ജീവിത മാർഗം തേടി കുവൈത്തിലെത്തി; ‘ബിഗ് ടിക്കറ്റ്’ തുണച്ചു; കോടീശ്വരൻ

kuwait-family
SHARE

തിരുവല്ല: ജീവിതം മാർഗം തേടി കുവൈത്തിലെത്തിയവരെ ‘ബിഗ് ടിക്കറ്റ്’ തുണച്ചപ്പോൾ അത് പത്തനംതിട്ട ജില്ലയുടെയും ഭാഗ്യമായി മാറി. അബുദാബിയിൽ ബുധനാഴ്ച നറുക്കെടുത്ത ബിഗ് ടിക്കറ്റ് ലോട്ടറിയുടെ ഒന്നാം സ്ഥാനം പങ്കിട്ട 3 സുഹൃത്തുക്കളിൽ 2 പേരും പത്തനംതിട്ട ജില്ലക്കാരാണ്- കല്ലൂപ്പാറ മഠത്തും ഭാഗം വടക്ക് പെരിലിലത്ത് നോബിൻ പി.മാത്യു(38), കുമ്പളാംപൊയ്ക പുത്തൻവീട്ടിൽ മിനു തോമസ് (45) എന്നിവരാണ് ഇവർ.

ഒന്നരക്കോടി ദിർഹമാണ് സമ്മാനം (ഏകദേശം 30 കോടി രൂപ). കഴിഞ്ഞ മാസം 17 നാണ് ഇവർ ഓൺലൈൻ ടിക്കറ്റ് എടുത്തത്. 42 കുവൈത്ത് ദിനാറായിരുന്നു ടിക്കറ്റ് വില. കാഞ്ഞങ്ങാട് സ്വദേശിയും സഹപ്രവർത്തകനുമായ പ്രമോദ് മാട്ടുമ്മലും ടിക്കറ്റ് എടുക്കാൻ പങ്കാളിയായി. ബുധനാഴ്ച വൈകിട്ട് സഹപ്രവർത്തകനായ അഖിൽ നായരാണ് ഭാഗ്യവിവരം ഫോണിലൂടെ അറിയിച്ചത്. ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലും ചാനലുകളിലും വിവരം എത്തിയപ്പോഴാണ് വിശ്വാസം വന്നത്.

പി.കെ.മാത്യുവിന്റെയും പരേതയായ നിർമലയുടെയും മകനാണ് നോബിൻ. 14 വർഷമായി കുവൈത്തിൽ ജോലി നോക്കുന്നു. കിയ ഓട്ടമൊബീൽസ് ഡീലറായ നാഷനൽ ഏജൻസീസ് ഗ്രൂപ്പിലെ സൂപ്പർവൈസറാണ്. തിരുവനന്തപുരം സ്വദേശിയായ ഭാര്യ എലിസബത്ത് ഡയറ്റീഷ്യനായി ജോലി ചെയ്യുന്നു. മകൻ യോഹാൻ നോബി മാത്യു എൽകെജി വിദ്യാർഥിയാണ്. 2 വർഷം മുൻപാണ് നാട്ടിലെത്തിയത്. അമ്മയുടെ ജന്മദിനത്തിന്റെ പിറ്റേന്നായിരുന്നു നറുക്കെടുപ്പ്. അമ്മയുടെ പ്രാർഥനയാണ് ഭാഗ്യമെത്താൻ കാരണമെന്ന് നോബിൻ പറഞ്ഞു.

നാഷനൽ ഏജൻസീസ് ഗ്രൂപ്പിലെ തന്നെ സൂപ്പർവൈസറായ മിനു തോമസ് പരേതനായ പി.എസ്.തോമസിന്റെയും പൊന്നമ്മയുടെയും മകനാണ്. 2 പതിറ്റാണ്ടായി കുവൈത്തിലുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായ തിരുവല്ല സ്വദേശി ലിസിയാണ് ഭാര്യ. മക്കൾ‌ ( മെൽവിൻ ( 10–ാംക്ലാസ്), ആൽവിൻ (6–ാം ക്ലാസ്).

ഇരുവരും കുടുംബസമേതം മാർച്ചിൽ നാട്ടിലെത്താനിരുന്നതാണ്. കോവിഡ് പ്രതിസന്ധി കാരണം യാത്ര മുടങ്ങി. വിമാന സർവീസുകൾ സാധാരണ നിലയിലായാൽ ഉടൻ നാട്ടിലെത്തും. വീട്ടുകാരുമായി ആലോചിച്ച് സമ്മാനത്തുക നല്ല സംരംഭങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഇരുവരും പറഞ്ഞു.

തയ്യാറാക്കിയത്: അലക്സ് തെക്കൻനാട്ടിൽ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...