ഒച്ചിനെ തിന്നാൻ നോക്കി; ടിക്ക് ടോക്ക് രാജ്ഞിയുടെ 10 കോടി സ്വപ്നം പൊലിഞ്ഞു; നടന്നത്

charli-damelio-1.jpg.image.845.440
SHARE

ടിക്ടോക്കില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരമാണ് അമേരിക്കയിലെ നോർവാൾക്ക് സ്വദേശിനി ചാർലി ഡി അമേലിയോ. ടിക്ടോക് രാജ്ഞി എന്ന വിശേഷണം നേടിയ പെൺകുട്ടി. 9.95 കോടി ഫോളോവേഴ്സ് ഉള്ള ചാര്‍ലി വൈകാതെ 10 കോടി എന്ന മാന്ത്രിക സംഖ്യയിൽ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചാർലിയുടെ ആ സ്വപ്നത്തിന് തിരച്ചടി ഏറ്റു എന്നു മാത്രമല്ല കടുത്ത വിമര്‍ശനങ്ങളും നേരിടുകയുമാണ് ഈ പതിനാറുകാരി.

ബ്യൂട്ടി യുട്യൂബറായ ജെയിംസ് ചാള്‍സിന് ഡി അമേലിയോ കുടുംബം നൽകിയ സത്കാരത്തിന്റെ വിഡിയോ ആണ് പ്രശ്നങ്ങൾക്കു കാരണമായത്. ചാർലിയുടെ സഹോദരി ഡിക്സി, അച്ഛൻ മാർക്, അമ്മ ഹെയ്ദി എന്നിവർ ചേർന്നാണ് ചാൾസിന് സത്കാരം നൽകിയത്. ഇവരുടെ ഷെഫ് ആരോൺ മേയ് ആണ് വേണ്ടി ആഹാരം ഒരുക്കിയത്. 

വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതിനിടയിൽ പാകം ചെയ്ത ഒരു ഒച്ചിനെ തിന്നാൻ ഡിക്സി ശ്രമിക്കുന്നു. എന്നാൽ രുചി ഇഷ്ടപ്പെടാതെ വലിച്ചെറിയുന്നു. വീണ്ടും കഴിക്കാൻ ശ്രമിക്കുകയും ഇഷ്ടപ്പെടാതെ വലിച്ചെറിഞ്ഞ് പുറത്തേക്ക് ഓടുകയും ചെയ്യുന്നു.  ഷെഫ് ആരോൺ മേയ് നിൽക്കുമ്പോഴാണ് ഡിക്സി ഇതെല്ലാം ചെയ്യുന്നത്. ചാർലി ഇതിനിടയിൽ ആരോണിനെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കുന്നുമുണ്ട്. ഇതാണ് വിഡിയോയ്ക്കെതിരെ രോഷം ഉയരാൻ കാരണമായത്.

ഡിക്സിയും ചാർലിയും  യാതൊരു ബഹുമാനമോ മര്യാദയോ ഇല്ലാതെയാണ് ആരോൺ മേയോട് പെരുമാറിയതെന്നാണ് ആക്ഷേപം. ഇഷ്ടമില്ലെങ്കിൽ കഴിക്കാതിരിക്കാമെന്നും എന്നാൽ വിഡിയോ ആകര്‍ഷകമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാടീകയമായ ഈ പ്രകടനമെന്നുമാണ് വിമർശകർ പറയുന്നത്.

കൂടുതൽ ഫോളോവേഴ്സ് വേണമെന്നും 10 കോടിയിലെത്താൻ വൈകുന്നുവെന്ന തരത്തിലുമുള്ള ചാർലിയുടെ പ്രസ്താവനയും വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴുള്ള ഫോളോവേഴ്സിനെ പരിഹസിക്കുന്ന രീതിയിലാണ് ചാർലി സംസാരിച്ചതെന്നായിരുന്നു ആക്ഷേപം. ഇതിന്റെയെല്ലാം ഫലമായി നിരവധിപ്പേർ ചാർലിയെ അൺഫോളോ ചെയ്തു. ഇതുവരെ 10 ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. ട്രോളുകളും വിമർശനങ്ങളും ശക്തമായി തുടരുന്നു.

സൈബർ അധിക്ഷേപം കടുത്തതോടെ ചാർലി ഇൻസ്റ്റഗ്രാമിൽ ഒരു ലൈവ് വിഡിയോയുമായി എത്തി. തെറ്റിദ്ധാരണ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. നിരവധി ഫോളോവേഴ്സിനെ നഷ്ടമായി. ആത്മഹത്യ ചെയ്തൂടെ എന്നു ചിലർ സന്ദേശമയച്ചെന്നും ചാർലി പറഞ്ഞു.

വിമർശനങ്ങൾ ശക്തമായതോടെ ചാർലിയെ പിന്തുണച്ചും ആരാധകരും രംഗത്തെത്തി. 16 വയസ്സുകാരിയുടെ പക്വത കുറവായി കണ്ടാൽ മതിയെന്നും ഒരു തെറ്റിന്റെ പേരിൽ ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ അഭിപ്രായം. എന്തായാലും കൂടുതൽ വരുമാനവും ഫോളോവേഴ്സിനെയും ലക്ഷ്യമിട്ടുള്ള വിഡിയോ ഇങ്ങനെ പര്യവസാനിക്കുമെന്ന് ഡി അമേലിയോ കുടുംബം കരുതിക്കാണില്ല. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...