പാമ്പുകടിയേറ്റ് മരിച്ചു; കുടുംബത്തിന് വീട് പണിയാന്‍ വാവ സുരേഷ്; കനിവ് നീളുന്നു

vava-suresh
SHARE

വീട്ടിൽ കിടന്നുറങ്ങവേ പാമ്പുകടിയേറ്റാണ് ആദിത്യ എന്ന 10 വയസ്സുകാരി മരിച്ചത്. കൊല്ലം മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ കഴിയുന്ന രാജീവ്-സിന്ധു ദമ്പതികളുടെ മകളാണ് ആദിത്യ. തറയിൽ കിടന്നുറങ്ങുമ്പോഴാണ് ആദിത്യയെ പാമ്പ് കടിച്ചത്. നിരാലംബരായ ആ കുടുംബത്തിന് ആശ്രയമാകുകയാണ് ഇപ്പോൾ വാവ സുരേഷ്. 8 പേരോളം ആ കുഞ്ഞു കൂരയിൽ താമസിക്കുകയാണ്. അവർക്കിനിയെങ്കിലും അടച്ചുറപ്പുള്ള വീട് നൽകണം. അതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുരേഷ്. സുരേഷിന് വീട് വച്ച് നൽകാമെന്ന് ഏറ്റവരോട് ആ പണം ഈ കുടുംബത്തിന് നൽകാനും ആവശ്യപ്പെട്ടിരിക്കുന്നുവെന്ന് മനോരമ ന്യൂസ് ‍ഡോട് കോമിനോട് വാവ സുരേഷ് പറയുന്നു.

വാവ സുരേഷിന്റെ വാക്കുകൾ: ഒട്ടും നിവൃത്തിയില്ലാത്ത കുടുംബമാണ്. പാമ്പുകടിയേറ്റതിന് ശേഷം ഒരു ദിവസം ആ കുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ കിടക്കേണ്ടി വന്നിരുന്നു. അന്ന് തന്നെ ഏകദേശം 80,000 രൂപയോളം ആയി. അതൊക്കെ അവർക്ക് കടമായിട്ട് ഉണ്ട്. അതെല്ലാം കഴിച്ച് 1,80,000 രൂപയോളം അവരുടെ അക്കൗണ്ടിലേക്ക് ഇപ്പോൾ ഇട്ടു കൊടുത്തിട്ടുണ്ട്. ഇപ്പോൾ ആ വീട്ടിൽ ആ കുട്ടിയുടെ അച്ഛനും അമ്മയും സഹോദരിയും, അച്ഛന്റെ സഹോദരിയും 3 കുട്ടികളും അവിടെ ഉണ്ട്. കുട്ടയുടെ അമ്മയും അച്ഛന്റെ സഹോദരിയും രോഗികളാണ്. മൺകട്ട കൊണ്ട് കെട്ടിയ ആ കൂരയിലാണ് ഇവരെല്ലാവരും കഴിയുന്നത്. 1990–ൽ പണിത ഒരുമുറി വീടാണിത്. മേൽക്കൂരയെല്ലാം ഒടിഞ്ഞ് ഒരു കാറ്റടിച്ചാൽ തകരുന്ന നിലയാണ് നിൽക്കുന്നത്

ഒരാഴ്ചയ്ക്കകം പണി തുടങ്ങണമെന്നാണ് കരുതുന്നത്. എനിക്ക് വീട് പണിത് തരാമെന്ന് പറഞ്ഞത് മലപ്പുറത്തുള്ള കുറച്ച് ചെറുപ്പക്കാർ ചേർന്നുള്ള സംഘടനയാണ്. അതെനിക്ക് വേണ്ടയെന്ന് ഞാനവരോട് പറഞ്ഞു. എനിക്കാണെന്ന് കരുതി ആ കുടുംബത്തെ രക്ഷിക്കാൻ ആവശ്യപ്പെട്ടു. അവരത് സമ്മതിച്ചു. ഞാൻ ഇടനിലക്കാരനല്ലാതെ തന്നെ ആ കുടുംബത്തിന് നേരിട്ട് പണം കൈമാറാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ തന്നെ പണം നൽകും.

അവർക്കെത്ര കിട്ടുന്നുവോ അത് അവർക്ക് തന്നെ. ഞാനും കേരള യൂണിവേഴ്സ്റ്റിയില്‍ ഗവേഷകനായ ഡോ. ദിലീപ് സാറും വീട് സന്ദർശിച്ചിരുന്നു. ആ വീട്ടുകാര് മോളെ നഷ്ടപ്പെട്ട സങ്കടത്തിൽ നിന്ന് മോചിതരായിട്ടില്ല. നഷ്ടപ്പെട്ട് പോയതിനെ തിരിച്ച് കൊടുക്കാനാകില്ലല്ലോ. നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ഇതാണ്. ആ വീട്ടുകാർ പേടി കൂടാതെ ഉറങ്ങണം. 

ആദിത്യമോളുടെ ജീവൻ നഷ്ടപ്പെട്ടു. നാമെല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും കൊച്ചു കുട്ടികളെ തറയിൽ കിടത്തരുത്. തൊട്ടിലിലോ വലിയ കുട്ടികളാണെങ്കിൽ കട്ടിലിലോ തന്നെ കിടത്തണം. വാതിലുകളില്ലാത്ത വീടായിരുന്നു അത്. നിറയെ മാളങ്ങളും ഉണ്ട്. നമ്മളെല്ലാവരും നിർബന്ധമായും വാതിൽപ്പടി വയ്ക്കണം. അതു പോലെ തന്നെ ശുചിമുറിയിലെ ഓവുകൾ നന്നായി മൂടിയിരിക്കണം. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ് മരണം സംഭവിച്ച വർഷമാണ് 2020. അതുകൊണ്ട് നമ്മളെല്ലാവരും ശ്രദ്ധയോടെ ഇരിക്കണം എന്നു കൂടി എല്ലാവരോടും അപേക്ഷിക്കുകയാണ്. വാവ സുരേഷ് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...