‘ജിം റാഫേല്‍’ മരുന്നു കഴിച്ചിട്ട് 40 വര്‍ഷം; 61–ാം വയസിലും യൗവനം, രഹസ്യമിതാ

gym-rafel-life
SHARE

‘ഇരുപതാം വയസില്‍ തുടങ്ങിയതാണ് ജിംനേഷ്യം സെന്ററില്‍ മുടങ്ങാതെ പോക്ക്. എത്ര തിരക്കുണ്ടായാലും രണ്ടു മണിക്കൂര്‍ ജിമ്മില്‍ പരിശീലനം. വയസ് 61 കഴിഞ്ഞു. ജീവിത ശൈലീ രോഗങ്ങളില്ല. മരുന്നും വേണ്ട, ചികില്‍സയും വേണ്ട’. കൊരട്ടി സ്വദേശിയായ എം.ഡി.റാഫേല്‍ ഇന്നും ശാരീരിക കരുത്തിന്റെ കാര്യത്തില്‍ വേറിട്ട മനുഷ്യന്‍. ജിം റാഫേല്‍ എന്നു പറ‍ഞ്ഞാല്‍ മാത്രമേ നാട്ടുകാര്‍ അറിയൂ. അത്രയ്ക്കുണ്ട് റാഫേലിന്റെ ജിം വിശേഷങ്ങള്‍. പഞ്ചഗുസ്തി റഫറിയാണ്. രാജ്യാന്തര മല്‍സരങ്ങള്‍ ഒട്ടേറെ നിയന്ത്രിച്ചു. വിദേശരാജ്യങ്ങളിലും പഞ്ചഗുസ്തി മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ പോയി. മധുര കോട്സിലെ ജീവനക്കാരനായിരുന്നു. മൂന്നു തവണ മധുര കോട്സിന്റെ ദേശീയ ചാംപ്യനായി.

അഞ്ചു മണിക്ക് എണീക്കും

രാവിലെ അഞ്ചു മണിക്ക് എണീറ്റ ഉടനെ ജിമ്മില്‍ പോകും. സ്വന്തമായി ജിം നടത്തുന്നുണ്ട് കൊരട്ടിയില്‍. ഏഴു മണി വരെ ജിമ്മില്‍ പരിശീലനം. രാത്രി പത്തു മണിയാകുമ്പോഴേക്കും ഉറങ്ങും. ഇടവേളകളില്‍ കൃത്യസമയത്തു ഭക്ഷണം. ചോറുണ്ണാറില്ല. അണ്ടിപരിപ്പും മുട്ടയും മുടങ്ങാതെ കഴിക്കും. പ്രോട്ടീന്‍ പൗഡറുകളും കഴിക്കുന്നുണ്ട്. ഷുഗറില്ല, പ്രഷറില്ല, തൈറോയ്ഡില്ല... ജീവിത ശൈലീ രോഗങ്ങള്‍ക്ക് പിടിക്കൊടുക്കാെത എം.ഡി.റാഫേല്‍ ജീവിത യാത്ര തുടരുകയാണ്.

ശിഷ്യന്‍മാര്‍ ജയിച്ചിട്ടില്ല

പുഷ് അപ്സും ചിന്‍ അപ്സും എടുക്കുന്ന കാര്യത്തില്‍ ശിഷ്യന്‍മാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആശാനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ദിവസവും ആശാന്റെ കൂടെ പുഷ് അപ്സ് എടുക്കും. ആശാനായിരിക്കും അവസാനം നിര്‍ത്തുക. അപ്പോഴേക്കും ശിഷ്യന്‍മാര്‍ തളര്‍ന്നിട്ടുണ്ടാകും. ഭാരോദ്വാഹനത്തിന്റെ കാര്യത്തിലായാലും റാഫേലിന്റെ കരുത്ത് പതിന്‍മടങ്ങാണ്. ഇരുപതും ഇരുപത്തിയഞ്ചും വയസുള്ളവര്‍ വരെ ഇക്കാര്യത്തില്‍ തോറ്റു പിന്‍മാറും.

മടിയുണ്ടാകും, തളരരുത്

ജിമ്മില്‍ പോകാന്‍ എല്ലാവര്‍ക്കും ആദ്യം മടി കാണും. പക്ഷേ, സ്വന്തം ശരീരത്തെ സ്നേഹിക്കണം. മടി മാറ്റണം. എം.ഡി.റാഫേലിന് പുതിയ തലമുറയോട് പറയാനുള്ളത് ഇതാണ്. ജിമ്മില്‍ പോയി രണ്ടു ദിവസം കഴിയുമ്പോഴേക്കും ശരീര വേദന കൂടും. പിന്നെ, പലരും പോകില്ല. പൊതുവായി കണ്ടുവരുന്ന രീതി ഇതാണ്. ശരീരം നന്നായി സംരക്ഷിച്ചാല്‍ പിന്നെ രോഗങ്ങള്‍ വരില്ല. മുടങ്ങാതെ വ്യായാമം ചെയ്യുക. ഇല്ലെങ്കില്‍, ചികില്‍സയ്ക്കു ആശുപത്രിയില്‍ പണം ചെലവഴിക്കേണ്ടി വരും. എം.ഡി. റാഫേല്‍ നാട്ടുകാരോടെല്ലാം പറയുന്നത് ഇതാണ്.

പഞ്ചഗുസ്തി സംഘടന നേതാവ്

മകന്‍ അത്്്ലിറ്റായിരുന്നു. രണ്ടു മക്കളും ഇപ്പോള്‍ വിദേശത്താണ്. ഭാര്യാസമേതം കൊരട്ടിയിലാണ് റാഫേല്‍ താമസിക്കുന്നത്. പഞ്ചഗുസ്തി ദേശീയ സംഘടനയുടെ ട്രഷറായിരുന്നു. സംസ്ഥാനതലത്തിലും മുഖ്യസംഘാടകനായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...