ഏറ്റവും ബോറൻ ഭക്ഷണം ഇഡ്ഡലി? ട്വിറ്ററിൽ യുദ്ധം; പോരിൽ തരൂരും

idlytharoor-10
SHARE

ലോകത്തിലേക്കും ഏറ്റവും ബോറൻ ഭക്ഷണം ഇഡ്ഡലിയാണെന്ന് ഒരു ആരെങ്കിലും പറഞ്ഞാൽ ദക്ഷിണേന്ത്യക്കാരൻ ചുമ്മാതെ കേട്ടിട്ട് പോരുമോ. ഒരു വഴിയുമില്ലെന്ന് ട്വിറ്ററിന് ബോധ്യമായത് ഇന്നലെയാണ്. ആളുകൾ ഇത്രയധികം ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾക്ക് ഇനിയും മനസ്സിലായിട്ടില്ലാത്ത ഭക്ഷണമേത് എന്നൊരു ചോദ്യം സൊമാറ്റോ ചോദിച്ചു. ഇതോടെയാണ് ആവി പാറിയ വിവാദം തുടങ്ങിയത്. കേംബ്രിജ് പ്രഫസറും ഇന്ത്യൻ സംസ്കാരത്തിൽ ഗവേഷണം നടത്തുന്നയാളുമായ എഡ്വേഡ് ആൻഡേഴ്സൺ ലോകത്തിലെ ഏറ്റവും ബോറൻ ഭക്ഷണം ഇഡ്ഡലി ആണെന്ന് ട്വീറ്റ് ചെയ്തു. ഇതോടെ ഇഡ്ഡലി ഫാൻസ് , ഇഡ്ഡിലുടെ രുചിയും മണവും ഗുണവും കോമ്പിനേഷനുമെല്ലാം വർണിച്ച് എത്തി. 

ശശി തരൂരിന്റെ മകനും പത്രപ്രവർത്തകനുമായ ഇഷാൻ തരൂർ ഇതിനു മറുപടി പറഞ്ഞു. പിന്നാലെ ശശി തരൂരും എൻ.എസ്. മാധവനും രംഗത്തെത്തി. ഇഡ്ഡലി മാവ് കൃത്യമായി പുളിച്ചാൽ അതിലും മികച്ച രുചിയില്ലെന്നാണ് തരൂർ പറയുന്നത്. കടുകു വറത്തിട്ട തേങ്ങാച്ചമ്മന്തിയും മുളകരച്ച ഉള്ളിച്ചമ്മന്തിയും ഇഡ്ഡലിയുടെ ബെസ്റ്റ് കോംപിനേഷനാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

ഇഡ്ഡലി ബോറനോ ത്രില്ലറോ എന്ന ചർച്ചയ്ക്കിടെ ഇഡ്ഡലിയുടെ കൂടെ നല്ലത് സാമ്പാറോ തേങ്ങാച്ചമ്മന്തിയോ അതോ നല്ല മട്ടൻ ചാപ്സോ എന്ന മട്ടിലും ചർച്ച തുളുമ്പി. ഇഡ്ഡലിയുടെ ദ്രവീഡിയൻ വേരുകളെക്കുറിച്ച് സൈദ്ധാന്തിക ചർച്ചയും ഫ്രൈഡ് ഇഡ്ഡലിയുടെ ന്യൂജെൻ മുഖവും ചർച്ച കൊഴുപ്പിച്ചു. ഇഡ്ഡലിയെ പുകഴ്ത്തുന്ന മലയാളികളുടെ തേങ്ങച്ചമ്മന്തിയും സാമ്പാറും അത്ര പോരെന്നും തമിഴരും കന്നിഡഗരുമാണ് ഇക്കാര്യത്തിൽ മുന്നിലെന്നുമായിരുന്നു കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ ട്വീറ്റ്. ഇഡ്ഡലിയോട് മാത്രമേ ഇഷ്ടക്കുറവുള്ളൂവെന്നും ബാക്കിയൊക്കെ ഗംഭീരമാണെന്നും ആൻഡേഴ്സൺ പിന്നീട് പറഞ്ഞുവെങ്കിലും കാര്യമുണ്ടായില്ല. പ്രശസ്ത കാമറാമാൻ വേണുവിന്റെയും ബീനാപോളിന്റെയും മകളുടെ ഭർത്താവാണ് പ്രൊഫസർ ആൻഡേഴ്സൺ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...