പടക്കം പൊട്ടിച്ചാൽ കൂസലില്ല, തീപ്പന്തം ചവിട്ടിക്കെടുത്തും; ദ്രുതകർമ സേനയും തോറ്റു; ഭീതി

elephant-bovikkanam
SHARE

ബോവിക്കാനം: ‌‌പടക്കം പൊട്ടിച്ചാൽ കൂസലില്ലാതെ നിൽക്കും; തീപ്പന്തം എറിഞ്ഞാൽ ചവിട്ടിക്കെടുത്തും. മറ്റു ചെപ്പടി വിദ്യകളോടെല്ലാം പുച്ഛം!.  തുരത്താൻ എത്തിയ ദ്രുത കർമ സേന (ആർആർടി) പോലും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. നെയ്യങ്കയത്തുള്ള ഒരു കൂട്ടം ആനകളെയാണ് എത്ര ശ്രമിച്ചിട്ടും ഓടിക്കാൻ കഴിയാത്തത്. അതേസമയം ഒരു ഭാഗത്തു നിന്ന് ഓടിക്കുമ്പോൾ മറുഭാഗത്തു കൂടി ജനവാസ മേഖലകളിൽ ഇറങ്ങുന്ന ബാക്കിയുള്ള ആനക്കൂട്ടങ്ങളും വനപാലകർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്.

സംരക്ഷിത വനവും വീടുകളും ഇടകലർന്നു നിൽക്കുന്ന ജില്ലയിലെ പ്രത്യേക സാഹചര്യവും ഒരേസമയം പല കൂട്ടങ്ങളായി ആനകൾ സഞ്ചരിക്കുന്നതും തുരത്താനുള്ള ശ്രമങ്ങൾക്കു തടസ്സമാണ്. ആറളത്തു നിന്ന് എത്തിയ ദ്രുത കർമ സേനയും റേഞ്ച് ഓഫിസർ എൻ.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും നാട്ടുകാരും ചേർന്ന് 12 മണിക്കൂറോളം തുടർച്ചയായി ആനകളെ പിന്തുടർന്നെങ്കിലും കാറഡുക്കയിൽ നിന്നു പയസ്വിനിപ്പുഴ കടത്താൻ കഴിഞ്ഞില്ല.

അതിനിടെ പല സ്ഥലങ്ങളിലും ഇവ കൃഷി നശിപ്പിച്ചു കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്തു. 19 ആനകളാണ് പല സ്ഥലങ്ങളിലായി ഉള്ളതെന്ന് വനംവകുപ്പ് പറയുന്നു. 10,6, 2 ആനകൾ വീതമുള്ള കൂട്ടങ്ങളും ഒറ്റയാനും ഉണ്ടെന്ന് ഉറപ്പാണ്. അതേസമയം ഇതിലും കൂടുതൽ ഉണ്ടോയെന്ന് കർഷകർക്കു സംശയമുണ്ട്. കാറഡുക്ക വനത്തിലെ തന്നെ ചേറ്റോണി, നെയ്യങ്കയം, കയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ തമ്പടിച്ചിരിക്കുന്നത്. നേരത്തെ മുളിയാറിൽ നിന്നു തുരത്തിവിട്ട ആനക്കൂട്ടമാണ് നെയ്യങ്കയത്ത് ഉള്ളത്. ഇവയെ തുരത്താൻ ശ്രമിക്കുമ്പോൾ ജനക്കൂട്ടത്തിനു നേരെ തിരിയുന്നത് ഭീഷണി ഉയർത്തുന്നു.

വെള്ളിയാഴ്ച രാത്രി എട്ടോടെ നെയ്യങ്കയത്ത് ഇറങ്ങിയ ആനകളെ തുരത്താൻ ആർആർടി എത്തിയെങ്കിലും ആനകൾ കൃഷി നശിപ്പിക്കുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. പടക്കം എറിഞ്ഞിട്ടു പോലും ആനകളെ തുരത്താൻ കഴിഞ്ഞില്ല. പല തവണ ഇവ വനപാലകരെ ആക്രമിക്കാൻ തുനിയുകയും ചെയ്തു. ദിവസങ്ങളായി വനപാലകർക്കൊപ്പം നാട്ടുകാരും ഉറക്കം വിട്ട് ആനകളെ തുരത്താനുള്ള ശ്രമത്തിലാണ്. കുറ്റിക്കോൽ പഞ്ചായത്തിലേക്കും ഇതിനിടെ ആനശല്യം വ്യാപിച്ചു. ചൊട്ടത്തോൽ വനങ്ങാട് വൻതോതിൽ കൃഷി നശിപ്പിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...