തലയോടിന്റെ പാതി 3 മാസമായി ഫ്രീസറിൽ; അനൂപിന്റെ ജീവന്റെ വില 5 ലക്ഷം രൂപ

anoop-accident
SHARE

നെടുങ്കണ്ടം: അപകടത്തിൽപെട്ടതിനെത്തുടർന്നു മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ആശുപത്രിയിലെ ഫ്രീസറിൽ. ഇതു തിരിച്ചു ചേർക്കാൻ ഡോക്ടർ നിശ്ചയിച്ചു നൽകിയ ശസ്ത്രക്രിയാ തീയതി കഴിഞ്ഞു. പണമില്ലാത്തതിനാൽ വീണ്ടും 15 ദിവസം കൂടി അവധി ചോദിച്ചു. ആ അവധി ഇന്നു തീരുന്നു! നെടുങ്കണ്ടം പാമ്പാടുംപാറ ഒറ്റപ്ലാക്കൽ രാധാകൃഷ്ണന്റെ മകൻ അനൂപ് (27) ആണ് സ്വന്തം തലയോടിന്റെ  പാതി തിരിച്ചു കിട്ടാൻ  കനിവു കാത്തിരിക്കുന്നത്. ഇനിയും അവധി പറഞ്ഞു നീട്ടിക്കൊണ്ടുപോയാൽ ജീവൻ തന്നെ അപകടത്തിലാകും..ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു ബെംഗളൂരുവിൽ ജോലിക്കു ചേർന്ന അനൂപ് ഫെബ്രുവരിയിൽ അവധിക്കു നാട്ടിൽ വന്നതാണ്. കോവിഡ് മൂലം തിരിച്ചു പോകാനായില്ല.

ഓഗസ്റ്റ് 2ന് വാഴവര എന്ന സ്ഥലത്തു വച്ചാണ് നിയന്ത്രണം വിട്ട കാർ അനൂപിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. സംഭവസ്ഥലത്ത് ബോധമറ്റു കിടന്ന അനൂപിനെ അടുത്ത വീട്ടിലെയാൾ ആശുപത്രിയിലെത്തിച്ചു. കോട്ടയം മെഡിക്കൽ  കോളജിലെത്തിച്ചെങ്കിലും   ഐസിയു ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്കു റഫർ ചെയ്തു. 

സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം മരണത്തോടു മല്ലിട്ടു കിടന്ന അനൂപിന്റെ തലച്ചോറിനേറ്റ ക്ഷതം പരിഹരിക്കാനാണു തലയോടിന്റെ ഒരു ഭാഗം മുറിച്ചു ഫ്രീസറിൽ വയ്ക്കേണ്ടി വന്നത്. തലച്ചോറിലെ നീർക്കെട്ട് പൂർണമായി മാറിയാൽ മൂന്നുമാസത്തിനുശേഷം തിരിച്ചു വയ്ക്കണമെന്നു ഡോക്ടർ പറഞ്ഞിരുന്നു.

ഇതിന് 5 ലക്ഷം രൂപയാണ് ചെലവ്. തുടർന്നു കഴിക്കേണ്ടി വരുന്ന മരുന്നിനു വേറെയും. ഒരു വർഷത്തെ തുടർ ചികിത്സയാണു ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ഇപ്പോൾ എഴുന്നേറ്റിരിക്കാനാവും.. ജീവൻ രക്ഷിച്ചെടുക്കാൻ ഇതു വരെ നടത്തിയ ചികിത്സയ്ക്കു മാത്രം  അഞ്ചര ലക്ഷം രൂപ ചെലവായി. ഇതിന്റെ കടത്തിനു പിന്നാലെയാണ് 5 ലക്ഷം രൂപ കൂടി ആവശ്യമെന്ന സ്ഥിതി വന്നിരിക്കുന്നത്. നവംബർ 2നു നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ പണമില്ലാത്തതിനാൽ മുടങ്ങി. 2 ആഴ്ചത്തെ അവധി ചോദിച്ചതും ഇന്നു കഴിയും. ഇനി അവധിയില്ല. ഇബ്രാഹിംകുട്ടി കല്ലാർ രക്ഷാധികാരിയായി നാട്ടുകാർ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.. 

പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം, വാർഡംഗം ആന്റണി പെരുമ്പുറം, അച്ഛൻ  രാധാകൃഷ്ണൻ എന്നിവരുടെ പേരിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുറന്നു. അനിൽ  കട്ടൂപ്പാറയാണ് സഹായസമിതി സെക്രട്ടറി. അക്കൗണ്ട് നമ്പർ– 10180100271731. ഐഎഫ്എസ് കോഡ്: എഫ്ഡിആർഎൽ0001018 വിലാസം: അനൂപ് രാധാകൃഷ്ണൻ, ഒറ്റപ്ലാക്കൽ, ചേമ്പളം. പാമ്പാടുംപാറ. ഫോൺ: 9072122816.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...