ലഹരി സംഘങ്ങൾ: വിവരം തരൂ, ആരുമറിയില്ല, ഇതെന്റെ വാക്ക്; എക്സൈസ് കമ്മിഷണർ

excise-commissioner
SHARE

മനോരമ വാർത്തയുടെ പശ്ചാത്തലത്തിൽ എക്സൈസ്  കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ ഉറപ്പു തരുന്നു... വിവരം തരൂ... ആരും അറിയില്ല...ഇത് എന്റെ വാക്കാണ്...... 

കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്നവരെക്കുറിച്ചും ഇത്തരം ഇടപാടുകൾ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചും നാട്ടുകാർക്ക് അറിവുണ്ടാകുമല്ലോ. സ്വന്തം പേരും മേൽവിലാസവും ഒന്നും നിങ്ങൾ പറയേണ്ട. ഞങ്ങളുടെ കൺട്രോൾ റൂമിൽ വിളിച്ചു വിവരം തന്നാൽ മാത്രം മതി. വിവരം തരുന്ന ആളുടെ ഫോൺ നമ്പർ അടക്കം എല്ലാം രഹസ്യമാക്കി വയ്ക്കും. ആരാണു വിളിക്കുന്നതെന്ന് ചോദിക്കുകയുമില്ല. എന്നാൽ, കഴിയുന്നതും വ്യക്തമായ വിവരം തരാൻ ശ്രദ്ധിക്കണം. പൊതുവായ ആരോപണങ്ങൾ ഒഴിവാക്കുക. എവിടെ, ആര്, എപ്പോൾ എന്നു പറയണം. വാട്സാപ്പിൽ ലൊക്കേഷൻ കൈമാറാൻ അറിയാവുന്നവർക്ക് അതും ചെയ്യാം. 

ഇത്തരം ലഹരി സംഘങ്ങളെ തടയണമെങ്കിൽ പ്രാദേശികമായി തന്നെ ജനങ്ങൾ സംഘടിക്കണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ തങ്ങൾ‌ക്കു വേണ്ടപ്പെട്ടവരും ബന്ധുക്കളും ആണെന്നു കരുതി മിണ്ടാതിരുന്നാൽ നാളെ സ്വന്തം മക്കളും ഇൗ സംഘങ്ങളുടെ വലയിൽ വീണുപോകാമെന്ന് ഓർക്കുക! ലഹരി വിൽ‌പന ജീവിതമാർഗമാക്കിയിരിക്കുന്ന പലരും പിടിയിലായാലും തിരികെ ഇൗ കച്ചവടത്തിലേക്കു തന്നെ വരുന്നതായി കണ്ടിട്ടുണ്ട്.

അതിനാൽ ഇവരെ എന്നെന്നേക്കുമായി കച്ചവടത്തിൽ നിന്നു പിന്തിരിപ്പിക്കേണ്ട ചുമതല നാട്ടുകാർക്കുണ്ട്. ലഹരി സംഘങ്ങളെ പേടിച്ച് ജനങ്ങൾ താമസം മാറിപ്പോവുകയല്ല വേണ്ടത്. പകരം, തങ്ങളുടെ മേഖലകളിൽ നിന്ന് അവരെ അകറ്റാനാണു ശ്രമിക്കേണ്ടത്. അടുത്ത കാലത്ത് ലഹരിമരുന്നിന്റെ വരവ് ജില്ലയിൽ കൂടിയിട്ടുണ്ട്.  എക്സൈസ് വകുപ്പ് അതിനനുസരിച്ച് ഉണർന്നു പ്രവർത്തിച്ചതു കൊണ്ടാണ് റെക്കോർഡ് അളവിൽ ലഹരിമരുന്നു വേട്ടയ്ക്കു കഴിഞ്ഞത്. എന്തായാലും പുതിയ തലമുറയിലെ കൂടുതൽ പേർ ലഹരിയുടെ ലോകത്തേക്കു വരുന്നുവെന്നാണു മനസ്സിലാക്കുന്നത്.

സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റും ലഹരിമരുന്ന് ഉപയോഗിക്കുകയോ അതിന് അടിമയാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൗൺസലിങ്ങിനും ചികിത്സക്കും എക്സൈസ് വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇതിനായി ലഹരി മുക്ത കേന്ദ്രങ്ങളുണ്ട്.  കൗൺസലിങ്ങും വളരെ കുറഞ്ഞ നിരക്കിൽ ചികിത്സയും ലഭ്യമാക്കും. ചികിത്സ തേടാൻ ആരും മടികാണിക്കരുത്. കാരണം ലഹരിക്ക് അടിമപ്പെടുക എന്നത് ഒരു രോഗം കൂടിയാണ്. രോഗത്തിന് ചികിത്സയാണ് ആവശ്യം. അവഗണനയോ കുറ്റപ്പെടുത്തലോ ശിക്ഷയോ അല്ല.  ചികിത്സ തേടാൻ ആരും മടികാണിക്കരുത്. 

മക്കൾക്കെതിരെ പരാതി പറഞ്ഞാൽ‌ മാതാപിതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. അതു ശരിയല്ല. മക്കളെ ലഹരിയുടെ ലോകത്തു നിന്ന് അകറ്റാനുള്ള നടപടികളാകും എക്സൈസ് വകുപ്പ് സ്വീകരിക്കുക. കുട്ടികളുടെ സ്വഭാവത്തിൽ വ്യാത്യാസം കണ്ടാൽ ഉടൻ ഇടപെടാൻ മാതാപിതാക്കളും ബന്ധുക്കളും ശ്രദ്ധിക്കണം. തുടക്കത്തിൽ ഇടപെട്ടാൽ രക്ഷിക്കുക എളുപ്പമാണ്. ലഹരിക്ക് കൂടുതൽ അടിമപ്പെടുമ്പോൾ ആക്രമണ പ്രവണത കാണിക്കും. മാതാപിതാക്കളെപ്പോലും ആക്രമിക്കാം. പരിധി കഴിഞ്ഞാൽ‌ തിരിച്ചു വരവ്  പ്രയാസകരമാണെന്നു കൂടി ഓർ‌ക്കുക. 

കുട്ടികളിൽ മാറ്റമുണ്ടോ? ശ്രദ്ധിക്കുക

കുട്ടികളും യുവാക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നോ എന്ന് അവരെ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ കണ്ടെത്താം. ഒറ്റയ്ക്കിരിക്കുക, പുതിയ കൂട്ടുകാർ ഉണ്ടാകുക, പഠനത്തിൽ ശ്രദ്ധ കുറയുക, താൽപര്യമുണ്ടായിരുന്ന വിഷയങ്ങളിൽ‌ നിന്ന് അകലുക, വ്യക്തിപരമായ കഴിവുകളിൽ നിന്നു പിന്നോട്ടു പോകുക, ദേഷ്യം വരുക എന്നിവ ശ്രദ്ധിക്കണം. മാതാപിതാക്കളും അധ്യാപകരും തമ്മിൽ ഇടയ്ക്കിടെ ആശയവിനിമയം നടത്തണം. എന്നാലേ കുട്ടികൾ സ്കൂളിൽ എങ്ങനെ പെരുമാറുന്നെന്ന് അറിയാനാകൂ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...