കാവ്യജീവിതത്തിന് വളക്കൂറുള്ള മണ്ണ്; ആകാശവാണി ഓര്‍മകള്‍

akkitham
SHARE

ഔദ്യോഗികജീവിതവും സര്‍ഗജീവിതവും കെട്ടുപിണഞ്ഞുകിടന്ന വഴികളിലൂടെയായിരുന്നു അക്കിത്തത്തിന്റെ സഞ്ചാരം. എന്തുകൊണ്ടും മഹാകവിയുടെ കാവ്യജീവിതത്തിന് ആകാശവാണിയിലെ ഔദ്യോഗികജീവിതം വളക്കൂറുള്ള മണ്ണുതന്നെയായിരുന്നു. 1956 മുതല്‍85വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളിലാണ് അക്കിത്തം  ജോലി ചെയ്തത്. കോഴിക്കോട് നിലയത്തില്‍ കവിയോടൊപ്പമുള്ള ഓര്‍മകളുടെ ഊഷ്മളതയിലാണ് കോഴിക്കോട് ആകാശവാണി നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി വിരമിച്ച കവി പി.പി.ശ്രീധരനുണ്ണി

ലളിതജീവിതം നയിച്ച കവി

1969 മുതലാണ് പിപി ശ്രീധരനുണ്ണി കോഴിക്കോട് ആകാശവാണിയില്‍  അക്കിത്തോടൊപ്പം ജോലി ചെയ്തത്. അന്ന് കവി അസി.എഡിറ്ററാണ്. ആകാശവാണിയില്‍ എത്തുന്നതിനുമുന്‍പ് തന്നെ അക്കിത്തം വലിയ കവിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമൊക്കെ പുറത്തിറങ്ങിയ ശേഷമാണ്. എന്നാല്‍ വലിയ ആരാധനയോടെ നോക്കിക്കണ്ട മഹാപ്രതിഭയുടെ ലാളിത്യത്തിന്റെ മുഖമാണ് പി.പി. ശ്രീധരനുണ്ണിയുടെ ഓര്‍മയിലുള്ളത്. ലാളിത്യമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വ്യക്തിപരമായി ഏറെ സൗഹൃദമുണ്ടായിരുന്നു.  വൈകുന്നേരങ്ങളില്‍ ആകാശവാണിക്കുമുന്നിലുള്ള കടപ്പുറത്തിനടുത്തെ  കടയില്‍ നിന്ന് മുറുക്കാനും വാങ്ങി കവിയോടൊപ്പം നടക്കാനിറങ്ങും. കാണുന്നവരോടൊക്കം ചിരിച്ചും സംസാരിച്ചുമായിരുന്നു കവിയുടെ നടപ്പ്. വലിയ കവിയാണെന്ന ഭാവമൊന്നും ഇല്ല. ഗാന്ധിഗൃഹത്തിലെ ഒരു കൊച്ചുമുറിയിലായിരുന്നു ഏറെക്കാലം താമസം. ഇടയ്ക്ക് അവിടെ സുഹൃത്തുക്കളെല്ലാം ഒത്തുകൂടും. സൗഹൃദവലയത്തിലേക്ക് എല്ലാവരേയും കൂട്ടുചേര്‍ക്കുന്നതായിരുന്നു പ്രകൃതം.എല്ലാവര്‍ക്കും സ്നേഹം വാരിക്കോരി കൊടുക്കാനും  മടിയില്ല

കമിഴ്ന്നുകിടന്നുള്ള കാവ്യരചന

കവിയുടെ എഴുത്തിലെ ശീലങ്ങളാണ് പി.പി.ശ്രീധരനുണ്ണിയുടെ ഓര്‍മയില്‍ ഓടിയെത്തുന്ന മറ്റൊരു പ്രത്യേകത. ഗാന്ധിഗൃഹത്തിലെ പുല്ലുപായയില്‍ കമിഴ്ന്നു കിടന്ന് കടലാസ് വച്ചായിരുന്നു കാവ്യരചന.ആരോടും ദേഷ്യം വരില്ല. എത്ര പ്രകോപനമുണ്ടായാലും അക്ഷോഭ്യനായ വ്യക്തിത്വമാണ് ശ്രീധരനുണ്ണിയുടെ മനസ്സിലെ മഹാകവി

ഔദ്യോഗികജീവിതം

നിലയത്തിലേക്ക് സ്ക്രിപിറ്റുകള്‍ എഴുതുക, പ്രഭാഷണങ്ങള്‍ രചിക്കുക, ഗാനങ്ങള്‍ രചിക്കുക ഇവയൊക്കെയായിരുന്നു കവിയുടെ അന്നത്തെ പ്രധാന ഔദ്യോഗിക ചുമതലകള്‍. നിമിഷ കവി കൂടിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ ശ്രീനാരായണ ഗുരു ജയന്തി ദിവസം,.സഹപ്രവര്‍ത്തകനും സംഗീതസംവിധായകനുമായ കെ.രാഘവന്‍ അക്കിത്തോട് പറഞ്ഞു, പെട്ടെന്ന് ഒരു പാട്ട് വേണം. നിമിഷനേരം കൊണ്ട് കവിയുടെ തൂലികയില്‍ അക്ഷരങ്ങള്‍ പിറന്നു. "ഭ്രാന്തശാലയില്‍ വീണ്ടും സൂര്യനുദിച്ചപ്പോള്‍

ശ്രീനാരായണബിംബം തന്നെ ശ്രീശങ്കരബിംബം" ആ സര്‍ഗവൈഭവം നേരിട്ട് കണ്ട ഓര്‍മകളില്‍ ഇപ്പോഴും അദ്ഭുതം കൂറുകയാണ് പി.പി.ശ്രീധരനുണ്ണി. ഒരു ഓണക്കാലത്ത് തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യാന്‍ ഒരു കവിതാപരപര വേണമെന്ന ഉറൂബിന്റെ ആവശ്യാനുസരണം അഞ്ച് ഖണ്ഡങ്ങളായി എഴുതിയ കവിതയാണ് ബലിദര്‍ശനം. കണ്ടവരുണ്ടോ, പൂശാരി രാമന്‍ എന്നിങ്ങനെ ഒട്ടേറെ കുട്ടിക്കവിതകളും ആകാശവാണിക്കുവേണ്ടി എഴുതിയിട്ടുണ്ട്. പണ്ടത്തെ മേല്‍ശാന്തി എന്ന പ്രശ്തമായ കവിതയ്ക്കും ആകാശവാണി അനുഭവങ്ങള്‍ തന്നെയാണ് പ്രചോദനം. ആകാശവാണിക്കുവേണ്ടി ഗാന്ധിമാര്‍ഗം പരിപാടി അവതരിപ്പിക്കാനായി ഗാന്ധിസാഹിത്യം മുഴുവന്‍ വായിച്ച കവിയായിരുന്നു അക്കിത്തം

പ്രതിഭകളുടെ സംഗമഭൂമി

അന്നത്തെ കോഴിക്കോട് ആകാശവാണി നിലയം അക്കിത്തം ഉള്‍പ്പെടെ പ്രതിഭകളുടെ സംഗമവേദി കൂടിയായിരുന്നുവെന്ന് കവി പി.പി ശ്രീധരനുണ്ണി പറയുന്നു. ഉറൂബ്, കക്കാട്, കൊടുങ്ങല്ലൂര്‍, തിക്കോടിയന്‍, യു.എ.ഖാദര്‍ ഇവരെല്ലാമായിരുന്നു നിലയത്തില്‍അക്കിത്തത്തിന്റെ സമകാലികര്‍.  കക്കാടും കൊടുങ്ങല്ലൂരും തിക്കോടിയനും ഒരു മുറിയില്‍. അക്കിത്തവും ഉറൂബും വിനയനും തൊട്ടടുത്ത റൂമില്‍. ഒന്ന് പൊട്ടിച്ചിരിച്ചാല്‍ അപ്പുറത്ത് കേള്‍ക്കവുന്ന കെട്ടിടത്തില്‍ പ്രതിഭകളെല്ലാം ഒരു കെട്ടിടത്തിനുകീഴില്‍ ..അതായിരുന്നു അന്നത്തെ ആകാശവാണി കോഴിക്കോട് നിലയം,ഇതിനുപുറമെ   കെ.പി.കേശവമേനോനും പ്രേജിയും മുണ്ടശേരിയും തകഴിയും വയലാറുമൊക്കെ  ഇടയ്ക്കെത്തും. കക്കാടും ഉറൂബുമായിരുന്നു കവിയുടെ ഉറ്റ ചങ്ങാതിമാര്‍ ഒരു കാലഘട്ടത്തിന്റെ ഏട് തന്നെയായിരുന്നു അന്നത്തെ ആകാശവാണി നിലയം. പില്‍ക്കാലത്ത് എഡിറ്ററായി അദ്ദേഹം തൃശൂര്‍ നിലയത്തിലേക്ക് കൂടുമാറിയെങ്കിലും  ആ കാലത്തിന്റെ ഊര്‍ജം ഇന്നും സഹപ്രവര്‍ത്തകരുടെ ഓര്‍മയില്‍ മായാതെ തന്നെയുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...