വയസ് 16; ടിക്ക് ടോക്കിൽ 10 കോടി ഫോളോവേഴ്സ്; വിവാദത്തിനിടയിലും നേട്ടം കുറിച്ച് ചാർലി

charli-damelio-1.jpg.image
SHARE

ടിക്ടോക്കിൽ ആദ്യമായി 10 കോടി ഫ്ലോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കി അമേരിക്കൻ സ്വദേശിനി ചാർലി ഡിഅമേലിയോ. ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങി ഒന്നര വർഷം പിന്നിടുമ്പോഴാണ് 16കാരിയായ ചാർലി ഈ നേട്ടത്തിലെത്തുന്നത്. അടുത്തിടെ ഉണ്ടായ ഒരു വിവാദത്തിൽ 10 ലക്ഷം ഫോളോവേഴ്സിനെ ചാർലിക്ക് നഷ്ടമായിരുന്നു. എന്നാൽ ഇത് വാർത്തയായതോടെ ചാർലിയുടെ ഫോളോവേഴ്സിന്റെ എണ്ണം  വർധിക്കുകയും 10 കോടിയിൽ എത്തുകയുമായിരുന്നു

9.95 കോടി ഫോളോവേഴ്സിൽ നിൽക്കുമ്പോഴായിരുന്നു വിവാദം. ബ്യൂട്ടി യുട്യൂബറായ ജെയിംസ് ചാള്‍സിന് ഡി അമേലിയോ കുടുംബം നൽകിയ സത്കാരത്തിന്റെ വിഡിയോ ആണ് പ്രശ്നങ്ങൾക്കു കാരണമായത്. ചാർലിയുടെ സഹോദരി ഡിക്സി, അച്ഛൻ മാർക്, അമ്മ ഹെയ്ദി എന്നിവർ ചേർന്നാണ് ചാൾസിന് സത്കാരം നൽകിയത്. ഇവരുടെ ഷെഫ് ആരോൺ മേയ് ആണ് വേണ്ടി ആഹാരം ഒരുക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതിനിടയിൽ പാകം ചെയ്ത ഒരു ഒച്ചിനെ തിന്നാൻ ഡിക്സി ശ്രമിക്കുന്നു. എന്നാൽ രുചി ഇഷ്ടപ്പെടാതെ വലിച്ചെറിയുന്നു. ഷെഫ് ആരോൺ മേയ് നിൽക്കുമ്പോഴാണ് ഡിക്സി ഇതെല്ലാം ചെയ്യുന്നത്. ചാർലി ഇതിനിടയിൽ ആരോണിനെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. ഇതോടൊപ്പം കൂടുതൽ ഫോളോവേഴ്സ് വേണമെന്നും 10 കോടിയിലെത്താൻ വൈകുന്നുവെന്ന തരത്തിലുമുള്ള ചാർലിയുടെ പ്രസ്താവനയും വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴുള്ള ഫോളോവേഴ്സിനെ പരിഹസിക്കുന്ന രീതിയിലാണ് ചാർലി സംസാരിച്ചതെന്നായിരുന്നു ആക്ഷേപം. 

ഇതിനെത്തുടര്‍ന്ന് 10 ലക്ഷത്തോളം പേർ ചാർലിയെ അൺഫോളോ ചെയ്തു. കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നു. എന്നാൽ ഈ സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയതോടെ ചാർലിയുടെ ഫോളോവേഴസിന്റെ എണ്ണം വർധിക്കാൻ തുടങ്ങുകയും ഒടുവിൽ 10 കോടി പിന്നിടുകയും ചെയ്തു.

ഫോബ്സ് മാസികയുടെ കണക്കുപ്രകാരം ഏറ്റവും ഉയർന്ന ടിക്ടോക് വരുമാനമുള്ള രണ്ടാമത്തെ വ്യക്തിയാണ് ചാർലി. ടിക്ടോക് കൂടാതെ ഇൻസ്റ്റഗ്രാം, യുട്യൂബ്, ഫെയ്സ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലും ചാർലി സജീവമാണ്. തന്റെ ജീവത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചാർലി എഴുതുന്ന പുസ്തകം നവംബർ അവസാനത്തോടെ പുറത്തിറങ്ങും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...