അമ്മയെത്തിയത് മിയയെ വാരിയെടുത്ത് തിരികെ പറക്കാൻ; കണ്ടത് തണുത്തുറഞ്ഞ ശരീരം

miya-wb
SHARE

ആ അമ്മയെത്തിയത് പൊന്നോമന മകളെ വാരിക്കോരിയെടുത്ത് അയർലൻഡിന് പറക്കാനായിരുന്നു. ക്വറന്റീൻ അമ്മയ്ക്കും മകൾക്കുമിടെയിൽ വേലി തീർത്തപ്പോഴും പ്രതീക്ഷയായിരുന്നു ഉള്ളു നിറയെ. കാലാവധി കഴിഞ്ഞ് മകളെ കാണാമെന്ന്. എന്നാൽ ആശുപത്രി മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച കുഞ്ഞുമിയയെയാണ് അമ്മ ജിഷയ്ക്ക് കാണാനായത് . കണ്ണീരു പോലും തണുത്തുറയുന്ന കാഴ്ച.

ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽ വീണു മരിച്ചത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ്. 

ജോമിയും മൂത്തമകൻ ഡോണും അയർലൻഡിലാണ്. മിയയെ അയർലൻഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാൽ മൂവാറ്റുപുഴയിലെ വീട്ടിൽ ക്വാറന്റീനിലായിരുന്നു. നാട്ടിലെത്തിയിട്ടും മകളെ കാണാനും കഴിഞ്ഞിരുന്നില്ല. ജോമി രണ്ടു മാസം മുൻപു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടിൽ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. 

ക്വാറന്റീൻ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാൻ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടൻ ഡോണും അയർലൻഡിൽ നിന്ന് എത്തും. ഇവർക്കും കാരിത്താസ്  ആശുപത്രിയിൽ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാൽ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 

മിയയുടെ സംസ്‌കാര ശുശ്രൂഷകൾ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടക്കും. മൂവാറ്റുപുഴ ആരക്കുഴ റോഡിൽ മണ്ടോത്തിക്കുടിയിൽ കുടുംബാംഗമാണ് ജിഷ. ഡോൺ ജോമി അയർലൻഡിലെ കിൽക്കെനിയിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...