കോവിഡ് കാലത്തെ മനസ്സ്; തോല്‍പിക്കണം വിഷാദത്തെ; ചേര്‍ത്തുപിടിക്കാം

mentalhealth-10
SHARE

മാസ്കണിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്ന് കരുതിയതല്ല. അത് അസുഖകരവുമാണ്. പക്ഷേ കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത്തരം ചില ശീലങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഈ മാസ്ക് അഴിച്ച് നന്നായൊന്ന് ശ്വാസമെടുക്കണം. തൊട്ടടുത്തെങ്ങോ ഉള്ള അദൃശ്യ വൈറസിനെക്കുറിച്ചുള്ള ആകുലതകളില്ലാതെ ആള്‍ക്കൂട്ടത്തിലൂടെ സ്വതന്ത്രമായി നടക്കണം. പ്രിയപ്പെട്ടവരെ കാണുമ്പോള്‍ കൈ കൊടുക്കണം, കെട്ടിപ്പിടിക്കണം. അത്രമേല്‍ വലുതാണ്  വിലക്കപ്പെട്ട ആ ശീലങ്ങള്‍. വിഡിയോ കാണാം.  

മുഖംമറച്ച്, കയ്യകലം പാലിച്ച്, ഭൗതികമായ പങ്കുവയ്ക്കലുകളില്ലാതെ, സാമൂഹ്യ ജീവിയില്‍ നിന്ന് അവനവനിലേക്ക് ചുരുങ്ങാനാണ്  നമ്മളോരുരുത്തരേയും കോവിഡ് നിര്‍ബന്ധിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ ഒരു വിനോദയാത്ര, തിയറ്ററിലിരുന്ന് കടലയും പോപ്കോണും കൊറിച്ച് ഒരു സിനിമ, ഹോട്ടലില്‍ മേശയ്ക്കുചുറ്റുമിരുന്ന് പരസ്പരം പങ്കുവയ്ക്കുന്ന ഭക്ഷണം... സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റെയും ആ ആഘോഷങ്ങളെ കോവിഡ് കവര്‍ന്നെടുത്തു. വിരസതയും ഒറ്റപ്പെലും ഏകാന്തതയും ബാക്കിയാവുന്നു.  

കോവിഡിനേക്കാള്‍ ഭയപ്പെടേണ്ടത് അതുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളാണ്. ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും അത്രമേല്‍ വലുതാണ്.  ക്വാറന്റീന്‍ കേന്ദ്രങ്ങളിലും ഐസലേഷന്‍ വാര്‍ഡുകളിലുംജീവനൊടുക്കിയവരുടെ എണ്ണം ഡസനിലധികം വരും. രോഗഭീതിയേക്കാള്‍ അവരെ ആകുലപ്പെടുത്തിയത് ഒറ്റപ്പെടലിന്റെ വേദനയായിരിക്കാം.

കോവിഡാനന്തരം ലോകത്തെ കാത്തിരിക്കുന്നത് പട്ടിണിയും വിഷാദ രോഗവുമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലും വിഷാദരോഗികളുടെ എണ്ണം അനുദിനം കൂടുന്നതായി കണക്കുകള്‍ പറയുന്നു. കോവിഡിന്റെ ആകുലതകള്‍ക്കൊപ്പം ഇതും ചേര്‍ത്തുവായിക്കേണ്ടതാണ്.

മാനസികാരോഗ്യത്തെ നമ്മള്‍ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതും പ്രധാനമാണ്. മനോരോഗിയെ ഭ്രാന്തനെന്ന് മുദ്രകുത്തുന്നവര്‍ ഇന്നും നമുക്ക് ചുുറ്റുമുണ്ട്. വിഷാദരോഗമടക്കം അനുഭവപ്പെടുമ്പോഴും പലരും ഡോക്ടറെ കാണാന്‍ മടിക്കുന്നതും അതുകൊണ്ടാണ്.  

കോവിഡിനൊപ്പം ജീവിക്കാന്‍ നമ്മളും ശീലിച്ചു. പക്ഷേ ഒന്നും പഴയതുപോലെയല്ല. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരും ഏറെ. ഭാവി അവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. പ്രായമായവരുടെയും കുട്ടികളുടെയും സ്ഥിതി ദയനീയമാണ്. മാസങ്ങളായി പലരും പുറത്തിറങ്ങിയിട്ട്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ് എന്ന പുതിയ പഠനരീതി ശീലിച്ചു. പക്ഷേ പുറംലോകവുമായി അവര്‍ക്ക് ബന്ധം നഷ്ടപ്പെടുന്നു. സ്കൂളുകളും കലാലയങ്ങളും പകര്‍ന്നുനല്‍കുന്ന സിലബസിന് പുറത്തെ പാഠങ്ങളാണ് അവര്‍ക്ക് അന്യമാവുന്നത്. ഇതെല്ലാം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശനങ്ങളും വലുതാണ്.  

തിരയെണ്ണി നടന്ന കടല്‍ തീരവും കുളിര്‍ കാറ്റേറ്റിരുന്ന ഉദ്യാനങ്ങളും എത്രമേല്‍ വിലപ്പെട്ടതായിരുന്നുവെന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നു. വിനോദയാത്രകളും വിവാഹ യാത്രകളും ഉല്‍സവങ്ങളും പെരുന്നാളും ആഘോഷങ്ങള്‍ മാത്രമായിരുന്നില്ല. മനസിന്റെ ആനന്ദം കൂടിയായിരുന്നു.

നാളെ വാക്സിനെത്തിയേക്കാം കോവിഡ് അകന്നേക്കാം. അതൊരു പ്രതീക്ഷയാണ്. കോവിഡാനന്തര കാലത്തേക്ക് കരുത്തുള്ള മനസുകൂടി കാത്തുവയ്ക്കണം. അതിനുകഴിയട്ടെ എന്ന് പ്രതീക്ഷിക്കാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...