മോഹന്‍ലാലിനായി പത്തടിയിൽ വിശ്വരൂപ ശില്‍പം; അദ്ഭുതക്കാഴ്ച

mohanlal2-viswaroopam
SHARE

നടന്‍ മോഹന്‍ലാലിനായി പത്തടി ഉയരമുള്ള വിശ്വരൂപ ശില്‍പം തിരുവനന്തപുരത്ത് ഒരുങ്ങുന്നു. മഹാഭാരത യുദ്ധസമയത്ത് അര്‍ജുനന് ശ്രീകൃഷ്ണന്‍ നല്‍കിയ വിശ്വരൂപദര്‍ശനമാണ് മരത്തിലുള്ള ശില്‍പത്തിന് ആധാരം. വെള്ളൂര്‍ സ്വദേശിയായ നാഗപ്പന്റെ നേതൃത്വത്തില്‍ ഒമ്പതുശില്‍പികള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ ശില്‍പത്തിന്റെ പണിപ്പുരയിലാണ്.

കുരുക്ഷേത്ര യുദ്ധഭൂമിയില്‍ എതിര്‍പക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് വിവശനായി തളര്‍ന്നിരുന്ന അര്‍ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണന്‍.. വിശ്വരൂപത്തിന്റെ മധ്യത്തില്‍ മഹാവിഷ്ണു. ഇരുവശങ്ങളിലുമായി ദേവഗുരു ബൃഹസ്പതി, നരസിംഹം, ഗണപതി, ശ്രീരാമന്‍, ശിവന്‍, ശ്രീകൃഷ്ണന്‍, ഇന്ദ്രന്‍, ഹനുമാന്‍, ഗരുഡന്‍, അസുരഗുരു ശുക്രാചാര്യര്‍ എന്നിവരും.

ദശാവതാരം മാലയായി കൊത്തിയിരിക്കുന്നു. മുന്നിലെ കാഴ്ച ഇങ്ങനെയാണെങ്കില്‍ ശില്‍പത്തിന്റെ പിന്നില്‍ പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനാണ്. മഹാഭാരതം കേട്ടെഴുതാന്‍ ഗണപതിയെ സമീപിക്കുന്ന വ്യാസന്‍ മുതല്‍ യുധിഷ്ഠിരന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥാസന്ദര്‍ഭങ്ങള്‍ ശില്‍പത്തിന്റെ ചുറ്റും കൊത്തിവച്ചിരിക്കുന്നു.

ചെറുതുംവലുതുമായ നാനൂറിലേറെ രൂപങ്ങള്‍ ഇതിലുണ്ട്. കുമിള്‍ മരത്തിലാണ് ശില്‍പത്തിന്റെ നിര്‍മാണം. പൂര്‍ത്തിയാകാന്‍ ഇനി മൂന്നുമാസമെങ്കിലുമെടുക്കും. വിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത്രയും വലിപ്പത്തില്‍ ഇതുവരെ ആരും വിശ്വരൂപം കൊത്തിയിട്ടില്ലെന്നും അതിനാല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് താനെന്നും നാഗപ്പന്‍ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...