കെ.ആർ.നാരായണനെ കണ്ടു കണ്ടു വളർന്ന ഒരു കുട്ടിയുടെ ജീവിതം!

kr-speech
SHARE

ഇന്ന് മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജന്മശതാബ്ദി. പല ദൗത്യങ്ങള്‍ കഴിഞ്ഞ് കേരളത്തിലെ ഒറ്റപ്പാലത്ത് മല്‍സരിക്കാനെത്തി, അവിടെത്തുടങ്ങിയ ആ ജീവിതത്തിന്റെ സംഭവഭരിതമായ അനുഭവചിത്രം. 

തീർത്തും വ്യക്തിപരമാണ് ഈ കുറിപ്പ്!

കെ.ആർ.നാരായണനായിരുന്നു എന്റെ ആദ്യത്തെ നേതാവ്. മാന്നന്നൂർ യുപി സ്കൂളിൽ വള്ളിനിക്കർ പരുവത്തിൽ കളിച്ചുമദിച്ചു നടക്കുന്ന ഒരു നാളിലാണ്, കെ.ആർ നാരായണൻ ഞങ്ങളുടെ തീരെ ചെറിയ ജീവിതത്തിലേക്കു കടന്നുവരുന്നത്.

kr-with-wife

1984 ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പ്. ചുവന്നു ചുവന്നു ചോരനിറമായ മണ്ണായിരുന്നു അന്നു മാന്നന്നൂരിന്. കോൺഗ്രസുകാരെയൊക്കെ മഷിയിട്ടു നോക്കിയാലേ കാണൂ. ആ തിരഞ്ഞെടുപ്പിൽ മാന്നന്നൂർ കൂടി ഉൾപ്പെട്ട ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാ‍ർഥിയായി എത്തിയ പുതുമുഖമായിരുന്നു കെ.ആർ.നാരായണൻ. അന്നോളം, സ്ഥാനാർഥികളൊക്കെ ഒന്നു വന്നാലായി എന്ന മട്ടിലുള്ള കുഗ്രാമമാണ് മാന്നന്നൂർ. വോട്ടൊക്കെ പാർട്ടിക്കാർ വാരി‍ക്കെട്ടിക്കൊണ്ടു പോകും.

ആ മാന്നന്നൂരിലേക്കാണ് ഒരു പാർട്ടിയുടെ സ്ഥാനാർഥി നേരിട്ടു വരുന്നുവെന്ന വിവരമെത്തുന്നത്. വിദേശ സർവീസിലും മറ്റുമൊക്കെയായി ദീർഘകാലം ഇന്ത്യയ്ക്കു പുറത്തായിരുന്ന ആൾ. സാക്ഷാൽ ജവഹർലാൽ നെഹ്റു നേരിട്ടു കണ്ടെത്തിയ മിടുക്കൻ. വളരെ പാവപ്പെട്ട ദലിത് കുടുംബത്തിൽ ജനിച്ച് സ്വപ്രയത്നം കൊണ്ടു പഠിച്ചു വളർന്ന് വലിയ ഉയരങ്ങൾ കീഴടക്കിയ പ്രഗത്ഭൻ. വിദേശിയായ ഭാര്യ... കെ.ആർ നാരായണനെക്കുറിച്ചുള്ള അദ്ഭുതകഥകളായിരുന്നു അന്തരീക്ഷം നിറയെ.

അങ്ങനെയൊരു ദിവസം, ക്രീം കളർ മുണ്ടും (മുണ്ടുടുക്കാനറിയില്ല, വാരിക്കെട്ടി) ജൂബയുമിട്ട്, റെയിൽവേസ്റ്റഷനു മുന്നിലെ, രണ്ടോ മൂന്നോ കടകളും പോസ്റ്റ് ഓഫിസും മാത്രമുള്ള കവലയിൽ കെ.ആർ.നാരായണൻ എന്ന അദ്ഭുത മനുഷ്യൻ വന്നിറങ്ങി. ശരിക്കു നാവിൽ വഴങ്ങാത്ത മലയാളത്തിൽ അതീവ നിഷ്കളങ്കമായ സംസാരവുമൊക്കെയായി ഒരു തിരഞ്ഞെടുപ്പാഘോഷത്തിനു ഒട്ടും ചേരാത്തൊരു സാധുവായി അദ്ദേഹം കവലയിൽ കൂടിനിന്നവരോടു സംസാരിച്ചു. തൊട്ടുള്ള കടകളിലും വീടുകളിലും കയറുന്ന കൂട്ടത്തിൽ തൊട്ടപ്പുറത്തുള്ള ഞങ്ങളുടെ റെയിൽവേ ക്വാർട്ടേഴ്സിലും വന്നു. ആദ്യമായി നേരിൽ കാണുന്ന, ആദ്യമായി തൊടുന്ന, ആദ്യമായി സംസാരിക്കുന്ന നേതാവ്. പേരെന്താണെന്നോ മറ്റോ അദ്ദേഹം അന്നു ചോദിച്ചിരിക്കണം, ഓർമയില്ല.

പക്ഷേ, ആ ഒറ്റ വരവിൽ ഞാൻ കെ.ആർ നാരായണൻ ഫാനായി!

രാജീവ് ഗാന്ധിയും കെ.ആർ.നാരായണനും ചേ‍ർന്നുള്ള ഡെഡ്‍ലി കോംബോയായിരുന്നു ആ തിരഞ്ഞെടുപ്പിൽ - കെ.ആർ നാരായണൻ വലിയ ഭൂരിപക്ഷത്തിനു ജയിച്ചു. സിറ്റിങ് എംപിയായിരുന്ന എ.കെ.ബാലനാണ് തോറ്റത്. അന്നു രാജീവ് മന്ത്രിസഭയിൽ കെ.ആർ.നാരായണൻ മന്ത്രിയായി. അങ്ങനെ കേന്ദ്രമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടില്ലാത്ത അണിയായി മാറി ഞാൻ.

kr-queue

അടുത്ത തിരഞ്ഞെടുപ്പു കാലമായപ്പോഴേക്കും ഞങ്ങൾ മാന്നന്നൂർ വിട്ടു. പക്ഷേ, കെ.ആർ. നാരായണൻ പിന്നെയും രണ്ടുവട്ടം മാന്നന്നൂരിന്റെ (ഒറ്റപ്പാലത്തിന്റെ) എംപിയായി. സംവിധായകൻ ലെനി‍ൻ രാജേന്ദ്രനായിരുന്നു രണ്ടുവട്ടവും തോറ്റത്. ഇടതുപക്ഷത്തിന്റെ കൊടുംകോട്ടയായിരുന്ന ഒറ്റപ്പാലത്ത് പിന്നീടൊരിക്കലും കോൺഗ്രസ് ജയിച്ചിട്ടില്ല. ഇന്ദിരാവധത്തിലെ സഹതാപതരംഗവും കെ.ആർ.നാരായണൻ കൊണ്ടുവന്ന ഫ്രഷ്നസും ആയിരുന്നു ആദ്യവിജയത്തിന്റെ കാരണങ്ങളെങ്കിൽ, പിന്നീട്, അദ്ദേഹത്തിന്റെ ആത്മാർഥതയും നിഷ്കളങ്കതയും തന്നെയാണ് ഒറ്റപ്പാലത്ത‌ു കോൺഗ്രസിനു വിജയം നൽകിയത് (ഇപ്പോൾ ഒറ്റപ്പാലം മണ്ഡലമില്ല). 

കാലം കുറേ കടന്നു പോയി. കെ.ആർ.നാരായണൻ ഉപരാഷ്ട്രപതിയായി. ഞാൻ കോളജുകാരനും. ആലുവ യു.സി.കോളജിൽ പഠിക്കുമ്പോഴാണ്, എന്റെ ആദ്യനേതാവ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. ആദ്യത്തെ മലയാളി, ആദ്യത്തെ ദലിത്. അന്നു പക്ഷേ, കെ.ആർ.നാരായണനെക്കുറിച്ച് എനിക്കു വലിയ പ്രതീക്ഷകളില്ലായിരുന്നു. രാജീവ് മന്ത്രിസഭയിൽ ടെക്നോളജി അടക്കമുള്ള പല വകുപ്പുകളിൽ നല്ല പ്രവർത്തനമായിരുന്നു അദ്ദേഹം നടത്തിയത്. എന്നിട്ടും രാഷ്ട്രപതി സ്ഥാനത്തു കെ.ആർ.നാരായണൻ അദ്ഭുതങ്ങൾ കാണിക്കില്ലെന്നു ഞാൻ തെറ്റിദ്ധരിച്ചു. മലയാളിയെന്ന നിലയിൽ കെ.ആർ നാരായണനെക്കുറിച്ച് നമുക്ക് ആഹ്ലാദിക്കാമെന്നും എന്നാൽ ആവേശം കൊള്ളാൻ ഒന്നുമില്ലെന്നും എനിക്കു തോന്നി. എന്നും ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ ആയിരുന്ന അദ്ദേഹത്തിൽനിന്ന് രാഷ്ട്രപതി പദവിയിലും അതുതന്നെ പ്രതീക്ഷിച്ചാൽ മതിയെന്നു സൂചിപ്പിക്കുന്ന ഒരു ലേഖനം യു.സി കോളജിന്റെ മാഗസിനിൽ അന്നത്തെ പൊട്ടബുദ്ധിക്ക് ഞാൻ എഴുതി.

kr-president

എന്നാൽ, എന്റെ ആ തോന്നലുകളെ അപ്പാടെ തെറ്റിച്ചുകൊണ്ട് ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ, നട്ടെല്ലുള്ള, പ്രോ ആക്ടിവ് ആയ പ്രസിഡന്റായി അദ്ദേഹം മാറി. അങ്ങനെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവർണരേഖയായി അദ്ദേഹം എല്ലാക്കാലത്തേക്കും മുദ്രപ്പെട്ടു.

ഇതിനിടെ പിന്നെയും കാലം മുന്നോട്ടു പോയി. ഞാൻ കറങ്ങിത്തിരിഞ്ഞ് അദ്ദേഹത്തിന്റെ കൂടി ജില്ലയായ കോട്ടയത്ത് മലയാള മനോരമയുടെ ലേഖകനായി എത്തിപ്പെട്ടു. വിഐപികളെ നേരിട്ടു കാണാനും സംസാരിക്കാനും അവസരം കിട്ടുന്ന നിയോഗമുണ്ടായി. അങ്ങനെയൊരിക്കൽ, കോട്ടയത്തെ നാട്ടകം ടിബിയിൽ വച്ച് രാഷ്ട്രപതിയെ നേരിൽക്കണ്ടു. മടിച്ചു മടിച്ച് അദ്ദേഹത്തോടു ഞാൻ പറഞ്ഞു, ‘പണ്ടു പണ്ട് അങ്ങയുടെ കടുത്ത ആരാധകനായ ഒരു വള്ളിനിക്കറുകാരൻ പയ്യനുണ്ടായിരുന്നു...’ അദ്ദേഹം സ്നേഹവാൽസല്യങ്ങളോടെ പുഞ്ചിരിച്ചു. ഡൽഹിയിലേക്കു പ്രത്യേകം ക്ഷണിച്ചു. പോകാനായില്ല.

ഒരു വർഷത്തിനുള്ളിൽ അദ്ദേഹം രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞു. ഉഴവൂരിലെ കോച്ചേരിൽ വീട്ടിലേക്കുള്ള വരവുകൾ കൂടി. പലപ്പോഴും കണ്ടുമുട്ടി. ഒടുവിൽ, അവസാന യാത്രയ്ക്കും സാക്ഷിയായി.

നോക്കി നിൽക്കെ, ഒരു കാലം മടങ്ങി.

അത്രയെളുപ്പത്തിൽ മറന്നുകളയാൻ കഴിയാത്ത ഒരാൾ

ശശി തരൂരാണ് ആധുനിക കാലത്തെ ആദ്യത്തെ ഗ്ലോബൽ മലയാളി സിറ്റിസൺ എന്ന് ഇന്നു പലരും പറയുമായിരിക്കും. എന്നാൽ, ആധുനിക കേരളത്തിന്റെ ആദ്യത്തെ വിശ്വപൗരൻ കെ.ആർ.നാരായണനാണ്. തരൂരിനും മുൻപേ ലോകത്തെത്തിയ മലയാളി.

ഒരു തരത്തിലുമുള്ള പ്രിവിലജുകളുടെയും ആനപ്പുറത്തു കയറിയായിരുന്നില്ല അദ്ദേഹത്തിന്റെ ലോകസഞ്ചാരം എന്നത് അതിനു മറ്റാരുടേതിനെക്കാളും പ്രസക്തി നൽകുന്നു. കെ.ആർ. നാരായണന്റെ ജീവിതം അതുകൊണ്ടു തന്നെ പുതിയ തലമുറയോട് നിരന്തരം പറയേണ്ടതുമാണ്. എന്നാൽ, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം പറയുകയോ പരിചയപ്പെടുത്തുകയോ ചെയ്യുന്ന എഴുത്തുകളോ പഠനങ്ങളോ മലയാളത്തിൽ കാര്യമായി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഗൂഗിൾ സെർച്ചിൽ പോലും നമുക്ക്, ആർ.കെ. നാരായണന്റെ പുസ്തകങ്ങളും എഴുത്തുകളും കിട്ടും, പക്ഷേ, കെ.ആർ.നാരായണനെ കിട്ടിയെന്നു വരില്ല, നിർഭാഗ്യവശാൽ!

വിശപ്പടങ്ങാൻ മാത്രം ഭക്ഷണമോ ധരിക്കാൻ ആവശ്യത്തിനു വസ്ത്രമോ ഇല്ലാതെയാണ് കെ.ആർ.നാരായണൻ ജീവിതത്തിന്റെ ഓരോ ചുവടുകളിലും ഗംഭീരമായ വിജയങ്ങൾ വെട്ടിപ്പിടിച്ചു മുന്നോട്ടു പോയത്. അടുത്ത വീടുകളിലേക്കുള്ള പത്രം കൈമാറാൻ കൊണ്ടുപോകുന്നതിനിടെ നടത്തത്തിൽ വായിച്ചാണ് അദ്ദേഹം ലോകത്തെ അറിഞ്ഞത്.

കെ.ആർ.നാരായണനിൽ അന്നേ ഒരു പോരാളിയുണ്ടായിരുന്നു. മഹാരാജാവിനെ കാണാൻ കൂടിക്കാഴ്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ച യുവാവാണ് പിന്നീട് മഹാത്മാ ഗാന്ധിയോടു മുഖാമുഖമിരുന്ന് അഭിമുഖം നടത്തിയത്, ഹാരോൾഡ് ലാസ്കിയെന്ന അതിപ്രഗത്ഭനായ സാമ്പത്തികശാസ്ത്രജ്ഞന്റെ പ്രിയ ശിഷ്യനായതും അദ്ദേഹത്തിന്റെ കത്തുമായി ജവാഹർലാൽ നെഹ്റുവിന്റെ മുന്നിലെത്തിയതും. അങ്ങനെ എത്രയെത്ര ഉജ്വലമായ കഥകളുണ്ട് കെ.ആർ നാരായണന്റെ ഫെയ്റി ടെയ്ൽ സമാനമായ ജീവിതത്തിൽ!

kr-alone

ആശയപരമായും രാഷ്ട്രീയത്തിലും തികഞ്ഞ നെഹ്റൂവിയൻ സോഷ്യലിസ്റ്റായിരുന്നു നാരായണൻ. ചൈനയും യുഎസും അടക്കം നിർണായകമായ രാജ്യങ്ങളിലെ ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹം. മന്ത്രിയെന്ന നിലയിൽ രാജീവ് ഗാന്ധി വിവിധ വകുപ്പുകളിൽ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പ്രയോജനപ്പെടുത്തി. ശാസ്ത്രസാങ്കേതിക വിദ്യ, പ്ലാനിങ്, വിദേശകാര്യം. പേറ്റന്റ് വിഷയത്തിലൊക്കെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട് അക്കാലത്ത് അദ്ദേഹം.

ഉപരാഷ്ട്രപതി, രാഷ്ട്രപതി കാലത്ത്, എന്നെപ്പോലെ പലരുടെയും ധാരണ പാടേ അട്ടിമറിച്ച്, ഫോർവേഡ് പൊസിഷനിൽ കളിച്ച ഒരു മുൻനിരക്കാരനായി അദ്ദേഹം. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ‘ഗാന്ധി വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം ’ എന്നാണ് അദ്ദേഹം പറഞ്ഞത്.

രാഷ്ട്രപതിയെന്ന നിലയിൽ ഇത്തരത്തിൽ ഒരുപാടു ആക്ടിവിസം നാരായണൻ കൊണ്ടുവന്നു. രാഷ്ട്രപതി സ്ഥാനത്തിരിക്കെ ആദ്യമായി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു അദ്ദേഹം. ജനാധിപത്യ പ്രക്രിയയോട് ഒരു പൗരനും ഒരു കാരണം കൊണ്ടും മുഖം തിരിക്കാനാകില്ലെന്നായിരുന്നു ആ നടപടിയുടെ അർഥം.

തന്റെ തീരുമാനങ്ങൾ രാഷ്ട്രത്തോടു വിശദീകരിക്കണമെന്ന് ആദ്യം തീരുമാനിച്ച രാഷ്ട്രപതി കെ.ആർ നാരായണനായിരുന്നു. പതിവുള്ളതായിരുന്നില്ല, ജനങ്ങളുമായുള്ള അത്തരമൊരു സംസാരം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കു തന്നെ നി‍ർദേശിക്കുകയും വിജയിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ കക്ഷികളോട് ആ സ്ഥാനങ്ങളിലിരുന്നുകൊണ്ട് പ്രത്യേക അനുഭാവമെന്തെങ്കിലും കാണിക്കാൻ വിസമ്മതിച്ച ഒട്ടേറെ സന്ദർഭങ്ങളുണ്ട് കെ.ആർ.നാരായണന്റെ ജീവിതത്തിൽ. യുപിയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഐ.കെ. ഗുജ്റാൾ സർക്കാരിന്റെ നിർദേശം തള്ളിക്കളഞ്ഞ അദ്ദേഹം, കരുണാനിധിയുടെ അർദ്ധരാത്രി അറസ്റ്റിനു പിന്നാലെ തമിഴ്നാട് ഗവർണറെ തിരിച്ചു വിളിച്ചു.

ഇന്ത്യ, രാഷ്ട്രീയമായി പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹം ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരുന്നത്. 1992 മുതൽ 2002 വരെ. ഇക്കാലം 8 തവണ ഭരണം മാറി. ഒരു സർക്കാരിനും ഒറ്റയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. 97 ൽ കെ.ആർ.നാരായണൻ രാഷ്ട്രപതിയായ ശേഷം കോൺഗ്രസും ബിജെപിയും മൂന്നാം മുന്നണിയുമൊക്കെ പലവട്ടം സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തി. വ്യക്തമായ ഭൂരിപക്ഷം രേഖാമൂലം തെളിയിക്കാതെ ഒരു മുന്നണിയെയും   ഭരണമേറാൻ രാഷ്ട്രപതി അനുവദിച്ചില്ല. 

ഇന്നത്തെ മലയാള മനോരമയിൽ സച്ചിദാനന്ദ മൂർത്തിയും ദ് ഹിന്ദുവിൽ ഹരീഷ് ഖാരെയും ഈ കാലത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ഉത്തമ സംരക്ഷകനായിരുന്നു കെ.ആർ നാരായണനെന്ന്  സച്ചിദാനന്ദ മൂർത്തി എഴുതുമ്പോൾ, ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ അദ്ദേഹം കൊണ്ടുവന്ന സർഗാത്മകതയക്കുറിച്ച് ഖാരെ പറയുന്നു. 

1996 ലാണ് ജ്യോതി ബസു ഇന്ത്യൻ പ്രധാനന്ത്രിയാകാനുള്ള സാധ്യതയെ സിപിഎം നിരസിക്കുന്നത്. പിന്നീട് ‘ചരിത്രപരമായ വിഡ്ഡിത്തം’ എന്ന് ആ തീരുമാനം വിലയിരുത്തപ്പെട്ടു. എന്നാൽ, 1999 ൽ ജ്യോതി ബസുവിന്റെ പേര് ഒരിക്കൽ കൂടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിൽ വന്നുവെന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. രാഷ്ട്രപതി നാരായണനായിരുന്നു അതിനു തുടക്കം കുറിച്ചത്.  

kr-mps

273 അംഗങ്ങളുടെ പിന്തുണ തികയ്ക്കാനാകാതെ, കുറച്ചു നാളുകൾ കൂടി ഭൂരിപക്ഷമൊപ്പിക്കാൻ നീട്ടിക്കിട്ടുമോ എന്ന അഭ്യർഥനയുമായി രാഷ്ട്രപതി ഭവനിലെത്തിയ സോണിയ ഗാന്ധിയോട്, ജ്യോതി ബസുവിന്റെ നേതൃത്വം അംഗീകരിക്കുമോ എന്ന് കെ.ആർ നാരായണൻ ചോദിച്ചു. സോണിയ അതു പ്രതീക്ഷിച്ചിരുന്നില്ല. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം മുലായം സിങ് യാദവിന്റെ നേതൃത്വത്തിൽ നീക്കം നടന്നെങ്കിലും കോൺഗ്രസ് താൽപര്യം കാട്ടാഞ്ഞതിനാൽ വിജയിച്ചില്ല. 

ജ്യോതി ബസു അന്നു പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, ഇന്ത്യൻ രാഷ്ട്രീയം എങ്ങനെ മാറിത്തീരുമായിരുന്നുവെന്ന ചിന്ത കൗതുകകരമായിരിക്കും. 

അറിവും യോഗ്യതയും പാകതയും കൊണ്ട് ഇന്ത്യയുടെ ഏറ്റവും പ്രഗത്ഭമതികളായ രാഷ്ട്രപതിമാരുടെ മുൻനിരയിൽ കസേരിയിട്ടിരിക്കും കെ.ആർ.നാരായണൻ. ജനങ്ങളോടുള്ള ഉത്തരവാദിത്തവും അക്കൗണ്ടബിലിറ്റിയുമാണ് മാനദണ്ഡമെങ്കിൽ ഇന്ത്യയിലെ ഏറ്റവും ജനകീയനായ രാഷ്ട്രപതിയാണ് അദ്ദേഹം. നിലപാടുകളും അതിലെ ഉറപ്പുമാണ് കണക്കാക്കുന്നതെങ്കിൽ രാജ്യം കണ്ട യഥാർഥ ആക്ടിവിസ്റ്റ് പ്രസിഡന്റുമാണ് കെ.ആർ.നാരായണൻ. ഈ വിലയിരുത്തലിനോടു വിയോജിക്കുന്നവരുണ്ടാകാം. എന്നാൽ, ഏറ്റവും മഹാനായ മലയാളികളിലൊരാളാണ് അദ്ദേഹം എന്ന കാര്യത്തിൽ തർക്കമേയില്ല. അങ്ങനെയൊരാളെയാണ്, നമ്മൾ പൊതുവേ സൗകര്യപൂർവം വിസ്മരിച്ചു കളയുന്നത് എന്നതിലും!

(മലയാള മനോരമ ദിനപത്രത്തിൽ സോഷ്യൽ മീഡിയ എഡിറ്ററാണ് ലേഖകൻ)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...