന്നുവെന്ന് റാണി കുറിപ്പിൽ പങ്കുവയ്്ക്കുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: എഴുതണോ വേണ്ടയോ എന്നു കുറേ വട്ടം ചിന്തിച്ചു. ഒടുവിൽ എഴുതാം എന്ന തീരുമാനത്തിൽ എത്തപ്പെട്ടു...!! കിട്ടേണ്ടത് ഒരേ ഉത്തരമാണ്.പക്ഷേ ചോദ്യങ്ങൾ പലവിധവും... സത്യത്തിൽ കേട്ടും പറഞ്ഞും വിരസത തോന്നിത്തുടങ്ങി... ഇപ്പോൾ വീട്ടിൽ വരുന്നവർക്കുമുഴുവൻ അറിയേണ്ടത് വീട്ടിലെ പുതിയ മോൾ അടുക്കളയിൽ സഹായിച്ചു തുടങ്ങിയോ?? എന്തെങ്കിലും ചെയ്യുന്ന കൂട്ടത്തിലുള്ളതാണോ എന്നൊക്കെയാണ്...??

ആളും തരവും അനുസരിച്ചു ചോദ്യങ്ങൾ മാറുന്നുണ്ടാവും... ഇതേ സന്ദേഹങ്ങൾ പാവം അവൾക്കുമുണ്ടായിരുന്നു... പുതിയ വീട്ടിൽ ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്, എപ്പോൾ ഉണരണം,അങ്ങനെ കുറേ കാര്യങ്ങൾ... ആദ്യത്തെ ദിവസം രാവിലെ തന്നെ മോൾ എണീറ്റു വന്നിട്ട് ചോദിച്ചു. ഉമ്മീ എനിക്ക് നന്നായി കോഫി ഉണ്ടാക്കാൻ അറിയാം. ഇന്ന് tea വേണമെന്ന് നിർബന്ധം ഉണ്ടോ..? ഞാൻ കോഫി ഉണ്ടാക്കട്ടെ...

ഞാൻ മറ്റൊന്നും പറഞ്ഞില്ല. മോൾക്ക് എന്താണ് അറിയുന്നത് അത് ചെയ്തോളൂ... അതേ,,,ഒരാളും ഒരു ശീലങ്ങളിലും പിടിച്ചു നിൽക്കേണ്ട കാര്യമില്ല. മാറ്റങ്ങൾ സന്തോഷങ്ങൾക്ക് വഴിമാറുമെങ്കിൽ ചായ മാറി കോഫി വരട്ടെ... ആ ചിന്ത ഒന്നാന്തരം ഫിൽറ്റർ കോഫി കുടിയ്ക്കാൻ ഇടയാക്കി...!! മോൾക്ക് നന്നായി കോഫി ഉണ്ടാക്കാൻ അറിയാം...

പക്ഷേ എനിയ്ക്കറിയാം എത്ര ദിവസത്തെ ക്ഷീണം അവൾക്കുണ്ടെന്നുള്ളത്.കല്യാണത്തിനു മുൻപുള്ള ദിവസങ്ങളിലെ തിരക്കുകൾ ചടങ്ങുകൾ, ഒക്കെയും രണ്ടു കുടുംബങ്ങളും ദിനവും അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ മോളോടു പറഞ്ഞു...

ധൃതിപ്പെട്ട് ഉറക്കമുണരുകയൊന്നും വേണ്ട. ഇവിടെ അന്യർ ആരുമില്ല. മോളുടെ ഉമ്മിയും വാപ്പിയും അനിയത്തിയും കെട്ടിയോനും ഒക്കെ തന്നേ ഉള്ളൂ... ഇവിടെ മോൾ ഒന്നുകൊണ്ടും ബേജാറാവണ്ട...

അതു കേട്ടപ്പോൾ തന്നെ കുട്ടിയ്ക്ക് സമാധാനമായി.അവൾ എനിയ്ക്കൊരുമ്മയും തന്നു സന്തോഷത്തോടെ എന്നോടൊപ്പം ചേർന്നിരുന്നു... രണ്ടു ദിവസം കഴിഞ്ഞപ്പോൾ പുതിയ വീടും വീട്ടുകാരും അവളോട് ചേരാനും അവൾ അതിലൊരാളായി രൂപപ്പെടാനും തുടങ്ങി... അവൾ വളർന്ന,,,അവളുടെ പ്രിയപെട്ടവർ ഉള്ള ഒരു കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അവൾ അവളുടെ ഇണയോടൊപ്പം മറ്റൊരു കൂട്ടിലേയ്ക്ക് ചേക്കേറി... അവളുടെ സ്വപ്നങ്ങൾക്ക് കാവലാകേണ്ടവനോടൊപ്പം അവൾ കഥകൾ പറഞ്ഞും,ചിരിച്ചും,സ്നേഹം പങ്കുവച്ചും പരസ്പരം അറിയുകയാണ്... ഇപ്പോൾ അവന്റെ പ്രിയപ്പെട്ടവരിലേയ്ക്കവളും അവളുടെ പ്രിയപ്പെട്ടവരിലേക്കവനും സ്നേഹപ്പെടുകയാണ്... അങ്ങനെ വേണം...!!

അവളുടെ ഇഷ്ടങ്ങളെ അവനും അവന്റെ ഇഷ്ടങ്ങളെ അവളും അണുവിട പിഴയ്ക്കാതെ നെഞ്ചേറ്റുമ്പോൾ സ്വാർത്ഥത എന്ന സ്ഥിരം ക്‌ളീഷേയിൽ നിന്നും സ്നേഹമെന്ന കൊടുക്കൽ വാങ്ങൽ പട്ടികയിലേക്ക്, കുടുംബമെന്ന വിശാല സങ്കല്പത്തിലേക്ക് എല്ലാരും ഒന്നിച്ചു നീങ്ങുമ്പോൾ,, അവിടെയാണ് ബന്ധങ്ങൾക്ക് കെട്ടുറപ്പും സൗന്ദര്യവും ഏറുന്നത്... രണ്ടു കുടുംബങ്ങൾ ഒരുമിച്ചു നിൽക്കാൻ,, സന്തോഷങ്ങൾ ഒന്നിച്ചു പങ്കുവയ്ക്കാൻ, ദുഃഖങ്ങളിൽ ആശ്വാസമേകാൻ ഓരോ ഇഷ്ടങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ട്...!! മൂല്യം നിർണയിക്കപ്പെടേണ്ടതുണ്ട്...!!

ബഹുമാനിക്കപ്പെടേണ്ടതുണ്ട്...!! വിശാലമായി ചിന്തിക്കേണ്ടതുണ്ട്...!!

MORE IN SPOTLIGHT
SHOW MORE
Loading...
Loading...