സുബലക്ഷ്മി എന്ന ശബ്ദ സൗഭഗം; തലമുറകളുടെ ഹൃദയത്തിലിരുന്ന മഹാപ്രതിഭ

ms-lakshmi
SHARE

ജീവിതം തന്നെ സാധനയാക്കി മാറ്റി കർണാട്ടിക് സംഗീതത്തിന്റെ ഇതിഹാസമായി മാറിയ എം.എസ്  സുബലക്ഷ്‌മിയുടെ ഓർമ ദിനമാണ് ഇന്ന്. ആ സ്വരധാരയുടെ സൗഖ്യമനുഭവിക്കാത്ത സംഗീത പ്രേമികൾ ഉണ്ടാകില്ല. വെങ്കടേശ്വര  സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങൾക്ക്‌  സംഗീത വിശുദ്ധി നൽകിയ സംഗീതജ്ഞ. സ്വര ശുദ്ധി കൊണ്ട് ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അസാമാന്യ പ്രതിഭ. മധുരൈ ഷണ്മുഖവടിവ് സുബലക്ഷ്മി എന്ന ശബ്ദ സൗഭഗം ഓർമയായിട്ട് ഇന്നേക്ക് 16 വർഷം.

വിലക്കപ്പെട്ട ദേവദാസി സമൂഹത്തിൽ നിന്നാണ് സുബലക്ഷ്മി ശാസ്ത്രീയ സംഗീതത്തിന്റെ ഉത്തുംഗ ശൃംഗത്തിലേറിയത്. അമ്മ തന്നെയായിരുന്നു ആദ്യ ഗുരു. പിന്നീട് മധുരൈ ശ്രീനിവാസ അയ്യങ്കർ, ഷെമ്മങ്കുടി ശ്രീനിവാസ അയ്യർ, പണ്ഡിറ്റ്‌ നാരായണ റാവു എന്നിവർ ഗുരുക്കമ്മാരായി.13ആം വയസ്സിൽ ആദ്യ കച്ചേരി. സുബലക്ഷ്മിയിലെ സംഗീത പ്രതിഭയെ പൂർണമായി പുറംലോകത്തിനു കാട്ടിക്കൊടുത്തത്  ഭർത്താവും വഴികാട്ടിയുമായിരുന്ന സദാശിവമായിരുന്നു. എം. എസിന്റെ മീര ഭജനുകളുടെ കടുത്ത ആരാധകനായിരുന്നു മഹാത്മജി. സുബലക്ഷ്മിയുടെ കച്ചേരിയിൽ സർവം മറന്നിരിക്കുമായിരുന്ന നെഹ്‌റു ഒരിക്കൽ അവർക്ക് മുന്നിൽ ശിരസ് നമിച്ചു പറഞ്ഞു, ഈ സ്വര രാജ്ഞിക്ക് മുന്നിൽ ഞാനാര്?വെറുമൊരു പ്രധാനമന്ത്രി. 

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ഐക്യ രാഷ്ട്ര പൊതു സഭയിലെത്തിച്ചത് എംഎസ്സായിരുന്നു. കർണാട്ടിക് സംഗീതത്തിന്റെ ഇന്ത്യൻ അംബാസിഡർ ആയി അവർ അറിയപ്പെട്ടു. പുരസ്‌കാരങ്ങൾ നിരവധി ആ പേരിനൊപ്പം ചേർക്കപ്പെട്ടിട്ടുണ്ട്. സ്വരലക്ഷ്മി എന്ന് വിളിച്ചാദരിച്ചത് ഉസ്താദ് ഗുലാം അലി ഖാനാണ്. എന്റെ വാനമ്പാടി എന്ന വിളിപ്പേര് ഞാനിവർക്ക് നൽകുന്നുവെന്നു പറഞ്ഞത് സരോജിനി നായിഡു. ഭാരത് രത്ന, പദ്മവിഭൂഷൻ, മഗ്‌സേസെ അവാർഡ്, കാളിദാസ സമ്മാൻ തുടങ്ങി കിരീടങ്ങൾ നിരവധി. ഭർത്താവിന്റെ വിയോഗം ഏല്‍പിച്ച ആഘാതത്തിൽ ഹൃദയ താളം തെറ്റിയ ആ വൃന്ദവന തുളസി 2004 ഡിസംബർ 11ന് നാദാവശേഷയായി. കല്പാന്തകലത്തോളം ആ സ്വരരാഗ ഗംഗപ്രവാഹം ബാക്കി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...