കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് 'സി'കൾ; ഡബ്ല്യുഎച്ച്ഒ പറയുന്നത്...

covid-test
SHARE

സാധ്യമായ എല്ലാ കരുതൽ നടപടികളും ഒരുമിച്ചു പ്രയോഗിച്ചാൽ മാത്രമേ കോവിഡ് ബാധിക്കുന്നത് പരമാവധി ഒഴിവാക്കാൻ നമുക്ക് സാധിക്കൂ. ഇതിനായി ശ്രദ്ധിക്കേണ്ട മൂന്ന് 'സി'കൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. മാസ്ക് ധരിക്കുക, സാനിറ്റൈസ് ചെയ്യുക, സാമൂഹ്യ അകലം പാലിക്കുക എന്നീ പ്രതിരോധ മാർഗങ്ങൾക്കൊപ്പം ഈ മൂന്ന് 'സി'കൾ കൂടി പാലിക്കുന്നത് ഫലപ്രദമാകും. 

താഴെ പറയുന്നവയാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മൂന്ന് 'സി'കൾ:

1. Crowded Places - തിരക്കേറിയ സ്ഥലങ്ങൾ അഥവാ ആൾക്കൂട്ടം ഒഴിവാക്കൽ.

2. Close Contact Settings - അടുത്ത് ഇടപഴകും വിധം സമ്പർക്ക സാധ്യതയുള്ള അവസ്ഥ 

3.Confined and enclosed spaces - അടഞ്ഞ വായു സഞ്ചാരം കുറവുള്ള മുറികൾ 

ഓൺലൈൻ പർച്ചേസ് കൂടുതൽ ശീലമാക്കുക. നിലവിൽ പ്രാദേശിക കച്ചവടക്കാർ പോലും ഫോണിൽ വിളിച്ചു പറയുകയോ/ വാട്സ് ആപ്പ് വഴി ഓർഡർ ചെയ്യുകയോ ചെയ്‌താൽ വീട്ടു പടിക്കൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇതു പോലുള്ള ക്രമീകരണങ്ങൾ ഉപയോഗപ്പെടുത്തുക. സാമൂഹിക പരിരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ, റസിഡെന്റ്സ് അസോസിയേഷനുകൾ / പ്രാദേശിക സംഘടനകൾ / കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്ക് കഴിയും.  ഒരു റസിഡന്റ് ഏരിയയിലെ ഓരോ വീട്ടിലെയും പല ആളുകൾ പല ദിവസങ്ങളിലായി പല കടകളിലും പല ചന്തകളിലുമൊക്കെ ആയി അവശ്യ വസ്തുക്കൾ വാങ്ങാൻ ഇറങ്ങി നടക്കുന്നു എന്നു കരുതുക അത്രമേൽ രോഗവ്യാപന സാധ്യത കൂടും  

വിവിധ ആവശ്യങ്ങൾക്കായി  പ്രത്യേകം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു ആവശ്യമായ ചുരുക്കം ആൾക്കാരെ ഉൾപ്പെടുത്തി ടാസ്ക് ഗ്രൂപ്പുകൾ രൂപീകരിക്കാം. ഉദാ:  പലവ്യഞ്ജനങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ വാങ്ങാൻ നിക്ഷിപ്തമായ വ്യക്തികൾ പുറത്തുള്ള കടകൾ, സൂപ്പർ മാർക്കറ്റുകൾ, കൃഷിക്കാർ, പാൽ സൊസൈറ്റികൾ, മത്സ്യഫെഡ് ഔട്ട് ലെറ്റുകൾ എന്നിവയുമായി വസ്തുവകകൾ വിതരണം ചെയ്യാനുള്ള ഏർപ്പാട് ഉണ്ടാക്കാവുന്നതാണ്.

വയോധികർക്കും മറ്റും പാചക വാതകം പോലുള്ളവ എടുക്കാനും ഓൺലൈൻ ബില്ല് പേയ്‌മെന്റ്കൾ ചെയ്തു കൊടുക്കാനും സാങ്കേതിക അറിവുള്ളവർ സഹായിക്കാൻ സൗകര്യം ഉണ്ടാക്കാം. ഓൺലൈൻ ബില്ലടയ്‌ക്കാൻ സൗകര്യം ഇല്ലാത്തവർക്കു വേണ്ടി ആ സേവനം ചെയ്തു കൊടുക്കാൻ ഒരാളെ നിയോഗിക്കാവുന്നതാണ്. ഇതിലൂടെ വ്യക്തികൾ തമ്മിലുള്ള സമ്പർക്ക സാധ്യത പരമാവധി കുറയ്ക്കാം. ഇനി അഥവാ ഒരു വ്യക്തിക്ക് രോഗം വന്നാലും അയാൾ രോഗം പകർത്താനിടയുള്ള സാധ്യതയും ആളുകളുടെ എണ്ണവും പരമാവധി കുറയ്ക്കാം.

തിരക്ക് കണ്ടാൽ ഒഴിവാക്കുക. "ഇത്ര നാൾ  സാമൂഹികമായ ഇടപഴകലുകൾ ഇല്ലാതിരുന്ന മടുത്തു, ഇനി വയ്യ, എന്തേലും ആവട്ടെ അല്പം ഒന്ന് റിലാക്സ് ചെയ്തില്ലേൽ പറ്റില്ല" എന്ന നിലയ്ക്ക് ചിന്തിക്കുന്നവരുണ്ട്.  ഈ ചിന്താഗതി അപകടമാണ്, താൽക്കാലികമായ ഈ ഒരു "ഉന്മേഷവും" രോഗം വന്നാൽ ഉണ്ടാകാവുന്ന പ്രതിസന്ധികളുമായി തുലനം ചെയ്‌താൽ ഇത്തരം "റിലാക്സേഷനുകൾ" അത്ര റിസ്ക് എടുക്കാൻ പോന്ന മൂല്യമുള്ളതല്ല എന്ന് മനസ്സിലാവും. നാം നമ്മുടെയും മറ്റുളളവരുടെയും ആരോഗ്യമാണ് തുലാസ്സിലാക്കുന്നത്. 

ഹോട്ടലുകൾ / ക്യാന്റീനുകൾ എന്നിങ്ങനെയുള്ള ഭക്ഷണശാലകൾ പരമാവധി സമ്പർക്ക സാധ്യത ഒഴിവാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കഴിയുന്നതും പാഴ്സലുകൾ വാങ്ങണം. വായു സഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറികൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുന്നു. ഓഫിസ്  മുറികളും ജനാലകളും വാതിലുകളും തുറന്നിട്ട് പരമാവധി വായൂ സഞ്ചാരം ഉറപ്പാക്കണം. എ. സി പ്രവർത്തിപ്പിച്ചാൽ പോലും ജനാലകൾ തുറന്നിടണം.

ശുചിമുറികൾ ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കണം.  ഒരാൾ ഉപയോഗിച്ച് കഴിഞ്ഞു പരമാവധി സമയം കഴിഞ്ഞു വേണം അടുത്തയാൾ ഉപയോഗിക്കാൻ. കുറഞ്ഞത് രണ്ടു മിനിറ്റ് എങ്കിലും ഇടവേള പാലിക്കുക. വായു സഞ്ചാരം ഉറപ്പാക്കാൻ ശുചി മുറികളിൽ / ഇടുങ്ങിയ മുറികളിൽ  മുഴുവൻ സമയവും എക്സ്ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുക. ശുചിമുറിക്കുള്ളിലും മാസ്ക് ഉപയോഗിക്കുക. സ്പർശന സാധ്യത ഏറെയുള്ള ഡോർ ഹാൻഡിലുകൾ, ഫ്ലഷ് ബട്ടണുകൾ എന്നിവ ഉപയോഗിച്ച ശേഷവും ശുചിമുറികളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകളുടെ ശുചിത്വം ഉറപ്പാക്കുക. ടോയ്‌ലറ്റിന്റെ മൂടി അടച്ചു വച്ചതിനു ശേഷം ഫ്ലഷ് ചെയ്യുന്നതാവും ഉചിതം.

തുണി മാസ്‌ക്കുകൾ 4 -6 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാവൂ. മാസ്ക് അണുവിമുക്തമാക്കാതെ ഉപയോഗിച്ച് കൊണ്ടിരുന്നാൽ രോഗവ്യാപന സാധ്യത കൂടും. മാസ്ക് ഇടയ്ക്കു താഴ്ത്തി വച്ച് സംസാരിക്കുക, മാസ്കിന്റെ മുൻഭാഗത്ത് തൊടുക പോലുള്ള കാര്യങ്ങൾ പാടില്ല. അലക്ഷ്യമായി മാസ്ക് ഉപേക്ഷിക്കാൻ പാടില്ല, ഉപയോഗിച്ച മാസ്ക് കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും കയ്യിൽ എത്താതെ സൂക്ഷിക്കണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...